ചുരം കയറിയെത്തിയവർ നേടുമോ? എവിടെയെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം? ഏഷ്യാനെറ്റ് ന്യൂസ് സിഫോർ സർവേ പരിശോധിച്ചത് ഇതെല്ലാമായിരുന്നു.
വയനാട്: മൂന്ന് നിയോജക മണ്ഡലങ്ങളുള്ള വയനാട് ജില്ല ഇടത്തോട്ടോ അതോ വലത്തോട്ടോ ? ബത്തേരിയും മാനന്തവാടിയും കൽപ്പറ്റയും ആരെ തുണക്കും, ചുരം കയറിയെത്തിയവർ നേടുമോ? എവിടെയെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം? ഏഷ്യാനെറ്റ് ന്യൂസ് സിഫോർ സർവേ പരിശോധിച്ചത് ഇതെല്ലാമായിരുന്നു.
വയനാട് ജില്ലയിൽ ഒരിടത്ത് എൽഡിഎഫ് വിജയിക്കുമെന്നും രണ്ടിടത്ത് ഇഞ്ചോടിഞ്ച് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം സൂചിപ്പിക്കുന്നത്. മാനന്തവാടിയിലാണ് എൽഡിഎഫ് വിജയം സർവേ പ്രവചിക്കുന്നത്. എന്നാൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും പോരാട്ടം കടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
undefined
ജില്ലയിലെ ഏറ്റവും ശക്തമായ പോരാട്ടം നടന്നത് കൽപ്പറ്റ മണ്ഡലത്തിലാണ്. അതിശക്തമായ മത്സരം നടക്കുന്ന ഇവിടെ എംവി ശ്രേയാംസ് കുമാർ നേരിയ മുൻതൂക്കം നേടുമെന്നാണ് സർവേ ഫലം പറയുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംവി ശ്രേയാംസ് കുമാർ ഇക്കുറി ഇടതുകോട്ടയിൽ തിരിച്ചെത്തിയാണ് പോരാട്ടത്തിറങ്ങിയത്.
കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ധിഖിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. നേരത്തെ രാഹൂുൽ ഗാന്ധിക്ക് വേണ്ടി മാറിനിന്ന സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം ഇവിടെ നേരത്തെ ചർച്ചയായിരുന്നു, എന്നാൽ കോൺഗ്രസിൽ ക്യാംപിലെ അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായില്ലെന്നാണ് സർവേ വിലയിരുത്തൽ. ടി സിദ്ധിഖ് ശക്തമായ മത്സരം തന്നെ ഇവിടെ കാഴ്ചവച്ചു. അതുകൊണ്ട് തന്നെയാണ് മത്സരഫലം പ്രവചനാധീതമായിത്തീർന്നത്. ബിജെപിക്ക് വേണ്ടി ടിഎം സുബീഷും മത്സര രംഗത്തിറങ്ങി.
മാനന്തവാടി മണ്ഡലം മനസ് മാറ്റില്ലെന്നും ഇത്തവണയും ഇടത്തോട്ട് തന്നെയാണെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം സൂചിപ്പിക്കുന്നത്. സിറ്റിംഗ് എംഎൽഎ സിപിഎം സ്ഥാനാർത്ഥി ഒ ആർ കേളു ഇത്തവണയും വിജയിക്കുമെന്നാണ് സർവേ ഫലം നൽകുന്ന സൂചന. കേളുവിന്റെ ജനസമ്മിതിയെ മറികടക്കാൻ മറ്റ് സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്നാണ് മണ്ഡലത്തിൽ നിന്നും നൽകുന്ന സൂചന.
യുഡിഎഫിനായി മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയത് കോൺഗ്രസ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയാണ്. ജയലക്ഷ്മിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസ് പക്ഷേ പ്രചാരണത്തില്‍ മുന്നേറി പ്രതീക്ഷ നൽകിയെങ്കിലും ജനസമ്മതി ഒആർ കേളുവിനാണെന്നാണ് സർവേ ഫല സൂചന നൽകുന്നത്. ബിജെപിക്കായി പള്ളിയറ മുകുന്ദനും സ്ഥാനാർത്ഥിയായി.
സുൽത്താൻ ബത്തേരിയിൽ ഇടത് വലത് പോരാട്ടം കടുക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. സിറ്റിംഗ് എംഎൽഎ
ഐസി ബാലകൃഷ്ണൻ കോൺഗ്രസിനുവേണ്ടിയും സിപിഎമ്മിനായി എംഎസ് വിശ്വനാഥനും ബിജെപിക്ക് വേണ്ടി സികെ ജാനുവുമാണ് മണ്ഡലത്തിൽ പോരാട്ടത്തിന് ഇറങ്ങിയത്.