തിരുവമ്പാടിയില്‍ കത്തോലിക്ക സഭ കനിയുമെന്ന പ്രതീക്ഷയില്‍ മുസ്ലീം ലീഗ്; മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

By Web Team  |  First Published Feb 28, 2021, 9:28 AM IST

മുസ്ലിം ലീഗ് തുടര്‍ച്ചയായി മല്‍സരിച്ചുവരുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം താമരശേരി രൂപത കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.


തിരുവമ്പാടി: കത്തോലിക്കാ സഭയുടെ പിണക്കം പരിഹരിക്കാനായെന്ന പ്രതീക്ഷയില്‍ തിരുവമ്പാടിയില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി മുസ്ലിംലീഗ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കാര്യങ്ങള്‍ അനുകൂലമാക്കുമെന്നും ലീഗ് കരുതുന്നു. മുസ്ലിം ലീഗ് തുടര്‍ച്ചയായി മല്‍സരിച്ചുവരുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം താമരശേരി രൂപത കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.

2016ല്‍ സഭ ഈ ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും അവസാനം ലീഗിലെ ഉമ്മര്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായെത്തി. ഫലം യുഡിഎഫിന് 3008 വോട്ടുകളുടെ തോല്‍വി. ഇക്കുറി രൂപത ആസ്ഥാനത്ത് എത്തിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുന്നില്‍ സഭ പഴയ ആവശ്യം ആവര്‍ത്തിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഇരുവരും ഉറപ്പും നല്‍കി. 

Latest Videos

undefined

എന്നാല്‍ തിരുവമ്പാടി വിട്ടുനല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതിന് പിന്നിലെ ലീഗ് പ്രവര്‍ത്തകരുടെ അധ്വാനം നന്നായറിയുന്ന കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാനുമില്ല. ഏതായാലും സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുളള നേതാക്കള്‍ രൂപത ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ച വഴി മഞ്ഞുരുകിയെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. പക്ഷേ രൂപത നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏതായാലും സാധ്യത പട്ടികയിലുളള ലീഗ് നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.

അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 54471 വോട്ടിന്‍റെ ലീഡ് നല്‍കിയ തിരുവമ്പാടിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും യുഡിഎഫിന്‍റെ ലീഡ് 5460 വോട്ടായി കുറഞ്ഞു. ഭൂരിപക്ഷം പത്തിലൊന്നായി ഇടിഞ്ഞതു തന്നെ ഇടതിന്‍റെ പ്രധാന പ്രതീക്ഷ.

മുസ്ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവന്ന മണ്ഡലത്തില്‍ 2006ല്‍ മത്തായി ചാക്കോയായിരുന്നു ആദ്യമായി ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ചത്. പിന്നീട് രണ്ടു വട്ടം ജോര്‍ജ്ജ് എം തോമസും. എന്നാല്‍ മാറിയ സാഹചര്യത്തില്‍ തിരുവമ്പാടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി.

click me!