ഇടുക്കിയുടെ നെഞ്ചിലേറി എല്‍ഡിഎഫ്; അഞ്ചില്‍ നാലിലും ഇടത് തരംഗം, എം എം മണിക്ക് 38,305 വോട്ടിന്‍റെ ലീഡ്

By Web Team  |  First Published May 2, 2021, 6:22 PM IST

ദേവികുളം, ഉടമ്പൻ ചോല, ഇടുക്കി, പീരുമേട് എന്നീ മണ്ഡലങ്ങളിലാണ് ഇടത് മുന്നണി വിജയിച്ചത്. തൊഴുപുഴയില്‍ മാത്രമേ യുഡിഎഫിന് നേടാന്‍ കഴിഞ്ഞോള്ളൂ.


ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിൽ രാഷ്ട്രീയക്കാറ്റ് ഇടത്തോട്ട് തന്നെ. ജില്ലയിലെ അഞ്ച് സീറ്റിൽ നാലിലും ഇടതു മുന്നണി വിജയം കൊയ്തു. ദേവികുളം, ഉടമ്പൻ ചോല, ഇടുക്കി, പീരുമേട് എന്നീ മണ്ഡലങ്ങളിലാണ് ഇടത് മുന്നണി വിജയിച്ചത്. തൊഴുപുഴയില്‍ മാത്രമേ യുഡിഎഫിന് നേടാന്‍ കഴിഞ്ഞൊള്ളൂ. ഉടമ്പൻ ചോലയിൽ വിജയിച്ച മന്ത്രി എം എം മണി 38,305 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷമാണ് നേടിയത്.

ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് യുഡിഎഫ് മത്സരിച്ചത്. രണ്ടിടത്ത് കേരള കോണ്‍ഗ്രസായിരുന്നു. ഇതില്‍ തൊടുപുഴയില്‍ മാത്രമാണ് മുന്നണിക്ക് വിജയം നേടാന്‍ കഴിഞ്ഞത്. നിലവിലുണ്ടായിരുന്ന മൂന്ന് സിറ്റിംഗ് സീറ്റിന് പുറമേ ഇടുക്കി മണ്ഡലവും എല്‍ഡിഎഫ് പിടിച്ചെടുത്തത് ഇടത് മുന്നണിക്ക് പൊന്‍തൂവലായി. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി ചരിത്ര വിജയമാണ് നേടിയത്. മണിക്കെതിരെ മത്സരിച്ച ഇ എം അഗസ്തി പരാജയം സമ്മതിച്ച് തല മൊട്ടയടിക്കുമെന്ന് വരെ പ്രഖ്യാപിച്ചു. ദേവികുളത്ത് 7848 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എ രാജ വിജയിച്ചു. സിപിഐ മത്സരിച്ച പീരുമേട് മണ്ഡലത്തില്‍ 1835 വോട്ടിന്റെ ഭൂരിപക്ഷമാണ് വാഴൂര്‍ സോമന് ലഭിച്ചത്. ഇടുക്കി നിയോചകമണ്ഡലത്തിൽ നിന്ന് വിജയിച്ച റോഷി അഗസ്റ്റിനും കേരളാകോണ്‍ഗ്രസിന്‍റെ മാനം കാത്തു.

Latest Videos

കേരളാ കോൺഗ്രസുകളുടെ അഭിമാനപോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ 5573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജനവിധി റോഷി അഗസ്റ്റിന് ഒപ്പം നിന്നത്. മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കരുത്തരിൽ പ്രമുഖനായ ഫ്രാൻസിസ് ജോര്‍ജ്ജിനോട് ഏറ്റുമുട്ടിയാണ് റോഷി അഗസ്റ്റിൻ വിജയം ഉറപ്പിക്കുന്നത്. കഴിഞ്ഞ നാല് തവണയും യുഡിഎഫിന് ഒപ്പം നിന്ന് വോട്ട് തേടിയ റോഷി അഗസ്റ്റിൻ ഇത്തവണ ഇടത് പാളയത്തിലെത്തിയെങ്കിലും ഇടുക്കിയിലെ വോട്ടര്‍മാര്‍ കൈ വിട്ടില്ല. മുന്നണി മാറ്റത്തിന് ശേഷം നടന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ പാലാ നഷ്ടപ്പെട്ടപ്പോഴാണ് റോഷിയുടെ അഭിമാന ജയമെന്നതാണ് ശ്രദ്ധേയം. തൊഴുപുഴയില്‍ 20259 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫ് ജില്ലയിലെ ഏക മണ്ഡലം നേടിയത്.

click me!