കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബിജെപി നേതാക്കളിലേക്ക്; ആര്‍എസ്എസുകാരന്‍റെ പണമാണ് നഷ്ടമായതെന്ന് പൊലീസ്

By Web Team  |  First Published Apr 29, 2021, 12:00 PM IST

പരാതിയില്‍ ഉള്ളതിനെക്കാള്‍ കൂടുതൽ തുക പിടിച്ചെടുത്തിട്ടുണ്ടെന്നും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


തൃശ്ശൂര്‍: കൊടകര കവര്‍ച്ച കേസന്വേഷണം ബിജെപി-ആര്‍എസ്എസ് നേതാക്കളിലേക്ക് നീങ്ങുന്നു. ആര്‍എസ്എസുകാരന്‍റെ പണമാണ് നഷ്ടമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പണം കൊടുത്ത ധർമ്മരാജൻ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പറഞ്ഞു. ധർമ്മരാജന് പണം നല്‍കിയത് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്നാണ് മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവമോര്‍ച്ച മുന്‍ ട്രഷനനായ സുനിലിനെ പൊലീസ് ചോദ്യം ചെയ്തു. പരാതിയില്‍ ഉള്ളതിനെക്കാള്‍ കൂടുതൽ തുക പിടിച്ചെടുത്തിട്ടുണ്ടെന്നും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, താൻ ആർഎസ്എസ് പ്രവർത്തകൻ തന്നെയെന്ന് ധർമരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറുപ്പം മുതൽ ശാഖയിൽ പോയ ആളാണ് താന്‍. ബിസിനസ് ആവശ്യത്തിന് കൊടുത്തുവിട്ട 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നും ധർമരാജ് പ്രതികരിച്ചു. ധർമരാജനും താനും വർഷങ്ങളായി ബിസിനസ് പങ്കാളികളാണെന്ന് സുനിൽ നായ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, കൊടകരയിലെ പണവുമായി തനിക്ക് ബന്ധമില്ലെന്നാണ് സുനിൽ നായ്ക്ക് പറയുന്നത്.

Latest Videos

ഒൻപതാം പ്രതി ബാബുവിന്‍റെ വീട്ടിൽ നിന്നാണ് നഷ്ടപ്പെട്ട 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. പിടിയിലായ ഷുക്കൂറിൽ നിന്നും മുപ്പതിനായിരം രൂപയും ഐ ഫോണ്‍ ഉൾപ്പെടെ വാങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

click me!