എൻ്റെ കൺമുൻപിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജംഗ്ഷനിലാണ് സംഭവം നടന്നത് രാത്രിയിൽ ഒച്ചയും ബഹളും കേട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ചെന്നത്. എൻ്റെ കാലിന് അടുത്തായാണ് ബോംബ് പൊട്ടിയത്.
കണ്ണൂർ: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലയാളികൾ മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിൻ്റേയും മുഹ്സിൻ്റേയും പിതാവ് മുസ്തഫ. എൻ്റെ കൺമുൻപിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജംഗ്ഷനിലാണ് സംഭവം നടന്നത് രാത്രിയിൽ ഒച്ചയും ബഹളും കേട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ചെന്നത്. എൻ്റെ കാലിന് അടുത്തായാണ് ബോംബ് പൊട്ടിയത്.
മരിച്ച മകൻ മൻസൂർ മുസ്ലീം ലീഗ് അനുഭാവിയാണ്. തൻ്റെ കുടുംബത്തിൽ എല്ലാവരും ലീഗ് അനുഭാവികളാണ്. മൂത്തമകനായ മുഹ്സിനാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയത്. എന്തിനാണ് അവർ ഇങ്ങനെ ചെയ്തത് എന്നറിയില്ല. വലിയ കശപിശ നടന്നത് കൊണ്ട് അതൊക്കെ തീർന്ന് ആൾക്കാരെ മാറ്റി അഞ്ച്-പത്ത് മിനിറ്റ് കഴിഞ്ഞാണ് മൻസൂറിനെ കൊണ്ടുപോയത്. ആദ്യം തലശ്ശേരിയിലും പിന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. രണ്ട് മൂന്ന് പേരെ ചേർന്ന് മുഹ്സിനെ തല്ലുന്നത് കണ്ടാണ് ഞാനും മൻസൂറും അങ്ങോട്ട് ചെന്നത്. ഞങ്ങൾ പോയി കുട്ടികളെയെല്ലാം പിടിച്ചു മാറ്റി. അതിനിടയിലാണ് ആരോ മൻസൂറിനെ വെട്ടിയത് - മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
കൊലപാതകത്തിൻ്റെ ദൃക്സാക്ഷിയും അയൽവാസിയുമായ റമീസയുടെ വാക്കുകൾ -
എൻ്റെ മുന്നിലാണ് ബോംബ് വന്ന് പൊട്ടിയത്. സ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ചെവി അടഞ്ഞു പോയി. നല്ല വേദനയമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭർത്താവിനെ അന്വേഷിച്ച് മുഹ്സിൻ വീട്ടിലേക്ക് എത്തിയത്. ഭർത്താവ് കുളിക്കുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ അവിടെ കാത്തു നിൽക്കുകയായിരുന്നു. ഇതിനിടെ ചിലർ റോഡിലൂടെ പോകുന്നതും വരുന്നതും കണ്ടിരുന്നു. പെട്ടെന്നാണ് കുറേ ആളുകൾ വന്ന് മുഹ്സിനെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നത് കണ്ടത്. അതു കണ്ട് ഞാനും ഉമ്മയും നിലവിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും അവിടെ അടിയായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന ബൈക്ക്അവർ അടിച്ചു തകർത്തു. അപ്പോൾ വാളും വടിയും എല്ലാം അവരുടെ കൈയിലുണ്ടായിരുന്നു.
ആളുകളൊക്കെ കൂടി ബഹളമൊക്കെ ഒന്നു ശമിച്ചപ്പോൾ മുഹസിനെ കാണാനില്ലായിരുന്നു. അതിനിടെ പെട്ടെന്ന് ഒരു ബോംബ് പൊട്ടിയത്. അതോടെ എല്ലാവരും പേടിച്ചോടി. ഞാനോടി വീടിനകത്തേക്ക് കേറിയതിന് പിന്നാലെ മുഖംമൂടിയൊക്കെ ധരിച്ച അൻപതോളം പേർ വീട്ടിലേക്ക് എത്തി. അപ്പോഴേക്കും പൊലീസ് എത്തിയതോടെ അവർ പലവഴിക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടയിലാണ് മൻസൂറിനെ കൊന്നത്. ഇന്നലെ വൈകിട്ട് ഈ വീടിൻ്റെ മുറ്റത്തുണ്ടായിരുന്ന ആളാണ് മൻസൂർ അവനിങ്ങനെ പറ്റിയല്ലോ എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.