ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് പറയാത്തത് എന്തേ? മോദിയോട് കടകംപള്ളി

By Web Team  |  First Published Apr 3, 2021, 9:15 AM IST

കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും ദേവസ്വം മന്ത്രി ആവർത്തിച്ചു. 


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിമർശനങ്ങളെ പരിഹസിച്ച് കടകംപള്ളി സുരേന്ദ്രൻ. ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതിൽ സന്തോഷം മാത്രമേയുളളുവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം താൻ വളർന്നിട്ടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. അധികാരത്തിലെത്തിയാൽ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്ത് കൊണ്ടാണെന്നും കടകംപള്ളി ചോദിച്ചു. 

ശബരിമല ശാന്തമാണെന്ന് അവകാശപ്പെട്ട കടകംപള്ളി 2019 എറ്റവും കൂടുതൽ നടവരുമാനമുണ്ടായ വർഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും ദേവസ്വം മന്ത്രി ആവർത്തിച്ചു. 

Latest Videos

ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും പറഞ്ഞ കടകംപള്ളി വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും പറഞ്ഞു. വസ്തുതകൾ ഇതായിരിക്കേ വോട്ട് തട്ടാൻ ശ്രമിക്കുകയാണെന്നാണ് കടകംപള്ളി പറയുന്നത്. കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്, ആരാധാനലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് പിണറായി സർക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ദേവസ്വം മന്ത്രി അവകാശപ്പെട്ടു.

click me!