കഴിഞ്ഞ തവണത്തേക്കാൾ ശക്തിയോടെയും ഒത്തൊരുമയോടെയുമാണ് കണ്ണൂരിൽ യുഡിഎഫ് പൊരുതിയത്
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ നഗര മണ്ഡലം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് സീറ്റ്. ഇടതുമുന്നണിയിൽ നിന്ന് കോൺഗ്രസ് എസ് സ്ഥാനാർത്ഥിയായി ഇക്കുറിയും കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം മറുഭാഗത്ത് 2011 ൽ കടന്നപ്പള്ളിയോട് മത്സരിച്ച് തോറ്റ സതീശൻ പാച്ചേനിയെ തന്നെ കോൺഗ്രസും രംഗത്തിറക്കി.
കഴിഞ്ഞ തവണത്തേക്കാൾ ശക്തിയോടെയും ഒത്തൊരുമയോടെയുമാണ് കണ്ണൂരിൽ യുഡിഎഫ് പൊരുതിയത്. അതിനാൽ തന്നെ ഉയർന്ന പ്രതീക്ഷയും അവർക്കുണ്ട്. എന്നാൽ കടന്നപ്പള്ളി രാമചന്ദ്രന് മണ്ഡലത്തിലെ ജനപിന്തുണയും വലുതാണ്. അതിനാൽ തന്നെ ഏത് നിലയ്ക്കും മണ്ഡലം നിലനിർത്താനുള്ള പ്രവർത്തനം എൽഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേയും മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നെന്നാണ് പ്രവചിക്കുന്നത്. ഇവിടെ ബിജെപിക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയ അർച്ചന വണ്ടിച്ചാലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ശക്തമായ മത്സരമാണ് മണ്ഡലത്തിൽ ഇടത് - വലത് മുന്നണികൾ തമ്മിൽ നടന്നതെങ്കിലും മത്സരത്തിൽ നേരിയ മുൻതൂക്കം കടന്നപ്പള്ളിക്ക് തന്നെയാണെന്നും സർവേ പ്രവചിക്കുന്നുണ്ട്.