" ഐസക്കും ജി സുധാകരനും മാറുന്നതിനെ പറ്റി ഞങ്ങൾ പറയേണ്ട കാര്യമില്ല. അവർ പാർട്ടി നയം നടപ്പിലാക്കുന്നു, അതിൽ ഞങ്ങൾക്കെന്ത് കാര്യം. ഞങ്ങളുടെ മത്സരം സിപിഎമ്മുമായാണ്. ഐസക്കുമായോ സുധാകരനുമായോ അല്ല. "
കണ്ണൂർ: തന്നെ ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടില്ലെന്ന് കെ സുധാകരൻ. കെപിസിസി അധ്യക്ഷ പദവിയുടെ കാര്യത്തിൽ നേരിട്ടുള്ള ഒരു വിവരവും കിട്ടിയിട്ടില്ലെന്നും എഐസിസിയിൽ നിന്നോ ഹൈക്കമാൻഡിൽ നിന്നോ ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും സുധാകരൻ ഇന്ന് കണ്ണൂരിൽ വ്യക്തമാക്കി. മുല്ലപ്പള്ളി ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കമാൻഡ് അദ്ദേഹത്തെ നിർബന്ധിക്കുമോയെന്ന് ഹൈക്കമാൻഡാണ് പറയേണ്ടതെന്നും സുധാകരൻ പറഞ്ഞു.
ഈ മാസം ഒമ്പതാം തീയതിയോടെയോ പത്താം തീയതിയോടെയോ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയുടെ പ്രധാനഭാഗം പുറത്ത് വരുമെന്നും സുധാകരൻ ഉറപ്പ് പറഞ്ഞു.
എൽഡിഎഫ് ഉറപ്പാണ് എന്ന് പറഞ്ഞത് ജയിൽ ഉറപ്പാണ് എന്ന് പരിഹസിച്ച സുധാകരൻ, കോടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളിൽ ഇനിയും പലതും പുറത്തുവരാനുണ്ടെന്നും അവകാശപ്പെട്ടു. രമേഷ് ചെന്നിത്തലയുടെ കയ്യിലുണ്ടെന്ന് പറഞ്ഞ ഐ ഫോണാണ് ഇപ്പോൾ വിനോദിനി ബാലകൃഷ്ണന്റെ കയ്യിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ആ ആരോപണം ആസൂത്രിതമായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമായില്ലേയെന്ന് സുധാകരൻ ചോദിക്കുന്നു.
ഞാൻ ചെത്തുകാരന്റെ മകനെന്ന് പറയുമ്പോൾ നിങ്ങൾ ആക്ഷേപിക്കുന്നത് അതിന്റെ അർത്ഥം മനസിലാക്കാത്തത് കൊണ്ടാണ്. ഇവരെല്ലാം ഒന്നുമില്ലായ്മയിൽ നിന്ന് വന്നവരാണ്. അവരുടെയെല്ലാം മക്കൾക്ക് ഇന്ന് കോടികളുടെ ആസ്തിയാണ്. ഇതെങ്ങനെയാണ് ? - സുധാകരൻ ചോദിക്കുന്നു.
ബിനീഷിന്റെ സ്വത്തുക്കളുടെ സ്രോതസ് തേടി അന്വേഷണം ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. ഈ അന്വേഷണം ഭയന്നാണ് ആരോഗ്യ കാരണം പറഞ്ഞ് കോടിയേരി മാറി നിൽക്കുന്നതെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് ആരോപിച്ചു. കസ്റ്റംസ് ഈ ഇടക്കാലത്ത് ഒരു നീക്കവും നടത്താതിരുന്നത് എന്ത് കൊണ്ടായിരുന്നുവെന്ന കാര്യവും പുറത്ത് വരുമെന്ന് സുധാരൻ കൂട്ടിചേർത്തു. ഒളിച്ച് വക്കാനും മറച്ച് വക്കാനും ഒന്നുമില്ലാത്തവരാണ് യുഡിഎഫുകാർ. ഞങ്ങളുടെ കുറ്റങ്ങൾ ഞങ്ങൾ തന്നെ നിങ്ങളെ അറിയിക്കും.
'മത്സരം ജയരാജനോടോ ജി സുധാകരനോടോ അല്ല സിപിഎമ്മിനോടാണ്'
പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതിയാണ് സിപിഎമ്മിനകത്തെന്നും അത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും സുധാകരൻ മാധ്യമപ്രവർത്തരോട് പറഞ്ഞു. ഒരു സമയത്ത് സിപിഎം എറ്റവും ശക്തമായി ഉപയോഗിച്ച നേതാവായിരുന്നു പി ജയരാജൻ. അദ്ദേഹത്തെ ഒഴിവാക്കുകയാണെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ട്.
ഒരു കേൾവിക്കാരന് അല്ലെങ്കിൽ കാഴ്ചക്കാരനെന്ന നിലയിൽ നോക്കുമ്പോഴും ഒറ്റപെടുത്തുന്നു എന്ന പ്രതീതിയുണ്ടെന്ന് പറഞ്ഞ സുധാകരൻ പക്ഷേ അത് ആഭ്യന്തര കാര്യമാണെന്നും അതിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ പിടിക്കാനുള്ള സീറ്റുകൾ യുഡിഎഫ് എന്തായാലും പിടക്കുമെന്നും സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീ എമ്മുമായുള്ള ചർച്ചയുടെ കാര്യം സത്യസന്ധമായി പറഞ്ഞുവെന്നതാണ് ജയരാജന്റെ പ്ലസ് പോയിന്റെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഐസക്കും ജി സുധാകരനും മാറുന്നതിനെ പറ്റി ഞങ്ങൾ പറയേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. അവർ പാർട്ടി നയം നടപ്പിലാക്കുന്നു, അതിൽ ഞങ്ങൾക്കെന്ത് കാര്യം. ഞങ്ങളുടെ മത്സരം സിപിഎമ്മുമായാണ്. ഐസക്കുമായോ സുധാകരനുമായോ അല്ല.
അഴീക്കോട് കെ എം ഷാജി
അഴീക്കോട്ട് നിന്ന് ഷാജി കാസർകോട് പോകുമെന്ന് ഷാജിയോ ലീഗോ പറഞ്ഞിട്ടില്ലെന്നും അത് മാധ്യമങ്ങളുണ്ടാക്കിയ കഥയാണെന്നുമാണ് കെ സുധാകരൻ പറയുന്നത്. ഷാജി കാസർകോട് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇക്കുറി മത്സരിക്കാനില്ലെന്നായിരുന്നു ഷാജിയുടെ നിലപാട്. അത് സഹോദരബുദ്ധിയാൽ എല്ലാവരും ചേർന്നുപദേശിച്ച് സമ്മർദം ചെലുത്തി മാറ്റിയിട്ടുണ്ട്. കാസർകോടോ കണ്ണൂരോ എന്നുള്ളതല്ല പ്രശ്നമെന്ന് സുധാകരൻ അവകാശപ്പെടുന്നു.
ഷാജിക്കെതിരായ കേസുകൾ ബാധിക്കില്ലെന്ന് പറഞ്ഞ സുധാകരൻ ഷാജിയുടെ ഇടപെടലിൽ അഴിമതിയുണ്ടെന്ന് ചോദിക്കാൻ നിങ്ങൾക്ക് നാണവും മാനവും ഉണ്ടോയെന്നാണ് മാധ്യപ്രവർത്തകരോട് ചോദിച്ചത്. നാട് ഭരിക്കുന്നത് ഒരു കൊള്ളക്കാരനാണെന്നും ആ മുഖ്യമന്ത്രിയുടെ നാട്ടിൽ ഒരു മാനേജ്മെന്റിനോട് ഷാജി പണം വാങ്ങിയെന്ന് പറയുന്നതെങ്ങനായാണെന്നാണ് ന്യായീകരണം. ഷാജി മത്സരിക്കുമെന്നും ഷാജി ജയിക്കുമെന്നും സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.