സിപിഎം ഏറെക്കാലമായി രാജു എബ്രഹാമിലൂടെ വിജയിച്ച് വന്ന റാന്നി സീറ്റാണ് നഷ്ടപ്പെടുക
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പടിവാതിൽക്കൽ നിൽക്കെ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിൽ പത്തനംതിട്ടയിലും ഇടതുമുന്നേറ്റം പ്രവചിക്കപ്പെട്ടു. അഞ്ച് സീറ്റുകളുള്ള ജില്ലയിൽ കഴിഞ്ഞ തവണ അഞ്ചും ഇടതുപക്ഷത്തായിരുന്നെങ്കിൽ ഇക്കുറി ഒരു സീറ്റ് മാത്രമേ ഇടതിന് നഷ്ടപ്പെടൂ എന്നാണ് റിപ്പോർട്ട്.
സിപിഎം ഏറെക്കാലമായി രാജു എബ്രഹാമിലൂടെ വിജയിച്ച് വന്ന റാന്നി സീറ്റാണ് നഷ്ടപ്പെടുക. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രമോദ് നാരായണനെ പരാജയപ്പെടുത്തും. തിരുവല്ലയിൽ മുൻ മന്ത്രിയും ഇടതുപക്ഷത്തെ പ്രമുഖ നേതാവുമായ മാത്യു ടി തോമസ് ശക്തമായ മത്സരം നേരിടുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി കുഞ്ഞുകോശി പോളാണ് തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി. എങ്കിലും നേരിയ മുൻതൂക്കം മാത്യു ടി തോമസിന് തന്നെയാണ്.
ആറന്മുളയിൽ കോൺഗ്രസിന്റെ ശിവദാസൻ നായർക്കെതിരെ സിപിഎമ്മിന്റെ വീണ ജോർജ്ജ് വിജയിക്കും. കോന്നിയിൽ റോബിൻ പീറ്ററിനെതിരെ സിപിഎമ്മിന്റെ കെയു ജനീഷ് കുമാറും അടൂർ മണ്ഡലത്തിൽ സിപിഐയുടെ ചിറ്റയം ഗോപകുമാറും വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം.