വിദ്യാര്‍ഥി യുവജന രംഗത്തുള്ള പത്തിലേറെ പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ എത്രപേർ എംഎൽഎക്കുപ്പായം സ്വന്തമാക്കിയെന്ന് നോക്കാം.
കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി പട്ടിക യുവാക്കളുടെയും വനിതാ സ്ഥാനാർത്ഥികളുടെയും പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാര്‍ഥി യുവജന രംഗത്തുള്ള പത്തിലേറെ പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ എത്രപേർ എംഎൽഎക്കുപ്പായം സ്വന്തമാക്കിയെന്ന് നോക്കാം.
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിൽ ഡിവൈഎഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജിന്‍ വിജയക്കൊടി നേടി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ബ്രിജേഷ് കുമാറിനെതിരെ ഗംഭീരവിജയം സ്വന്തമാക്കിയാണ് വിജിൻ നിയമസഭാ ടിക്കറ്റ് നേടിയത്. സിപിഎം ജില്ലാകമ്മിറ്റിയഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയഗവുമാണ് വിജിൻ.
undefined
സിപിഎമ്മിന്റെ കുത്തക സീറ്റായ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ആദ്യമത്സരത്തിനിറങ്ങിയ അഡ്വ കെ.എം സച്ചിന്‍ദേവ് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് തോൽപ്പിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ് സച്ചിൻ. നേരത്തെ ധർമ്മജൻ വലിയ എതിരാളിയാകുമെന്നുള്ള ചില വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും സിപിഎം കോട്ടയിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സച്ചിൻ വിജയിച്ച് കയറിയത്.
തിരുവമ്പാടിയില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ് 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,43,009 വോട്ടില്‍ 67,867 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയായ ലിന്റോ ജോസഫ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
ബേപ്പൂരിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് മിന്നും വിജയം നേടി. 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം അഡ്വ.പി.എം നിയാസിനെ തോൽപ്പിച്ചത്. നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു റിയാസിന്റേത്.
കന്നിയങ്കത്തിന് തരൂരിലിറങ്ങിയ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിപി സുമോദ് വിജയക്കൊടി പാറിച്ചു. യുവജന കമ്മീഷൻ അംഗം കൂടിയായ സുമോദ് യുഡിഎഫ് സ്ഥാനാർത്ഥി കെഎ ഷീബയെ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
വടക്കാഞ്ചേരിയിൽ യുഡിഎഫിൽ നിന്ന് സീറ്റ് തിരികെ പിടിച്ചതും സിപിഎമ്മിന്റെ ഒരു യുവനേതാവാണ്. സേവ്യർ ചിറ്റിലപ്പള്ളി വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ നിയമസഭയിലേക്ക് എത്തിയ സേവ്യർ നേരത്തെ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു. മാവേലിക്കരയിൽ എംഎസ് അരുൺകുമാർ വിജയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗവും നിയമവിദ്യാർത്ഥിയുമാണ് അരുൺ കുമാർ.