തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എത്തിയില്ല; പിവി അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

By Web Team  |  First Published Mar 1, 2021, 8:08 AM IST

താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വറിന്റെ മടങ്ങിവരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.
 


നിലമ്പൂര്‍: തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പി വി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം നിലമ്പൂരില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്ഥാനാര്‍ത്ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അന്‍വറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. രണ്ട് മാസങ്ങളായി പിവി അന്‍വര്‍ എംഎല്‍എ നിലമ്പൂരില്ല. 

നിലമ്പൂരിലെന്നല്ല ഇന്ത്യയില്‍ തന്നെ അദ്ദേഹം ഇല്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തില്ല. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഒടുവില്‍ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി. 

Latest Videos

undefined

താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വറിന്റെ മടങ്ങിവരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടയില്‍ പകരം സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ നേതാവായ വിഎം ഷൗക്കത്തിന്റേതടക്കം ചില പേരുകളും മണ്ഡലത്തില്‍ പ്രചരിച്ചു. എന്നാല്‍ വിജയ സാധ്യത പിവി അന്‍വറിന് തന്നെയാണെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം.

ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഈ ആഴ്ച്ച അവസാനത്തോടെ പിവി അന്‍വര്‍ നാട്ടിലെത്തുമെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അപ്പോഴും പക്ഷെ ഏഴ് ദിവസത്തെ ക്വാറന്റീനും കഴിഞ്ഞുമാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാനാവൂ.

click me!