കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മാറ്റത്തിനായുള്ള മുറവിളി നടക്കുന്നതിനിടെയാണ് നിർണ്ണായക ചർച്ച
തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും കോൺഗ്രസ് എംഎൽഎമാരുമായി ഒറ്റക്ക് ഒറ്റക്ക് കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുക.
രമേശ് ചെന്നിത്തല തുടരട്ടെ എന്ന അഭിപ്രായം ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിനുണ്ട്. പക്ഷെ പകരക്കാരനായി വി ഡി സതീശന്‍റെ പേര് ശക്തമായി ഉയരുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മാറ്റത്തിനായുള്ള മുറവിളി നടക്കുന്നതിനിടെയാണ് നിർണ്ണായക ചർച്ച. സമവായമുണ്ടായാൽ ഒരു പക്ഷെ ഇന്ന് തന്നെ പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാം. അല്ലെങ്കിൽ റിപ്പോർട്ട് ഹൈക്കമാൻഡ് നൽകി പ്രഖ്യാപനം പിന്നീട് നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona