പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്തും തവനൂർ വേണ്ടെന്ന് റിയാസ് മുക്കോളിയും നേതൃത്വത്തെ അറിയിച്ചു. നിലമ്പൂർ വിവി പ്രകാശിനെ കൊടുത്ത് ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
തിരുവനന്തപുരം: ഒഴിച്ചിട്ട ആറിടത്തെയും സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളിൽ കോൺഗ്രസ്. ഒഴിച്ചിട്ട ആറിടത്തും പിന്നെ ധർമ്മടത്തും സ്ഥാനാർത്ഥിയെ കണ്ടെത്തലാണ് കോൺഗ്രസ്സിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി. ഇന്നലെ രാത്രിയുണ്ടായ ധാരണകൾ വീണ്ടും മാറിമറയുകയാണ്. പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്തും തവനൂർ വേണ്ടെന്ന് റിയാസ് മുക്കോളിയും നേതൃത്വത്തെ അറിയിച്ചു. നിലമ്പൂർ വിവി പ്രകാശിനെ കൊടുത്ത് ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പക്ഷെ ഷൗക്കത്ത് പട്ടാമ്പി വേണ്ടെന്ന് നേതൃത്വത്തെ അറിയിച്ചു. തവനൂരിൽ പരിഗണിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയും പിന്മാറി. തവനൂരിൽ വീണ്ടും ഫിറോസ് കുന്നംപറമ്പിലിനെ പരിഗണിക്കാനിടിയുണ്ട്. അങ്ങിനെയെങ്കിൽ റിയാസിനെ പട്ടാമ്പിയിലേക്ക് മാറ്റിയേക്കും.
കല്‍പ്പറ്റയില്‍ ടി സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സിന്‍റെ 40 ഭാരവാഹികൾ രാജിവെച്ചു. പ്രതിപക്ഷനേതാവ് തന്നെ ജില്ലാ നേതാക്കളുമായി ചർച്ച നടത്തുകയാണ്. കെപി അനിൽകുമാറിനെ മാറ്റി പിസി വിഷ്ണുനാഥിനെ വട്ടിയൂർകാവിൽ ഉറപ്പിച്ചെങ്കിലും പ്രാദേശിക നേതാക്കൾ വീണ്ടും എതിർപ്പ് ഉയർത്തുന്നു. വിഷ്ണുനാഥിനെ നിർത്തിയാൽ വിമതനെ ഇറക്കുമെന്നാണ് വട്ടിയൂർകാവിലെ പ്രാദേശിക നേതാക്കളുടെ ഭീഷണി. ജില്ലയ്ക്ക് പുറത്തുള്ളവർ വേണ്ടെന്ന വാദമാണ് ഉയർത്തുന്നത്. കുണ്ടറയിൽ കല്ലട രമേശിന്‍റെ പേരാണ് സജീവ പരിഗണനയിൽ. പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ വീണ്ടും അറിയിച്ചതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ഇന്ന് വൈകിട്ടോ നാളെയോ കൊണ്ട് ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ നീർത്താനാണ് കോണ്‍ഗ്രസ് ശ്രമം.