മുന്‍ എംപി എം ബി രാജേഷും സിറ്റിംഗ് എംഎല്‍എയായവി ടി ബൽറാമും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
പാലക്കാട്: മണ്ഡലത്തിലെ രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് സൈബര്‍ ഇടത്തിൽ പോലും വലിയ ചര്‍ച്ചയായിരുന്നു തൃത്താല തെരഞ്ഞെടുപ്പ്. കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. മുന്‍ എംപി എം ബി രാജേഷും സിറ്റിംഗ് എംഎല്‍എയായവി ടി ബൽറാമും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വിടി ബൽറാം തോൽപിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച് കയറുന്ന തൃത്താല നിലനിര്‍ത്തുമെന്ന് വിടി ബൽറാമും ഇടത് അനുഭാവം പതിറ്റാണ്ടുകളായി പ്രകടിപ്പിച്ചിരുന്ന മണ്ഡലം തിരിച്ച് പിടിക്കുകയാണ് ലക്ഷ്യമെന്ന് എം ബി രാജേഷും പറയുന്നത്.
സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിട്ടുള്ള മണ്ഡലം കൂടിയാണ് തൃത്താല.