'കുമ്മനം പിൻഗാമിയെന്ന് പറയില്ല, ശോഭ മത്സരിക്കണം', പിണറായി പ്രശംസ ന്യായീകരിച്ചും രാജഗോപാൽ

By Web Team  |  First Published Mar 15, 2021, 2:50 PM IST

പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു. ഏതിനേയും കണ്ണടച്ച് എതിർക്കുന്ന രീതിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പിണറായി പ്രശംസയെയും ന്യായീകരിച്ചു.


തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയെന്ന് പറയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാൽ. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ അദ്ദേഹത്തിന് പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

ഇത്തവണ മത്സരിക്കാനില്ലെന്ന് ‌ഞാൻ തന്നെയാണ് പാര്‍ട്ടിയോട് പറഞ്ഞത്. നേരത്തെ തോൽക്കുമെന്ന് ഉറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചിലപ്പോ കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്നിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അന്നത്തെ ലക്ഷ്യം. ചില മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Latest Videos

undefined

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി പരമാവധി പിടിച്ച് നിൽക്കാൻ നോക്കി  പക്ഷെ കഴിഞ്ഞില്ല. അതിന്റെ അരിശമാണ് എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല എന്നതടക്കം ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. 

എന്തിനേയും ഏതിനേയും കണ്ണടച്ച് എതിർക്കുന്ന രീതി തനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിണറായി പ്രശംസയെയും ന്യായീകരിച്ചു. പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നു. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കണം. ശോഭ കഴിവ് തെളിയിച്ച നേതാവാണ്. മത്സരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. ഇനിയും മണ്ഡലങ്ങളിൽ ഒഴിവുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖം കാണാം
 

click me!