സിപിഎമ്മിന് പത്ത് മന്ത്രിമാർ. സിപിഐക്ക് നാല് ഇതാണ് നിലവിലെ ക്രമം. കെ കെ ശൈലജ. എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ തുടങ്ങിയ കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും ,പി രാജീവും ചേരുന്നതാകും ഒന്നാംനിര.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങൾ എത്താൻ സാധ്യത. എൽഡിഎഫിൽ കൂടുതൽ ഘടകകക്ഷികൾ എത്തിയെങ്കിലും പരമാവധി ആറ് കക്ഷികൾക്ക് മാത്രമാകും മന്ത്രിസഭയിൽ പ്രാതിനിധ്യം. നാളെ മുതൽ തന്നെ എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും.
ചരിത്ര വിജയത്തിന് ശേഷം ഇനി എല്ലാ ശ്രദ്ധയും മന്ത്രിസഭാ രൂപീകരണത്തിലാണ്. പിണറായി കഴിഞ്ഞാൽ സിപിഎമ്മിൽ രണ്ടാമത് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവരാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും പി രാജീവും ചേരുന്നതോടെ ഒന്നാംനിര പൂര്‍ത്തിയാകും.
undefined
എം എം മണി ,ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ തുടങ്ങിയ സിപിഎം മന്ത്രിമാരിൽ ആർക്കൊക്കെ രണ്ടാമൂഴം ലഭിക്കുമെന്നറിയാൻ ഇനിയും കാക്കണം. ബന്ധുനിയമനത്തിൽ കുടുങ്ങിയ ഡോ. കെ ടി ജലീലിനെ പരിഗണിക്കുന്നതിൽ ധാർമ്മിക പ്രശ്നങ്ങൾ സിപിഎമ്മിനെ തിരിഞ്ഞുക്കൊത്തുന്നുണ്ട്. അപ്പോഴും രണ്ടും കൽപിച്ച് ജലീലിനെ പിണറായി വീണ്ടും തെരഞ്ഞെടുക്കുമോ എന്ന ചർച്ചകളും സജീവം.
ഡോ ആർ ബിന്ദു, വീണ ജോർജ്ജ്, കാനത്തിൽ ജമീല തുടങ്ങിയവരിൽ ഒരാൾ മന്ത്രിസഭയിൽ എത്തിയേക്കും. മുസ്ലീം വനിതയെ മന്ത്രിയാക്കിയാൽ അത് ചരിത്രമാകും. കഴിഞ്ഞ തവണ കോട്ടയം ജില്ലയെ തഴഞ്ഞത് ഇത്തവണ വി എൻ വാസവന്‍റെ സാധ്യത കൂട്ടുന്നു. ആലപ്പുഴയിൽ സജി ചെറിയാനാണ് ഒന്നാമൻ. വി ശിവൻകുട്ടി മന്ത്രിയാകുന്നതിൽ കടകംപള്ളിയുടെ കാര്യത്തിൽ സിപിഎം എടുക്കുന്ന തീരുമാനമാണ് പ്രധാന കടമ്പ.
സിപിഎമ്മിന് പത്ത് മന്ത്രിമാർ. സിപിഐക്ക് നാല് ഇതാണ് നിലവിലെ ക്രമം. സിപിഐയിൽ കേന്ദ്ര കൗണ്‍സിൽ അംഗം ചിഞ്ചുറാണിയാണ് പാർട്ടിയിൽ സീനിയർ. മന്ത്രി ഇ ചന്ദ്രശേഖരൻ മന്ത്രിയാകുന്നതിൽ ഒറ്റത്തവണ മന്ത്രിപദം എന്ന നിലവിലെ നയം മാറണം. പി പ്രസാദ്, കെ രാജൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സിപിഐ നിരയിലെ പ്രമുഖർ.
ജെഡിഎസിൽ മാത്യു ടി തോമസ് മടങ്ങി എത്തും. മറ്റ് ചെറുകക്ഷികളിൽ കെ ബി ഗണേഷ് കുമാറിന് മാത്രമാണ് നിലവിൽ സാധ്യത. ശ്രേയാംസ് കുമാർ തോറ്റത്തോടെ രാജ്യസഭയിലേക്ക് വീണ്ടും അവസരം നേടിയെടുക്കുന്നതിലാകും എൽജെഡി ശ്രദ്ധ. പാർട്ടികൾ കൂടിയെങ്കിലും മന്ത്രിമാരുടെ എണ്ണം ഇരുപത് കവിയാനും സാധ്യത വിദൂരമാണ്.