പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകള്‍ക്ക് മീതെ ദേശീയ നേതൃത്വം നേരിട്ട് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും ശോഭാ സുരേന്ദ്രന് വലിയ പരാജയമാണ് കഴക്കൂട്ടത്ത് നേരിടേണ്ടി വന്നിരിക്കുന്നത്...
തിരുവനന്തപുരം: എ പ്ലസ് മണ്ഡലമായ കഴക്കൂട്ടത്ത് കരുത്തുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് ഉറപ്പിച്ചാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങിയത്. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും കഴക്കൂട്ടം ഒഴിച്ചിട്ടത് എല്‍ഡിഎഫിന്റെ കടകംപളളി സുരേന്ദ്രനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഒരുവേള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവരുന്ന വ്യക്തിയാകും സ്ഥാനാര്‍ത്ഥി എന്നുവരെ അഭ്യൂഹമുണ്ടായി. പക്ഷേ സംസ്ഥാന നേതൃത്വങ്ങളെ വേട്ടി, ശോഭാ സുരേന്ദ്രനെന്ന മുതിര്‍ന്ന നേതാവിനെ, ദേശീയ നേതൃത്വം നേരിട്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകള്‍ക്ക് മീതെ ദേശീയ നേതൃത്വം നേരിട്ട് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും ശോഭാ സുരേന്ദ്രന് വലിയ പരാജയമാണ് കഴക്കൂട്ടത്ത് നേരിടേണ്ടി വന്നിരിക്കുന്നത്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത് മുതലുള്ള പടലപ്പിണക്കങ്ങള്‍ക്കിടെ വീണുകിട്ടിയ അവസരം മുതലാക്കി ശോഭ ചോദിച്ചുവാങ്ങിയ സീറ്റായിരുന്നു കഴക്കൂട്ടത്തേത്. എന്നിട്ടും ശോഭ സുരേന്ദ്രന്‍ പിന്തള്ളപ്പെട്ടു. 40193 വോട്ടാണ് ശോഭ നേടിയത്. കടകംപള്ളിയാകട്ടെ 62176 വോട്ട് നേടി.
undefined
കഴക്കൂട്ടം സീറ്റ് ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കുന്നത് വഴി ശോഭാ സുരേന്ദ്രനെവെട്ടാനുള്ള മുരളീധരന്റെയും സുരേന്ദ്രന്റെയും നീക്കങ്ങളെ തള്ളിയാണ് ദേശീയ നേതൃത്വം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ശബരിമല വിഷയവും അസുരനിഗ്രഹവുമെല്ലാം പറഞ്ഞ് മാത്രമായിരുന്നു ഇവിടെ പ്രചാരണം. സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നുകൂടിയായിരുന്നു കഴക്കൂട്ടത്തേത്. കടംകപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചതുമുതല്‍ വിഷയം തങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ബിജെപി ശ്രമിച്ചു. എന്നിട്ടും ഫലം വന്നപ്പോള്‍ ബിജെപിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശോഭാ സുരേന്ദ്രനായില്ല.
വോട്ട് ഉറപ്പാക്കുന്ന പ്രചാരണ ഉപാധി എന്ന നിലയില്‍ ശബരിമല വിഷയം അമിതമായി ഉന്നയിക്കപ്പെട്ടത് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒന്നിച്ച് ഇടതുമുന്നണിക്ക് പോയതും പരാജയത്തിന്റെ ആഴം കൂട്ടുന്നതായി കരുതുന്നു. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ ശബരിമല വിഷയം വീണ്ടും എടുത്തിട്ടത് വോട്ടായിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ശബരിമല വിഷയം ഉന്നയിച്ച കഴക്കൂട്ടത്ത് മാത്രമല്ല, മറ്റ് മണ്ഡലങ്ങളിലും ഇടതുപക്ഷ മുന്നണി നേട്ടം കൊയ്യുകയായിരുന്നു.
ടെക്‌നോപാര്‍ക്ക് അടക്കമുള്ള സംസ്ഥാനത്തിന്റെ ടെക്‌നിക്കല്‍ ഹബ്ബുകളിലൊന്നായ കഴക്കൂട്ടത്ത് 'വികസനം' എന്നത് സാദ്ധ്യതകളേറിയ വിഷയമായിരുന്നു. എന്നാല്‍, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വികസന വിഷയം കൈകാര്യം ചെയ്യപ്പെട്ടില്ല. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങളും പരാജയത്തിന്റെ കാരണമായതായി കരുതുന്നു.