'എന്നും സംഘപരിവാറിനൊപ്പം', നടി രാധയും ഭര്‍ത്താവും സജീവ രാഷ്ട്രീയത്തില്‍, നെയ്യാറ്റിൻകരയിൽ പ്രചാരണത്തിരക്കിൽ

By Web Team  |  First Published Mar 16, 2021, 11:46 AM IST

80 കളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങിയ രാധ, ഭര്‍ത്താവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി രംഗത്തുണ്ട് 


തിരുവനന്തപുരം: ഹോട്ടല്‍ ടൂറിസം മേഖലയില്‍ വലിയ നേട്ടം കൈവരിച്ച വ്യവസായി എസ്.രാജശേഖരന്‍ നായര്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കുകയാണ്. ജനിച്ച നാടിന്‍റെ നന്‍മക്കും, പുരോഗതിക്കും വേണ്ടിയാണ് നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പദവി ലക്ഷ്യമിട്ടല്ല, ബിജെപിയില്‍ ചേര്‍ന്നതെന്ന് രാജശേഖരന്‍ നായരുടെ ഭാര്യയും നടിയുമായ രാധ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ വിജയയാത്രയുടെ സമാപനവേദിയില്‍ അമിത് ഷായില്‍ നിന്നാണ് രാജശേഖരന്‍ നായരും ഭാര്യ രാധയും ബിജെപി അംഗത്വം സ്വീകരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ രാജശേഖരന്‍ നായര്‍ ബിജെപിയുടെ നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥിയായി.

Latest Videos

undefined

80 കളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങിയ രാധ, ഭര്‍ത്താവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി രംഗത്തുണ്ട്. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലെത്തിയത്. വോട്ടര്‍മാരെ നേരില്‍ കണ്ട് ഭര്‍ത്താവിന് വോട്ട് തേടും. മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുമെന്നും രാധ പറഞ്ഞു. 

നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയായ എസ്. രാജശേഖരന്‍നായര്‍, 17ാം വയസ്സില്‍ ജോലി തേടി മുംബൈക്ക് പോയി, ഹോട്ടല്‍ ജീവനക്കാരനായി തുടങ്ങി, ഹോട്ടല്‍ ശൃംഖലയുടെ ഉടമയായി. കാല്‍ നൂറ്റാണ്ടായി കേരളത്തിലും ഹോട്ടല്‍ ടൂറിസം മേഖലയില്‍ വിജയകരമായി ബിസിനസ്സ് ചെയ്യുകയാണ് രാജശേഖരൻ.

സിറ്റിംഗ് എംംഎല്‍എ കെ.ആന്‍സലനാണ് സിപിഎം സ്ഥാനാ‍ർത്ഥി. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ആര്‍.ശെല്‍വരാജാണ് യുഡിഎഫിനായി രംഗത്തുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 15000 വോട്ടുകള്‍ മാത്രമാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും എന്നും സംഘപരിവാറുകാരനായിരിക്കുമെന്ന് രാജശേഖരന്‍ നായര്‍ വ്യക്തമാക്കി.

click me!