നിലവിലെ സിറ്റിംഗ് സീറ്റുകളായ ആലുവ, എറണാകുളം, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, പിറവം മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016 ആവര്‍ത്തിച്ച് എറണാകുളം ജില്ല. സംസ്ഥാനമാകെ ഇടത് കാറ്റ് ആഞ്ഞ് വീശിയപ്പോഴും ജില്ലയില്‍ യുഡിഎഫ് തളര്‍ന്നില്ല. ചില സീറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയെങ്കിലും ജില്ലയില്‍ യുഡിഎഫില്‍ കഴിഞ്ഞ തവണത്തെ സീറ്റ് നില നിലനിറുത്തി. ജില്ലയിൽ ആകെയുള്ള 14 സീറ്റുകളിൽ ഒമ്പത് സീറ്റുകളിലും യുഡിഎഫ് വിജയം നേടി. അഞ്ച് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
നിലവിലെ സിറ്റിംഗ് സീറ്റുകളായ ആലുവ, എറണാകുളം, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, പിറവം മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. സിറ്റിംഗ് സീറ്റായ കളമശ്ശേരിയും കുന്നത്തുനാടും യുഡിഎഫ് കൈവിട്ടെങ്കിലും തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. വൈപ്പിന്‍, കൊച്ചി, കോതമംഗലം സീറ്റുകളാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. കളമശ്ശേരിയും കുന്നത്തുനാടും നേടികൊണ്ട് എല്‍ഡിഎഫ് അഭിമാന പോരാട്ടമാണ് കാഴ്ചവച്ചത്.
എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം പിറവം മണ്ഡലത്തിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് 25364 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. അതേസമയം, സംസ്ഥാനം ഉറ്റ് നോക്കിയ രാഷ്ട്രീയ പരീക്ഷണമായ ട്വന്‍റി ട്വന്‍റി മത്സരിച്ച എട്ട് സീറ്റിലും പരാജയം നേടി. ഏറെ പ്രതീക്ഷ വെച്ച കുന്നത്തുനാട്ടിൽ ട്വന്‍റ് ട്വന്‍റിക്ക് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ലീഡ് ഉയർത്താനായില്ല. മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം.