'കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് സമിതി ഒരു ചർച്ചയും നടത്തിയിട്ടില്ല'
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിട്ടത്. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജിപ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന.
കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി സി ചാക്കോ ആരോപിക്കുന്നു.
വളരെ നാടകീയമായ പ്രഖ്യാപനമാണ് പി സി ചാക്കോ നടത്തിയിരിക്കുന്നത്. നാല് തവണ എംപിയായ വ്യക്തിയാണ് പി സി ചാക്കോ. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ മുഖമായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്ന് പി സി ചാക്കോ ആരോപിക്കുന്നു. കേരളത്തിൽ പാർട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്ഥാനാർത്ഥിനിർണയത്തെക്കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ല. മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാർത്ഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെതിരെ താനും വി എം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിക്കുന്നു.
ഹൈക്കമാൻഡിനെതിരെ ചാക്കോ
ദേശീയതലത്തിൽ പാർട്ടി സജീവമല്ലെന്ന് ചാക്കോ ആരോപിക്കുന്നു. ബിജെപിക്കെതിരെ മുഖ്യശക്തിയാവാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹൈക്കമാൻഡിൽ ജനാധിപത്യമില്ല. ഗ്രൂപ്പുകാരനായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ഇതിന് ഹൈക്കമാൻഡിന്‍റെ സംരക്ഷണവുമുണ്ടെന്നും ചാക്കോ ആരോപിക്കുന്നു. ഇതിനെല്ലാം കാരണം കേരളത്തിലെ കോൺഗ്രസിന്‍റെ അപചയമെന്നും ചാക്കോ ആരോപിക്കുന്നു.
നാല് തവണ എംപിയായ നേതാവാണ് പി സി ചാക്കോ. ഇടുക്കി, തൃശ്ശൂർ, മുകുന്ദപുരം മണ്ഡലങ്ങളെ ലോക്സഭയിൽ ചാക്കോ പ്രതിനിധീകരിച്ചിട്ടുണ്ട്. എഴുപതുകളിൽ യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ചാക്കോ, യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1975-ൽ കെപിസിസി ജനറൽ സെക്രട്ടറിയായ ചാക്കോ, 1980-ൽ വ്യവസായമന്ത്രിയുമായി. 1982 മുതൽ 1986 വരെ കോൺഗ്രസ് എസ്സിൽ പ്രവർത്തിച്ചു അദ്ദേഹം. ആദ്യമായി 1991-ൽ തൃശ്ശൂരിൽ നിന്നാണ് ആദ്യമായി ചാക്കോ ലോക്സഭയിലെത്തുന്നത്. പിന്നീട് ദേശീയരാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ചാക്കോ, പല ഉന്നതപദവികളും വഹിച്ചിട്ടുണ്ട്. ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമെന്‍ററി സമിതിയുടെ അധ്യക്ഷനായിരുന്നു ചാക്കോ. പിന്നീട് ദില്ലി അടക്കം വിവിധ സംസ്ഥാനങ്ങളുടെ ചുമതലയും ചാക്കോയ്ക്ക് ഹൈക്കമാൻഡ് നൽകി.
എന്നാൽ ആദ്യകാലത്തുണ്ടായിരുന്ന സ്വാധീനം ഇന്ന് ചാക്കോയ്ക്ക് ഹൈക്കമാൻഡിലില്ല. കെ സി വേണുഗോപാലടക്കം നേതൃപദവിയിലെത്തിയ ശേഷം ചാക്കോയ്ക്ക് ഹൈക്കമാൻഡുമായുള്ള നല്ല ബന്ധം നഷ്ടമായി. സംസ്ഥാനരാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ, തിരികെ വരാൻ ഒക്കെ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെയാണ് അവിടെ ചാക്കോയ്ക്ക് തടസ്സമായതെന്നാണ് കരുതപ്പെടുന്നത്.
ചാക്കോയുടെ വാർത്താസമ്മേളനം തത്സമയം: