സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ പിണറായിക്ക് കിട്ടിയത് ഭരണത്തുടർച്ച. ചരിത്രം വഴിമാറ്റിയ എൽഡിഎഫ് തേരോട്ടത്തിൽ യുഡിഎഫ് തകർന്ന് തരിപ്പണമായി.
ദില്ലി: സംസ്ഥാനത്ത് എല്‍ഡിഎഫ് വമ്പന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ യുഡിഎഫിന് ഉണ്ടായത് വന്‍ നഷ്ടമാണ്. നേമം തിരിച്ചുപിടിച്ച് ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടി. സിപിഎമ്മിലെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ നഷ്ടം മേഴ്സിക്കുട്ടിയമ്മയുടെ പരാജയം.
മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലയിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, തൃശൂർ അടക്കം ടേം വ്യവസ്ഥയിൽ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി.