മണ്ഡലം മാറി മത്സരിക്കില്ല, ഹൈക്കമാൻഡ് നിർദ്ദേശം തളളി ചെന്നിത്തലയും ഉമ്മൻചാണ്ടിയും; ചർച്ചകളിൽ കടുത്ത അതൃപ്തി

By Web Team  |  First Published Mar 11, 2021, 9:50 AM IST

ഗ്രൂപ്പ് നിർദ്ദേശങ്ങൾ സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നു. മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി. 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എഐസിസി സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതി‍‍ര്‍ന്ന നേതാക്കളുടെ പരാതി. അതേ സമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി.

നേമവും വട്ടിയൂ‍ര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനായിരുന്നു ഹെക്കമാന്‍ഡ് നീക്കം.  ഉമ്മൻ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളുയ‍ര്‍ന്നിരുന്നു. ഹൈക്കമാൻഡ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലായി. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നും മുരളീധരൻ അറിയിച്ചിട്ടുണ്ട്. 

Latest Videos

undefined

ബിജെപി വെല്ലുവിളി നേരിടാൻ വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ഹൈക്കമാന്‍റ് നിലപാട്. സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയോടും ആരാഞ്ഞെങ്കിലും അദ്ദേഹവും  നിര്‍ദ്ദേശം തളളിയതായാണ് വിവരം. 

സീറ്റുകളിൽ ഏകദേശ ധാരണയായ സാഹചര്യത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേർന്നേക്കും. സ്ഥാനാർത്ഥികളെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് നീക്കം. പതിവിൽ നിന്നും വ്യത്യസ്തമായി  ഹെക്കമാൻഡിന്റെ ശക്തമായ ഇടപെടലുകളുണ്ടായത് ഗ്രൂപ്പുകൾക്ക് തിരിച്ചടിയായിട്ടുണ്ട്. 

 

 

 

 

click me!