സാമുദായക വോട്ടുകൾ ഭിന്നിച്ച് പോകാതെ നിലനിര്‍ത്താൻ ഇടതുമുന്നണിയും യുഡിഎഫും ശ്രമിച്ചെങ്കിലും അന്തിമ വിജയം ഇടതുമുന്നണി സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു
കോട്ടയം: ഒറ്റയാൻ പോരാട്ടത്തിൽ പൂഞ്ഞാറിൽ അടിപതറി പിസി ജോര്‍ജ്ജ്. വീറും വാശിയും ഏറിയ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ തട്ടകം കൈവിട്ട് പിസി ജോര്‍ജ്ജ് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ഏഴ് തവണ പൂഞ്ഞാറിൽ ജയിച്ച് കയറിയ പിസി ജോർജ്ജ് ഇത്തവണയും മുന്നണി ചട്ടക്കൂടിൽ നിന്ന് മാറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിന് ഇറങ്ങയതെങ്കിലും പൂഞ്ഞാറിന്റെ ജനവിധി ഇടതുമുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഒപ്പം നിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടോമി കല്ലാനിയും എൻഡിഎ സ്ഥാനാര്‍ത്ഥിയായി എംപി സെന്നും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാമണ്ഡലം കൂടിയാണ് . മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻതൂക്കം ഉള്ള മേഖലകളിൽ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ പോലും ഇത്തവണ പിസി ജോർജ്ജിനെ കൈവിട്ടു.
undefined
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27821 വോട്ടിനാണ് കഴിഞ്ഞ തവണ പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ ജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ്ചര്‍ച്ചകൾക്ക് മുമ്പ് യുഡിഎഫുമായി സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മുന്നണികൾക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ പോരാട്ടത്തിനിറങ്ങുകയായിരുന്നു. ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി സംസാരിക്കുകയും ആരുടെ വോട്ടും താൻ സ്വീകരിക്കുമെന്ന് പറയുകയും ചെയ്ത പിസി ജോര്‍ജ്ജ് അക്ഷരാര്‍ത്ഥത്തിൽ അഗ്നി പരീക്ഷ നേരിട്ടാണ് പരാജയം ഏറ്റുവാങ്ങുന്നത്.
ഈരാറ്റുപേട്ടയിലെ ന്യൂനപക്ഷ വിഭാങ്ങളിൽ നിന്ന് അടക്കം പരസ്യമായ എതിര്‍പ്പ് പ്രചാരണ വേദിയിൽ നേരിട്ട പിസി ജോര്‍ജ്ജ് എതിര്‍ക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായി ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണത്തിന് ശ്രമിച്ച പിസി ജോർജ്ജിന് പക്ഷെ അടിപതറിയെന്നാണ് ഫലസൂചന.
സാമുദായക വോട്ടുകൾ ഭിന്നിച്ച് പോകാതെ നിലനിര്‍ത്താൻ ഇടതുമുന്നണിയും യുഡിഎഫും ശ്രമിച്ചെങ്കിലും അന്തിമ വിജയം ഇടതുമുന്നണി സ്ഥാനാർത്ഥിയെ തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി നേരിയ ഭൂരിപക്ഷം പൂഞ്ഞാറിൽ നേടിയരുന്നു.