'മുരളീധരൻ കരുത്തനായ എതിരാളിയല്ല', ഒ രാജഗോപാലിനെ തള്ളി കുമ്മനം രാജശേഖരൻ

By Web Team  |  First Published Mar 16, 2021, 8:10 AM IST

നേമത്തേത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും  പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും നേരത്തെ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇത് തള്ളുന്നതാണ് കുമ്മനത്തിന്റെ പ്രതികരണം


തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാലിനെ തള്ളി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കെ.മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് കരുതുന്നില്ലെന്നും കരുത്തനെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിന്  അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം ചോദിച്ചു. നേമത്തേത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും  പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും നേരത്തെ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇത് തള്ളുന്നതാണ് കുമ്മനത്തിന്റെ പ്രതികരണം. 

Latest Videos

undefined

നേമത്ത് എൽഡിഎഫ് - യുഡിഎഫ് ബാന്ധവം വ്യക്തമാണെന്നും കുമ്മനം ആരോപിച്ചു. 51 ശതമാനം വോട്ട് നേടി എൻഡിഎ നേമത്ത് വിജയിക്കും. നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വർഗീയ കലാപങ്ങൾ കേരളത്തിലും ഉണ്ടായിട്ടില്ലേ ? താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷൻമാർക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു. ശോഭ സുരേന്ദ്രൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നുമായിരുന്നു ശോഭാ വിഷയത്തിൽ കുമ്മനത്തിന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിന് അനുവദിച്ച പ്രത്യേക അഭിമുഖം കാണാം 


 

click me!