തഴവ എച്ച്എസ്എസ് അധ്യാപകൻ കെ.ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയത്. പാറശ്ശാലയിലും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊല്ലം: തപാൽ വോട്ട് ഇരട്ടപ്പിന് കൂടുതൽ തെളിവുകൾ. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ് അധ്യാപകൻ കെ.ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയത്. അന്വേഷിക്കാൻ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൊല്ലം കളക്ടര്‍ നിര്‍ദേശം നല്‍കി.
സമാനമായ രീതിയിൽ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് കിട്ടിയെന്നും സംശയമുണ്ട്. ക്രമക്കേടിനെ പറ്റി വ്യക്തിപരമായ പരാതികൾ കിട്ടിയിട്ടില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ പറയുന്നു. പല രാഷ്ട്രീയ പാർട്ടികളും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷിക്കാൻ റിട്ടേണിങ്ങ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
undefined
പാറശ്ശാലയിലും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. വാട്ടര്‍ അതോററ്റിയിലെ ഉദ്യോഗസ്ഥനാണ് വീണ്ടും തപാൽ വോട്ട് വീട്ടിലെത്തിയത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണ തപാൽ വോട്ട് ചെയ്യൂന്നതിന് പ്രത്യേക കേന്ദ്രം ഒരുക്കിയിരുന്നു. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അർഹതയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് 1 മുതൽ 3 വരെയായിരുന്നു ഈ സൗകര്യം. മൂന്നിന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്ന ഉദ്യോഗസ്ഥർക്കാണ് ഇനി തപാൽ വോട്ട് ചെയ്യാൻ അവസരമുള്ളത്.
എന്നാൽ പ്രത്യേക കേന്ദ്രത്തിൽ തപാൽ വോട്ട് ചെയ്തവർക്ക് വീണ്ടും തപാൽ വോട്ട് വരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമെന്നാണ് ആവശ്യം. ഒറ്റപ്പെട്ട ചില പരാതികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. മേൽവിലാസത്തിൽ ഉണ്ടായ മാറ്റം ഉൾപ്പടെയുള്ളവയാകും വീണ്ടും തപാൽ വോട്ട് വന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.