ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
കാസർകോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷം വ്യാജൻമാർ വോട്ടർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച ചെന്നിത്തല ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബൂത്തിലിരിക്കാൻ മറ്റ് പാർട്ടികളെ സമ്മതിക്കാത്ത ബൂത്തുകൾ കാസർകോട്, കണ്ണൂർ ജില്ലകളിലുണ്ട്.
ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മഷി മാച്ച് വോട്ട് ചെയ്യുകയാണ് ഇവരുടെ പതിവെന്നും വോട്ടർ പട്ടിക കുറ്റമറ്റതാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒരു സഹായവും വേണ്ട. നീതി നടപ്പിലാക്കണം, വസ്തുതയുണ്ടെങ്കിൽ മാത്രം നടപടി എടുത്താൽ മതി. ഉദുമയിലെ കുമാരി തെറ്റ് ചെയ്തിട്ടില്ലെന്നും പരിശോധിക്കേണ്ടത് ബിഎൽഒ ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സർക്കാരിനെതിരായ ജനവികാരം ശക്തമാണെന്നും ചെന്നിത്തല പറയുന്നു. യുഡിഎഫ് പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമാണെന്നും രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ അഭൂതപൂർവ്വമായ പങ്കാളിത്തമാണുണ്ടായതെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഭരണമാറ്റം ഉണ്ടാകുമെന്ന വികാരം അട്ടിമറിക്കാനാണ് സ്ഥാനാർത്ഥികളും പ്രകടനപത്രികയും വരും മുമ്പ് ചില മാധ്യമങ്ങൾ സർവ്വേ നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം.
ജനാധിപത്യ മര്യാദ ലംഘിച്ച് ഏകപക്ഷീയമായ നിലപാട് ചില പ്രമുഖ ചാനലുകൾ എടുക്കുന്നുവെന്നും മാധ്യമങ്ങൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നുമാണ് ചെന്നിത്തല ആരോപിക്കുന്നത്. ഈ പ്രവണത ജനാധിപത്യത്തിന് ആപൽക്കരമാണെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളെ വിലക്കെടുക്കുന്ന മോദിയുടെ നിലപാടാണ് പിണറായി സ്വീകരിക്കുന്നത്. യുഡിഎഫിന് നേരിടേണ്ടി വരുന്നത് സർക്കാരിന്റെ പണക്കൊഴുപ്പ് മാത്രമല്ല മാധ്യമങ്ങളുടെ കല്ലേറ് കൂടിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി.
എല്ലാ സർവ്വേകളും പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കുന്നു, ചോദ്യങ്ങൾ സക്കാരിന് അനുകൂലമാക്കുന്നു. ഒരു മണ്ഡലത്തിലെ നൂറോ ഇരുന്നൂറോ പേരെ ഫോൺ വിളിച്ച് ഇതാണ് ജനവിധി എന്ന് പറയുന്നുവെന്നാണ് ആക്ഷേപം. നാല് ചാനലുകൾക്കും ഒരു സർവ്വേ ഏജൻസിയാണെന്ന ആരോപണം ചെന്നിത്തല ആവർത്തിച്ചു. ജനങ്ങളുടെ മുന്നിൽ ഒരു റേറ്റിംഗും സർക്കാരിനില്ലെന്നും സർവ്വേകളെ തള്ളിക്കളയുകയാണെന്നും ചെന്നിത്തല വീണ്ടും ആവർത്തിച്ചു.
ബോധപൂർവ്വം യുഡിഎഫിനെ പരാജയപ്പെടുത്താർ ശ്രമം നടക്കുകയാണ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കിട്ടുന്ന പരസ്യത്തിന്റെ ഉപകാരസ്മരണ എന്ന രീതിയിലാണ് സർവ്വേകൾ. ജനങ്ങളുടെ സർവ്വേയിൽ യുഡിഎഫ് വൻ വിജയം നേടും. ചെന്നിത്തല പറയുന്നു. 200 കോടിയുടെ പരസ്യം കിട്ടിയപ്പോൾ മാധ്യമ ധർമ്മം മറന്നുവെന്നും ഏതാനും മാധ്യമങ്ങൾ വിചാരിച്ചാൽ യുഡിഎഫിനെ തകർക്കാനാവില്ലെന്നുമാണ് അവകാശവാദം.
വയനാട്ടിലെ റോസക്കുട്ടിയുടെ രാജിയിൽ ഒരു ഗൗരവും കാണുന്നില്ലെന്നാണ് ചെന്നിത്തല പറയുന്നത്. അവർക്ക് ആവശ്യത്തിൽ കൂടുതൽ സ്ഥാനം കൊടുത്തിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ന്യായീകരണം.
കേരളത്തിൽ ബിജെപി സിപിഎം കൂട്ടുകെട്ടാണെന്നും അതിൻ്റെ ഭാഗമായാണ് 3 മണലങ്ങളിൽ ബിജെപി പത്രിക തള്ളിയതെന്നും ചെന്നിത്തല പറയുന്നു. ബാലശങ്കർ പറഞ്ഞ ഡീലിൻ്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി അമിത് ഷായേയോ മോദിയേയോ വിമശിക്കില്ലെന്നും ചെന്നിത്തല പറയുന്നു. ഏതെങ്കിലും കാലത്ത് ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു.