അഴിമതിക്കെതിരായ ജനവികാരം തുണയായി; പി രാജീവ് ജയിച്ചു കയറി

By Web Team  |  First Published May 2, 2021, 10:30 PM IST

ഇബ്രാഹിം കുഞ്ഞിൻറെ കണക്കു കൂട്ടലുകളെല്ലാം തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇടതുമുന്നണിയുടെ ജയം. തുടക്കം മുതൽ അവസാനം വരെ എല്ലാ പഞ്ചായത്തിലും അധിപത്യം ഉറപ്പിച്ചാണ് പി രാജീവ് ജയിച്ചു കയറിയത്.


കൊച്ചി: മുസ്ലീംലീഗിലെ പാളയത്തിൽ പടയും, അഴിമതിക്ക് എതിരായ ജനവികാരവുമാണ് കളമശ്ശേരിയിൽ യുഡിഎഫിൻറെ തോൽവിക്ക് വഴിവെച്ചത്. ഇടതു മുന്നണിപോലും പ്രതീക്ഷിക്കാത്തത്ര ഉയരത്തിലേക്കാണ് പി രാജീവ് ജയിച്ചു കയറിയത്.

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന് ഇത്തവണ മുസ്ലീംലീഗ് സീറ്റ് നിഷേധിച്ചത്. പകരം മകൻ അബ്ദുൾ ഗഫൂറിനെ രംഗത്തിറക്കിയതോടെ ലീഗ് ജില്ലാ നേതൃത്വം ഇടഞ്ഞു. ഒപ്പം കോൺഗ്രസിലെ ഒരു വിഭാഗവും പരസ്യമായി രംഗത്തെത്തി. ലീഗ് നേതാവ് അഹമ്മദ് കബീർ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.  ഇതിനെയെല്ലാം ഇബ്രാഹിംകുഞ്ഞ് തൻറെ സ്വാധീനം ഉപയോഗിച്ച് മറികടന്ന് മകനെ തന്നെ രംഗത്തിറക്കി. എന്നാൽ ഇബ്രാഹിം കുഞ്ഞിൻറെ കണക്കു കൂട്ടലുകളെല്ലാം തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇടതുമുന്നണിയുടെ ജയം. തുടക്കം മുതൽ അവസാനം വരെ എല്ലാ പഞ്ചായത്തിലും അധിപത്യം ഉറപ്പിച്ചാണ് പി രാജീവ് ജയിച്ചു കയറിയത്.

Latest Videos

യുഡിഎഫ് ലീഡ് പ്രതീക്ഷിച്ച ആലങ്ങാടും, കടുങ്ങല്ലൂരും, കളമശ്ശേരി മുനിസിപ്പാലിറ്റിയുമെല്ലാം അബ്ദുൾ ഗഫൂറിനെ കൈവിട്ടു. കഴിഞ്ഞ തവണ 12118 വോട്ടുകൾക്ക് വി കെ ഇബ്രാഹിംകുഞ്ഞ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ 15336 വോട്ടുകളുടെ തോൽവി മകന് ഏറ്റുവാങ്ങേണ്ടി വന്നു. എൻഡിഎ യുടെ വോട്ട് 24244 ൽ നിന്നും 11,179 ആയി കുറയുകയും ചെയ്തു.
 

click me!