പരിചയസമ്പന്നരായ രണ്ട് മന്ത്രിമാർ - ജി സുധാകരനും തോമസ് ഐസകിനും ഇത്തവണ പാർട്ടി സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസിലെ സീറ്റ് മോഹികൾ തിക്കും തിരക്കും കൂട്ടിയ മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും
ആലപ്പുഴ: എട്ടാം അങ്കത്തിന് സുധാകരനും അഞ്ചാം അങ്കത്തിന് ഐസക്കും കച്ചമുറുക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്‍റെ ഞെട്ടൽ ഇനിയും മാറിയിട്ടുണ്ടാകില്ല ആലപ്പുഴയിലെ സിപിഎം ജില്ലാ നേതൃത്വത്തിന്. തുടർച്ചയായി രണ്ട് ടേം മത്സരിച്ച സ്ഥാനാർത്ഥികളാരും ഇനി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതോടെ വിപ്ലവത്തിന്‍റെ മണ്ണിൽ പാർട്ടിയുടെ ജയസാധ്യതകൾക്ക് പോലും മങ്ങലേൽക്കുകയാണെന്ന് വിലയിരുത്തി സിപിഎം ജില്ലാ നേതൃത്വം. ആ കണക്കുകൂട്ടലുകൾ ശരിയാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം വ്യക്തമാക്കുന്നത്.
അമ്പലപ്പുഴയിൽ അട്ടിമറിയോടെ എം ലിജു വിജയിക്കുമെന്നും, ആലപ്പുഴയിൽ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി ഡോ. കെ എസ് മനോജിനാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം വിലയിരുത്തുന്നു.
undefined
അമ്പലപ്പുഴയിൽ അട്ടിമറി
ജി സുധാകരൻ മൂന്ന് തവണ മത്സരിച്ച് ജയിച്ചുറപ്പിച്ച അമ്പലപ്പുഴ ഇത്തവണ എം ലിജു കൊണ്ടുപോകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം പറയുന്നത്. അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകളിൽ യുഡിഎഫിന് വിജയപ്രതീക്ഷ തീരെ കുറവായിരുന്നു. സുധാകരന്‍റെ ജനസമ്മതി അത് പോലെ നിലനിർത്താൻ എച്ച് സലാമിന് കഴിയുമോ എന്ന സംശയം നേരത്തേ തന്നെ പല ജില്ലാ നേതാക്കളും ഉന്നയിച്ചത് ശരിയാകുകയാണ്. ഐസകും സുധാകരനും മാറിയതോടെ സീറ്റ് വേണ്ടെന്ന നേതൃത്വത്തെ അറിയിച്ച് മാറിനിന്ന പല നേതാക്കളും മത്സരിക്കാൻ തിക്കും തിരക്കും കൂട്ടി. എന്നാൽ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ലിജുവിനെപ്പോലെ മികച്ച വിജയസാധ്യതയുള്ള ഒരു നേതാവിനെത്തന്നെ കളത്തിലിറക്കിയ കോൺഗ്രസിന്‍റെ തന്ത്രം ഫലിച്ചെന്നാണ് കണക്കുകൂട്ടൽ.
പുന്നപ്ര വയലാർ സമരഭൂമി സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ, വി എസ് അച്യുതാനന്ദനെ തോൽപിച്ച മണ്ഡലം കൂടിയാണ് അമ്പലപ്പുഴയെന്നത് ഓർക്കണം. സിപിഎമ്മിന് ഒരിക്കലും അടിതെറ്റില്ലെന്ന് കരുതേണ്ടതില്ല ഇവിടെ. ധീവരവോട്ടുകളുടെ അടക്കം ഏകീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്നുറപ്പാണ്.
ആലപ്പുഴ
ആലപ്പുഴ നഗരസഭാ അധ്യക്ഷയായി സൗമ്യ രാജിനെ കൊണ്ടുവന്നതിന് പിന്നാലെ മന്ത്രി ജി സുധാകരനെതിരെയും ജില്ലാസെക്രട്ടറിയേറ്റ് അംഗം പി പി ചിത്തരഞ്ജനെതിരെയും തെരുവിൽ പരസ്യപ്രതിഷേധവുമായി അണികളിറങ്ങിയ മണ്ഡലമാണ് ആലപ്പുഴ. ആ പി പി ചിത്തരഞ്ജനെയാണ് നിലവിൽ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. മന്ത്രി തോമസ് ഐസകിൽ നിന്ന് സീറ്റ് വാങ്ങി പി പി ചിത്തരഞ്ജന് നൽകുമ്പോൾ ജയസാധ്യത തീരെ മങ്ങുകയാണെന്ന് പാർട്ടി പ്രവർത്തകർ തന്നെ വിലയിരുത്തിയിരുന്നതാണ്. ആ വിലയിരുത്തലുകൾ സത്യമാവുകയാണെന്നാണ് ആലപ്പുഴയിൽ നിന്നുള്ള പോസ്റ്റ് പോൾ സർവേ സൂചിപ്പിക്കുന്നത്. പി പി ചിത്തരഞ്ജനും കോൺഗ്രസിന്‍റെ ഡോ. കെ എസ് മനോജും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇതിൽ നേരിയ മുൻതൂക്കമുള്ളത് ഡോ. കെ എസ് മനോജിനാണെന്നും സർവേ പ്രവചിക്കുന്നു.
ആലപ്പുഴയിൽ മുമ്പ് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എം സുധീരനെ അട്ടിമറിച്ച ഇടത് നേതാവായിരുന്നു ഡോ. കെ എസ് മനോജ്. മനോജ് ഇടത്ത് നിന്ന് വലത്തോട്ടെത്തിയപ്പോൾത്തന്നെ ആലപ്പുഴയിലെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. മനോജ് അന്ന് പ്രവർത്തനം തുടങ്ങിയത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ലത്തീൻ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്. ഒരു കാലത്ത് കെ സി വേണുഗോപാലിലൂടെ കുത്തകയാക്കിയിരുന്ന മണ്ഡലം അങ്ങനെ തിരിച്ച് പിടിക്കാമെന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു.