കണ്ണൂരിൽ ചാർട്ടർ വിമാനത്തിൽ അദാനി വന്നു, വൈകിട്ട് തിരിച്ചു പോയി. പണം കൊണ്ടാണ് അദാനി വന്നതെന്നാണ് പറയുന്നത്. ഇത് അന്വേഷിക്കാൻ കേന്ദ്രം തയ്യാറാകണം സുധാകരൻ ആവശ്യപ്പെട്ടു.
കണ്ണൂർ: കേരളത്തിൽ ഇക്കുറി നടക്കുന്നത് സുതാര്യത നഷ്ടപ്പെട്ട തെരഞ്ഞെടുപ്പാണെന്ന് കെ സുധാകരൻ എംപി. വോട്ടർ പട്ടികയിൽ ഇത്രയേറെ വ്യാജവോട്ടർമാർ വന്നത് പരിശോധിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം. 80 കഴിഞ്ഞവർ വോട്ട് ചെയ്ത ശേഷം അത് കൊണ്ട് പോകുന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കടുത്ത അലംഭാവം കാണിച്ചുവെന്നും സുധാകരൻ ആരോപിച്ചു.
ബാലറ്റ് പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് കൊണ്ട് പോകുന്നതെന്നും വോട്ട് ഇടതിനല്ലെങ്കില്‍ ബാലറ്റ് തിരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്ന് പറയാൻ എന്ത് ധാർമ്മികയാണ് പിണറായി വിജയനുള്ളതെന്ന് ചോദിച്ച സുധാകരൻ പിണറായിയെ പോലെ കളളം പറഞ്ഞ മുഖ്യമന്ത്രി ഇന്ത്യയിൽ തന്നെയില്ലെന്നും ആക്ഷേപിച്ചു.
സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ഓരോ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അതെല്ലാം കള്ളമാണെന്ന് പറഞ്ഞു, പക്ഷേ അതെല്ലാം തിരുത്തിയില്ലേ, ഇത്രയും തറ നിലവാരത്തിലുള്ള മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് ജനം തീരുമാനിക്കണം. സ്വന്തം മണ്ഡലത്തിലെ കള്ളവോട്ടെങ്കിലും തള്ളി പറയാൻ നട്ടെല്ലുണ്ടോ മുഖ്യമന്ത്രിക്കെന്നും സുധാകരൻ വെല്ലുവിളിച്ചു.
പി ജയരാജനെ തകർക്കാനാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചില മാനദണ്ഡങ്ങൾ കൊണ്ടുവന്നതെന്ന് പറഞ്ഞ സുധാകരൻ ഇന്ന് പിണറായിക്കൊപ്പം എത്ര നേതാക്കൾ ഉണ്ടെന്നും ചോദ്യം ഉന്നയിച്ചു. പലരും അകന്നു നിൽക്കുകയാണെന്നാണ് ആരോപണം. കോടിയേരി, പി ജയരാജൻ, ഇ പി ജയരാജൻ, തോമസ് ഐസക്, തുടങ്ങിയവർ ഇന്ന് എവിടെയാണെന്ന് സുധാകരൻ ചോദിക്കുന്നു.
കണ്ണൂരിൽ ചാർട്ടർ വിമാനത്തിൽ അദാനി വന്നു, വൈകിട്ട് തിരിച്ചു പോയി. പണം കൊണ്ടാണ് അദാനി വന്നതെന്നാണ് പറയുന്നത്. ഇത് അന്വേഷിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പുതിയ കരാറിന് പാരിതോഷികവുമായാണ് അദാനി വന്നതെന്നും ഇത് മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു യാത്രയെന്നും സുധാകരൻ പറഞ്ഞു. ഇത് തെളിയിക്കണ്ട ബാധ്യത കോൺഗ്രസിനല്ല പിണറായിക്കാണെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോംബ് ഇതാണെങ്കിൽ അത് ചീറ്റിപ്പോയെന്ന് പറഞ്ഞ് തടി തപ്പാൻ നോക്കണ്ടെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ഇതെല്ലാം അന്വേഷിക്കുമെന്നും വ്യക്തമാക്കി.