തപാൽവോട്ടിനിടെ പെൻഷൻ വിതരണം; വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കളക്ടറുടെ അന്വേഷണം

By Web Team  |  First Published Mar 31, 2021, 6:49 AM IST

കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. ഒരുവശത്ത് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, മറുവശത്ത് ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകുകയായിരുന്നു.


ആലപ്പുഴ: കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.

Latest Videos

undefined

കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. എൺപത് വയസ്സു പിന്നിട്ട സ്ത്രീക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ പൊലീസ് സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇവർക്കൊപ്പം പെരിങ്ങാല സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, മറുവശത്ത് ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർധിക്കുമെന്ന് ഇയാൾ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തം.

ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി. അതേസമയം, പെൻഷൻ വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

click me!