'കേന്ദ്ര ഫണ്ട് തരം മാറ്റി പിണറായി സർക്കാരിന്റെ മുസ്ലീം പ്രീണനം', ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി

By Web Team  |  First Published Mar 27, 2021, 7:51 AM IST

'വിധവകള്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ മലപ്പുറത്തുള്ള മുസ്ലീം വിധവയെങ്കില്‍ നിങ്ങള്‍ക്ക് സഹായം കിട്ടും'. മലപ്പുറത്തോ പുറത്തോ ഉള്ള ഹിന്ദു, ക്രിസ്ത്യന്‍ വിധവകള്‍ക്ക് ആനുകൂല്യം കിട്ടില്ലെന്നും ബിജെപി എംപി മീനാക്ഷി ലേഖി


ദില്ലി: കേരളത്തിൽ സിപിഎം മുസ്ലീം പ്രീണനം നടത്തുന്നെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. കേന്ദ്ര ഫണ്ടുകള്‍ തരം മാറ്റി സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തുകയാണെന്നും മലപ്പുറത്തിന് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു.  കേന്ദ്രത്തിന്‍റെ ലേബല്‍മാറ്റി സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ സ്വന്തമാക്കുന്നു. കിറ്റില്‍ മാത്രമല്ല എല്ലാ കേന്ദ്ര ഫണ്ടിലും അങ്ങനെ തന്നെയാണ്. വിധവകള്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ മലപ്പുറത്തുള്ള മുസ്ലീം വിധവയെങ്കില്‍ നിങ്ങള്‍ക്ക് സഹായം കിട്ടും. മലപ്പുറത്തോ പുറത്തോ ഉള്ള ഹിന്ദു, ക്രിസ്ത്യന്‍ വിധവകള്‍ക്ക് ആനുകൂല്യം കിട്ടില്ല. സ്റ്റാര്‍ട്ട് അപ്പുകളിലും അങ്ങനെ തന്നെയാണ്. മുസ്ലീങ്ങള്‍ക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥര്‍ക്ക് കിട്ടുന്നില്ലെന്ന ആരോപണമുന്നയിച്ച ലേഖി,  ഈ വര്‍ഗീയത ജനം തിരിച്ചറിയുമെന്നും പ്രതികരിച്ചു. 

ഓര്‍ഗനൈസര്‍ മുന്‍ എഡിറ്ററുടെ 'ഡീൽ ' ആരോപണം പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും ശോഭ സുരേന്ദ്രന് സീറ്റ് നല്‍കിയവര്‍ അവരുടെ വിജയ സാധ്യത വിലയിരുത്തട്ടെയെന്നും മീനാക്ഷി ലേഖി ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Latest Videos

undefined

"പാര്‍ട്ടി പുതുമുഖങ്ങളെ പരീക്ഷിക്കും, സീറ്റ് ലഭിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് അർഹതയില്ലെന്നോ നിങ്ങളെ വിലമതിക്കുന്നില്ലെന്നോ അല്ല. 
ടിക്കറ്റ് ഒരു ഘടകം മാത്രമാണ്. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയ ലേഖി, കേരളത്തിലെ പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ശോഭക്ക് വേണ്ടിയല്ല, ബിജെപിക്കായാണ് പ്രചാരണം നടത്തുന്നതെന്നും വ്യക്തമാക്കി. ശോഭയുടെ വിജയസാധ്യതയെകുറിച്ച് സീറ്റ് നൽകിയവരാണ് പറയേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. 

ശബരിമലയിൽ ജനങ്ങളുടെ അവകാശത്തെയും വിശ്വാസത്തെയും ബിജെപി സംരക്ഷിച്ചു. അത് പ്രതിഫലിക്കും. ജനങ്ങളുടെ വികാരം മനസിലാക്കാത്തവര്‍ ഇപ്പോള്‍ അവരുടെ സംരക്ഷരായി സംസാരിക്കുന്നു. ഇങ്ങനെ നാടകം കളിക്കുന്നവരാരെങ്കിലും വിശ്വാസ സംരക്ഷണത്തിനായി ജയിലില്‍ പോയിട്ടുണ്ടോയെന്നും അവർ ചോദിച്ചു. 

സീറ്റ് കിട്ടാത്തവര്‍ക്ക് അസ്വസ്ഥത കാണുമെന്നായിരുന്നു ഓര്‍ഗനൈസറുടെ മുന്‍ എഡിറ്റര്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചതിനെക്കുറിച്ച് ലേഖിയുടെ പ്രതികരണം. അവര്‍ കരുതുന്നത് അവര്‍ മാത്രമാണ് സീറ്റിന് അര്‍ഹര്‍ എന്നാണെന്ന് പ്രതികരിച്ച ലേഖി അതേ സമയം ഈ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും കൂട്ടിച്ചേർത്തു. സിപിഎമ്മുമായി ഒരിക്കലും ബിജെപിക്ക് സഖ്യമുണ്ടാക്കാനാവില്ല. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുളളവരാണ്. കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ അവര്‍ക്കറിയാം. വലിയ മാറ്റം ഇത്തവണ ഉണ്ടാകും. കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്റെ വാക്കുകളെ വിശ്വസിക്കുന്നു. സംസ്ഥാന പ്രസിഡന്‍റിനാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നത്. അദ്ദേഹം പറയുന്നത് വിശ്വസിക്കുകയാണെന്നായിരുന്നു ലേഖിയുടെ മറുപടി. 

 പ്രിയങ്കാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും കേരളത്തിലെ പ്രചാരണം ജനവിധിയില്‍ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് പഴയ അഴിമതിക്കാരെ വീണ്ടും അധികാരത്തിലെത്തിക്കണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു  ലേഖിയുടെ മറുപടി.  അവര്‍ ആളുകളുടെ വികാരം ചൂഷണം ചെയ്യുന്നവരാണ്. അവസരവാദ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു. 

click me!