നിയമസഭയിൽ ജയമുറപ്പ്, എൻഎസ്എസുമായി ബന്ധപ്പെട്ട പാർട്ടി നിലപാടാണ് ലേഖനത്തിൽ പറഞ്ഞത്: വിജയരാഘവൻ

By Web Team  |  First Published Apr 16, 2021, 5:37 PM IST

രാജ്യസഭയിലേക്ക് അയക്കേണ്ടവരെ തീരുമാനിച്ചത് പാർട്ടിയാണെന്നും അതിന്റെ മാനദണ്ഡങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും വിജയരാഘവൻ


തിരുവനന്തപുരം: നിയമസഭയിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും പറഞ്ഞു. 

കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലാണ് ഇടതുമുന്നണി യോഗം ചേർന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയും ചർച്ചയായി. രാജ്യസഭയിലേക്ക് രണ്ട് സീറ്റുകളിൽ ഇടതുമുന്നണിക്ക് വിജയിക്കാനാവും. അതിൽ സിപിഎം പ്രതിനിധികൾ മത്സരിക്കണമെന്നാണ് ഇടതുമുന്നണി തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസൻ, കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസുമാണ് മത്സരിക്കുക. 

Latest Videos

undefined

നിയമസഭയിൽ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാനാവുമെന്നാണ് മുന്നണി യോഗം വിലയിരുത്തിയത്. ഘടകകക്ഷികൾ ഐക്യത്തോടെ അഭിമുഖീകരിച്ചു. കേരളത്തിലെ ഇടതുമുന്നണി സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫിന്റെ പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനം നടത്തിയ യുഡിഎഫ് വലിയ തോതിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നടത്തിയ തെറ്റായ കാര്യങ്ങളുടെ തുടർച്ച ബിജെപിക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങൾക്ക് ലഭിക്കില്ല.

കൈ രാഗേഷ് പാർലമെന്ററി പദവിയിൽ മാതൃകാപരമായി പ്രവർത്തിച്ചു. ജോൺ ബ്രിട്ടാസ് ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നിർവ്വഹിച്ചു. പാർട്ടിയുടെ പൂർണ്ണ ബോധ്യത്തോടെയാണ് രണ്ട് പേരെയും സ്ഥാനാർത്ഥികളായി തീരുമാനിച്ചത്. എൻഎസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കിയത്. എൻഎസ്എസ് പറയുന്ന എല്ലാത്തിനോടും പദാനുപദ മറുപടി ആവശ്യമില്ല. തന്നെക്കുറിച്ച് പറയാൻ എൻഎസ്എസിന് അവകാശമുണ്ട്. 

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടെയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ വലിയ തോതിൽ ഇടപെടണമെന്ന് തീരുമാനിച്ചു. കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ ഒരു കോടി ചുരുങ്ങിയത് ലഭിക്കണം. വാക്സീൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി-ക്രൈംബ്രാഞ്ച് വിഷയം സർക്കാർ നിയമപരമായി നേരിടും. മുൻ മന്ത്രി കെടി ജലീൽ മാതൃകാപരമായ വ്യക്തി ജീവിതത്തിനുടമയാണ്. മുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചാൽ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

click me!