'രണ്ട് ലക്ഷം ബിജെപി നല്‍കി , വൈന്‍ പാര്‍ലര്‍ വാഗ്ദാനം'; സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

By Web Team  |  First Published Jun 5, 2021, 7:31 AM IST

കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


കാസര്‍കോട്: ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ 462 വോട്ടുകൾ പിടിച്ചു. ബി എസ് പി സ്ഥാനാർത്ഥിയായാണ് കെ സുന്ദര മത്സരിച്ചത് അന്ന് കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾ മാത്രമാണ്.

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കെ സുന്ദരയുമായി നടത്തിയ സംഭാഷണം:

കെ.സുന്ദര: അഞ്ചാറാള്‍ വൈകീട്ട് വന്നു. നോമിനേഷൻ പിൻവലിക്കണം എന്ന് പറഞ്ഞു. ഞാൻ ബിഎസ്പിക്കാരോട് ചോദിക്കട്ടെ പറഞ്ഞു. സുരേഷ് നായിക്കില്ലേ, എന്‍റെ വീടിന്‍റെ അടുത്തുളള അയാള്‍ അവരോട് പറഞ്ഞു പിൻവലിപ്പിക്കാം എന്ന്. അങ്ങനെ അവര്‍ സമ്മർദം ചെലുത്തി. സുരേന്ദ്രേട്ടൻ ജയിക്കണം ഇക്കുറി എന്ന് പറഞ്ഞു.

റിപ്പോർട്ടർ: എത്ര ലക്ഷം രൂപ തന്നു?

കെ.സുന്ദര: രണ്ട്

കെ.സുന്ദര: ഫോണും തന്നു. ഈ സംസാരിക്കുന്ന ഫോണ്‍. നേരത്തെ എനിക്ക് വാട്സ്ആപ്പ് ഉളള ഫോൺ ഇല്ലായിരുന്നല്ലോ.

റിപ്പോർട്ടർ: നിങ്ങൾ എത്ര ചോദിച്ചു? പത്താണോ?

കെ.സുന്ദര: പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു.

റിപ്പോർട്ടർ: വീട്ടില്‍ കൊണ്ടുത്തന്നോ?

കെ.സുന്ദര: വീട്ടിന് തന്നു. അമ്മയുടെ കയ്യിൽ കൊടുത്തു

റിപ്പോർട്ടർ: ക്യാഷായിട്ടാണോ?

കെ.സുന്ദര: അതെ.ക്യാഷായിട്ട്

റിപ്പോർട്ടർ: സുരേന്ദ്രേട്ടൻ നേരിട്ട് വിളിച്ചിരുന്നോ?

കെ.സുന്ദര: വിളിച്ചിരുന്നു. ആ ഫോണിലേക്ക്

റിപ്പോർട്ടർ: സുരന്ദ്രേട്ടൻ ജയിച്ചാൽ എത്ര തരും എന്നാണ് പറഞ്ഞത്?

കെ.സുന്ദര: ഞാൻ അവരോട് പറഞ്ഞിരുന്നു. വൈൻ ഷോപ്പ്, വീട് ഒക്കെ വേണമെന്ന്. അത് ചെയ്യാമെന്ന് പറഞ്ഞു. കർണാടകത്തിൽ വൈൻ ഷോപ്പ് ആണ് ചോദിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!