മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ സ്ഥാനം തുടങ്ങിയ കാര്യത്തിൽ ഇടതുമുന്നണി യോഗം ചേർന്നാവും അന്തിമ തീരുമാനം
തിരുവനന്തപുരം: തുടർഭരണം നേടിയ ഇടതുമുന്നണിയുടെ പുതിയ സർക്കാർ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. എകെജി സെന്ററിലായിരുന്നു ചർച്ച നടന്നത്.
ചർച്ചയിലെ വിശദമായ വിവരങ്ങൾ ലഭ്യമല്ല. മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ സ്ഥാനം തുടങ്ങിയ കാര്യത്തിൽ ഇടതുമുന്നണി യോഗം ചേർന്നാവും അന്തിമ തീരുമാനം. ഇക്കുറി ഒരു സീറ്റിൽ വിജയിച്ച ഐഎൻഎല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഘടകകക്ഷിയായ എൻസിപിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി രണ്ട് എംഎൽഎമാരും കരുനീക്കം ആരംഭിച്ചു.
ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നിവരിൽ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.