എം സ്വരാജിന്‍റെ തോൽവി; സിപിഎം ഹൈക്കോടതിയിലേക്ക്, കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം

By Web Team  |  First Published May 5, 2021, 12:13 PM IST

കെ ബാബു വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിലാണ് പ്രചരണം നടത്തിയതെന്നും അയ്യപ്പൻ്റെ പേരുപറഞ്ഞാണ് കെ ബാബു വോട്ട് പിടിച്ചതെന്നും സിപിഎം ആരോപിക്കുന്നു.


കൊച്ചി: തൃപ്പൂണിത്തുറയിൽ യു‍ഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. കെ ബാബു അയ്യപ്പന്‍റെ പേരിൽ വോട്ട്  പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീൽ ഇല്ലാത്തതിന്‍റെ പേരിൽ 1071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും.

തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.  99 സീറ്റുകളുമായി തുടർഭരണത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിന് തൃപ്പൂണിത്തറയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. 992 വോട്ടിന് സിറ്റിംഗ് എംഎൽഎ എം സ്വരാജ് കെ ബാബുവിന് മുന്നിൽ വീണത് ബിജെപി വോട്ടുകൾ മറിച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബു അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഎം ഉന്നയിക്കുന്നത്. ബാബുവിന്‍റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം. 

Latest Videos

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റർ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിർക്കും. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി എം സുന്ദരൻ കോടതിയിൽ ഹർജി നൽകും. തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടിയും അന്വേഷിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ ഏതെങ്കിലും  വിഴ്ച തോൽവിയ്ക്ക് കാരണമായോ എന്നാണ് സി പി എം പരിശോധിക്കുക.

click me!