സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഒത്തുകളി ആക്ഷേപം ആവര്‍ത്തിക്കുകയാണ് ആര്‍ ബാലശങ്കര്‍ . സീറ്റ് കിട്ടാത്തതിൽ ഒരു നിരാശയും ഇല്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിൽ ധാരണ ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവര്‍ത്തിച്ച് ഡോ ആര്‍ ബാലശങ്കര്‍. ? വസ്തുതയല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ആര്‍ ബാലശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ആവര്‍ത്തിച്ചു. സീറ്റ് കിട്ടാത്തതിന്‍റെ അതൃപ്തിയാണ് ബാലശങ്കറിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെന്ന ആക്ഷേപവും അദ്ദേഹം പൂര്‍ണ്ണമായും തള്ളി. സ്ഥാനമാനങ്ങൾ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് ബാലശങ്കർ പറയുന്നു.
പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിന്‍റെ പിന്തുണയുണ്ട്. കേന്ദ്രത്തിൽ വലിയ പദവികൾ വേണമെങ്കിൽ കിട്ടുമായിരുന്നു. വേണമെങ്കിൽ കേന്ദ്രമന്ത്രിയും ആകാമായിരുന്നു. അതൊക്കെ വേണ്ടെന്ന് വച്ചത് സ്ഥാനമോഹം ഇല്ലാത്തത് കൊണ്ടാണ്. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. അതാണ് ചോദ്യം ചെയ്തത്.
ആരോപണം ഉന്നയിച്ച ശേഷം ഫോൺ നിലത്ത് വയക്കാൻ കഴിയാത്ത വിധം പലഭാഗത്ത് നിന്നും വിളി എത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പ്രതിഫലിപ്പിച്ചത് എന്നാണ് എല്ലാവരും പറയുന്നതെന്നും ആര്‍ ബാലശങ്കര്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സിപിഎം ബിജെപി ധാരണയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്റെ ആരോപണം വലിയ ചര്‍ച്ചക്കാണ് കേരള രാഷ്ട്രീയത്തിൽ തുടക്കമിട്ടിട്ടുള്ളത്.