അരിത ബാബുവിന്റെ ജീവിതമറിഞ്ഞപ്പോള്‍ എന്റെ അമ്മയെയാണ് ഓര്‍മ വന്നത്: സലിം കുമാര്‍

By Web Team  |  First Published Mar 15, 2021, 9:30 PM IST

'ഞാന്‍ മത്സരത്തിനേ ഇല്ല. ഈ പരിപാടിക്കേ ഇല്ല(ചിരിക്കുന്നു). എനിക്ക് രാഷ്ട്രീയം ആവേശമാണ്. പക്ഷേ 24 മണിക്കൂര്‍ രാഷ്ട്രീയം എനിക്ക് പറ്റില്ല. ഞാനൊരു വന്‍ പരാജയമായിരിക്കും എന്നതില്‍ സംശയമില്ല. പിന്നെന്തിനാണ് ഞാന്‍ സീറ്റ് ആഗ്രഹിക്കുന്നത്.  അതിനൊരുപാട് കഴിവുകള്‍ വേണം. സിനിമ നടനായത് എംഎല്‍എയാകാനുള്ള യോഗ്യതയൊന്നുമല്ല. അതിനൊരുപാട് കഴിവ് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാനൊരിക്കലും ആ പോസ്റ്റിന് അനുയോജ്യനല്ല'. 


മീനച്ചൂടിനെ തോല്‍പ്പിക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്ലാ മുന്നണികളും അരയും തലയും മുറുക്കി. ഇനി വിജയിക്കാനുള്ള പോരാട്ടമാണ്. ഏപ്രില്‍ ആറിന് വോട്ട് രേഖപ്പെടുത്തി മെയ് രണ്ടു വരെ നീളുന്ന കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫും ഭരണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ എന്‍ഡിഎയും കച്ചമുറുക്കുകയാണ്. രാഷ്ട്രീയപോരാട്ടത്തിന്റെ ചൂട് മറ്റ് മേഖലകളിലേക്കും പരക്കുകയാണ്. നിരവധി അവസരങ്ങളില്‍ തന്റെ രാഷ്ട്രീയം ഉറക്കെപ്പറഞ്ഞ നടനാണ് സലിം കുമാര്‍. മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സലിംകുമാര്‍ പങ്കുവെക്കുന്നു. സലിംകുമാറുമായി പ്രജീഷ് റാം നടത്തിയ അഭിമുഖം.

 

Latest Videos

undefined

ഇക്കുറി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ടോ?

ഉണ്ട്. ഇക്കുറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് അവര്‍ രംഗത്തിറക്കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് അര്‍ഹമായ പരിഗണന കൊടുത്തിരിക്കുന്നു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും സീറ്റ് കൊടുക്കാന്‍ ഒരു പാര്‍ട്ടിയിലും സാധിക്കില്ല. ലതികാ സുഭാഷിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. അരിതാ ബാബുവും സ്ത്രീയല്ലേ. അവര്‍ക്ക് സീറ്റ് കിട്ടി. ആകെ 140 സീറ്റുമുണ്ട്, പത്തായിരത്തഞ്ഞൂറ് നേതാക്കന്മാരുമുണ്ടാകും. പട്ടിക കണ്ടപ്പോള്‍ കുഴപ്പമൊന്നും  എനിക്ക്  തോന്നിയില്ല. നല്ല പട്ടികയാണ്. വിമതന്മാരുടെ പ്രശ്നങ്ങള്‍ ഈ വര്‍ഷം കുറവാണെന്ന് തോന്നുന്നു.  എല്ലാ വര്‍ഷവും ഉത്സവത്തിന് വെടിക്കെട്ട് പോലെ കോണ്‍ഗ്രസില്‍ വിമത പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഈ വര്‍ഷം കുറച്ച് കുറവായിരിക്കുമെന്ന് കരുതി. പക്ഷേ കുറവൊന്നുമില്ല. 

ലതികാ സുഭാഷിന്റെ പ്രതിഷേധം കണ്ടപ്പോള്‍ എന്തുതോന്നി?

പാര്‍ട്ടിക്കുവേണ്ടി യാതൊരു നേട്ടവുമില്ലാതെ,  ഒരു ചായ പോലും പ്രതിഫലം ആഗ്രഹിക്കാതെ ലക്ഷക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിലായാലും കോണ്‍ഗ്രസിലായാലും ബിജെപിയിലായാലും. അതെല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ്. ഇവരുടെ കാര്യമെന്താണ് ആരും ആലോചിക്കാത്തത്. സ്വന്തം നേട്ടത്തിന് വാദിക്കുന്നവരെ അതാരായാലും നമുക്ക് അംഗീകരിക്കാനാകില്ല. അവര്‍ക്ക് അവസരങ്ങള്‍ കൊടുത്തിട്ടുള്ളതല്ലേ. ഇത്തവണയും അവര്‍ക്ക് സീറ്റ് കൊടുക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അവര്‍ക്ക് ആ സീറ്റു തന്നെ വേണം. അത് ഘടകകക്ഷിക്ക് കൊടുത്തതല്ലേ.

കായംകുളത്ത് മത്സരിക്കുന്ന അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് താങ്കളാണല്ലോ?

അതെ. അരിത ബാബുവിന്റെ ജീവിതം എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. എന്റെ അമ്മയെയാണ് അവരുടെ ജീവിതം വായിച്ചപ്പോള്‍ ഓര്‍മവന്നത്. ഇത്തരം ആളുകള്‍ അധികാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു കലാകാരന്‍ എന്ന നിലയില്‍ വളരെ സന്തോഷം തോന്നി. ഞാനാണ് അവര്‍ക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. അവര്‍ക്ക് അതില്‍ സന്തോഷം തോന്നി. 

 

സിനിമാ രംഗത്ത് നിന്ന് ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുമുണ്ടല്ലോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നുണ്ടോ?

തീര്‍ച്ചയായും. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തീര്‍ച്ചയായും പോകും. പോകാതിരിക്കാനാകില്ല. അവന്റെ വിജയത്തിനായി കഴിവിന്റെ പരാമവധി ഞാന്‍ പ്രവര്‍ത്തിക്കും. 

 

മത്സരിക്കാനായി കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നോ?, അവസരം കിട്ടിയാല്‍ മത്സരിക്കുമോ?

ഞാന്‍ മത്സരത്തിനേ ഇല്ല. ഈ പരിപാടിക്കേ ഇല്ല(ചിരിക്കുന്നു). എനിക്ക് രാഷ്ട്രീയം ആവേശമാണ്. പക്ഷേ 24 മണിക്കൂര്‍ രാഷ്ട്രീയം എനിക്ക് പറ്റില്ല. ഞാനൊരു വന്‍ പരാജയമായിരിക്കും എന്നതില്‍ സംശയമില്ല. പിന്നെന്തിനാണ് ഞാന്‍ സീറ്റ് ആഗ്രഹിക്കുന്നത്.  അതിനൊരുപാട് കഴിവുകള്‍ വേണം. സിനിമ നടനായത് എംഎല്‍എയാകാനുള്ള യോഗ്യതയൊന്നുമല്ല. അതിനൊരുപാട് കഴിവ് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാനൊരിക്കലും ആ പോസ്റ്റിന് അനുയോജ്യനല്ല. 

രാഷ്ട്രീയക്കാരോടുള്ള സമീപനമെങ്ങനെ?

രാഷ്ട്രീയം എന്റെ വ്യക്തിത്വമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരാണ് ഏറ്റവും കൂടുതല്‍ സ്നേഹിതരായിട്ടുള്ളത്. എനിക്ക് ഇഷ്ടമാണവരെ. അവര്‍ തുറന്ന് പറയുന്നു എന്നതാണ് അതിന് കാരണം. അത് വ്യക്തിത്വമാണ്. തുറന്നുപറയാതെ ഞാന്‍ നിഷ്പക്ഷനാണെന്ന് പറയുന്നവരെ എനിക്ക് പേടിയുള്ളൂ. എനിക്ക് രാഷ്ട്രീയക്കാരെ പേടിയില്ല. രാഷ്ട്രീയം എന്നത് ആശയമാണ്. അവര്‍ അവരുടെ രാഷ്ട്രീയത്തെ മുറികെ പിടിക്കുന്നു. ഞാന്‍ എന്റെ രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്നു. അതിനര്‍ഥം ഞാന്‍ നല്ലവന്‍, അവന്‍ മോശക്കാരന്‍ എന്നൊന്നുമില്ല.  ഐഡിയോളജികള്‍ തമ്മിലാണ് മത്സരം. രാഷ്ട്രീയത്തിന്റെ പേരില്‍ വ്യക്തികളെ തേജോവധം ചെയ്യാന്‍ ഞാന്‍ നില്‍ക്കാറില്ല. അതിനി എന്ത് തരാമെന്ന് പറഞ്ഞാലും ഞാന്‍ ചെയ്യില്ല. ഐഡിയോളജി അടിസ്ഥാനമാക്കിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എനിക്ക് വ്യക്തി താല്‍പര്യമില്ല. പലരെയും നയിക്കുന്നത് വ്യക്തി താല്‍പര്യമാണ്. അപ്പോഴാണ് കുത്തിത്തിരിപ്പ് ഉണ്ടാകുന്നത്.  ഐഡിയോളജിയെ സ്നേഹിക്കുന്നവര്‍ക്ക് എന്തിന് സീറ്റ്.
 

click me!