സംസ്ഥാന സർക്കാരിനെതിരെ ആ‌ഞ്ഞടിച്ച് നിർമ്മല സീതാരമൻ; കിഫ്ബിക്കെതിരെയും വിമർശനം

By Web Team  |  First Published Feb 28, 2021, 5:48 PM IST

സർക്കാർ കൂടുതൽ സമയം ചെലവഴിച്ചത് പി ആർ പണികൾക്കാണെന്നും നിലവിൽ രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് കേസുകളും കേരളത്തിലാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.


കൊച്ചി: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരമൻ. കേരളത്തിലെ എല്ലാ പദ്ധതി നിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും  ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിർമ്മല സീതാരാമൻ ചോദിക്കുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ കൊച്ചിയിൽ പറഞ്ഞു.  ബിജെപിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ വച്ചാണ് കേന്ദ്ര ധനമന്ത്രി സംസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിലയിലാണെന്നും കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങൾ പരാമർശിച്ചായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ വിമർശനം. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു. 

Latest Videos

undefined

എസ്ഡിപിഐയുമായി ഇടത് സർക്കാരിന് രഹസ്യബന്ധമുണ്ടെന്ന് നിർമ്മലാ സീതാരാമൻ ആരോപിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറിയെന്ന് പരിഹസിച്ച കേന്ദ്ര ധനമന്ത്രി ഹിന്ദു കൂട്ടക്കൊല നടന്ന മലബാർ കലാപം സർക്കാർ ആഘോഷമാക്കുന്നുവെന്നും പറഞ്ഞു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങൾക്കൊന്നും സർക്കാരിന് മറുപടിയില്ലെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും  നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. 

കോവിഡ് പ്രതിരോധത്തിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നിർമ്മല സീതാരാമൻ ഉന്നയിച്ചത്. സർക്കാർ കൂടുതൽ സമയം ചെലവഴിച്ചത് പി ആർ പണികൾക്കാണെന്നും നിലവിൽ രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് കേസുകളും കേരളത്തിലാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് രോഗികളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. 

click me!