സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശവുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. എൽഡിഎഫ് അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി ഗോദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. യുഡിഎഫും ഏറെക്കുറേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പണത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. തുടർഭരണം തേടി എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ഇറങ്ങുമ്പോൾ പ്രധാന മത്സരം എന്നത്തേയും പോലെ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. വികസന നേട്ടങ്ങൾക്കും വാഗ്ദാനങ്ങൾക്കുമൊപ്പം, വ്യത്യസ്ത സാമൂഹിക വിഷയങ്ങളിൽ പാർട്ടികളുടെ ആശയങ്ങളും നിലപാടുകളും കൂടി ചർച്ചയാവുന്നുണ്ട് ഈ തെരഞ്ഞെടുപ്പിൽ. സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫ് സുപ്രധാനമായൊരു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയടക്കം തെരഞ്ഞെടുപ്പ് വിഷയങ്ങളും, പാർടി നിലപാടുകളും വ്യക്തമാക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശവുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ...
കേരളത്തിൽ എൽഡിഎഫ് ചരിത്രം കുറിക്കുമോ, തുടർഭരണം പ്രതീക്ഷിക്കുന്നുണ്ടോ?
undefined
തീർച്ചയായും, പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ എൽഡിഎഫ് ചരിത്രം കുറിക്കുക തന്നെ ചെയ്യും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെുടുപ്പിൽ ജനങ്ങൾ നൽകിയ സന്ദേശം അതുതന്നെയാണ്. ഇപ്പോൾ പ്രചാരണം പുരോഗമിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാവകയുമാണ്.
പൊന്നാനി, കുറ്റ്യാടി പോലുള്ള മണ്ഡലങ്ങളിലെ, പാർട്ടിയിൽ സാധാരണമല്ലാത്ത പ്രതിഷേധങ്ങളെ എങ്ങനെ കാണുന്നു?
പ്രതിഷേധങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ജനങ്ങൾ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുകയാണ്. കുറ്റ്യാടിയിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ പാർട്ടി ചട്ടങ്ങൾ പാലിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. പാർട്ടിക്ക് അതിന്റേതായ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായം ക്രോഡീകരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു. യുഡിഎഫിലും ബിജെപിയിലും നടക്കുന്നതുപോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഇവിടെ കണാൻ കഴിയില്ല.
അസാധാരണ പ്രതിഷേധങ്ങൾക്കെതിരെ നടപടിയുണ്ടാകുമോ?
ജനാഭിപ്രായം രേഖപ്പെടുത്തുന്നത് ഒരിക്കലും അസാധാരണമായ കാര്യമല്ല. പാർട്ടി കോൺഗ്രസിന്റെ പ്രമേയത്തിന് ജനാഭിപ്രായം തേടുന്ന, ഉൾപ്പാർട്ടി ജനാധിപത്യം പ്രാവർത്തികമായുള്ള പാർട്ടിയാണ് സിപിഎം. ഇത് ഒഴിവാക്കാനാവുന്നതായിരുന്നു എന്ന് തോന്നുന്നില്ല. ഒരു കാര്യം മുന്നോട്ടുവയ്ക്കുന്ന സമയത്താണ് പ്രതികരണങ്ങൾ ഉണ്ടാകുന്നത്. അതിനു മുമ്പ് എങ്ങനയാണ് നമുക്ക് അ് അത് മനസിലാക്കാൻ സാധിക്കുക...
പുതുതായി മുന്നണിയിലേക്ക് വന്ന കേരള കോൺഗ്രസിന് 13 സീറ്റുകൾ നൽകിയത് അനിവാര്യമാണെന്ന് തോന്നുന്നുണ്ടോ?
കേരള കോൺഗ്രസിന് സീറ്റ് നൽകാൻ തീരുമാനിച്ചത് സംസ്ഥാന നേതൃത്വമാണ്. സംസ്ഥാന ഘടങ്ങൾ ചർച്ച ചെയ്ത് എടുത്ത തീരുമാനത്തിൽ തനിക്ക് കൂടുതൽ പറയാനില്ല. സംസ്ഥാന ഘടകങ്ങൾക്ക് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഇത്തരം വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം ഇടപെടാറില്ല.
ജനപ്രിയ നേതാക്കളെ മാറ്റിനിർത്തിയോ? രണ്ട് ടേം വ്യവസ്ഥയിലെ നിലപാടെന്താണ്?
പാർട്ടിക്ക് ഇക്കാര്യത്തിൽ കൃത്യമായ നയമുണ്ട്. അത് നിങ്ങൾക്കും നന്നായി അറിയാം. രാജ്യസഭയിൽ രണ്ട് ടേം പൂർത്തിയാക്കിയ ഞാൻ മാറിനിന്നു. അതേനയം അനുസരിച്ചാണ് അവർ മാറിനിന്നത്.
നേതാക്കളുടെ ഭാര്യമാരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദത്തെ കുറിച്ച്?
പ്രതിപക്ഷ പാർട്ടികൾ ഉയർത്തിവിടുന്ന അനാവശ്യ വിവാദം ആണ് നേതാക്കളുടെ പങ്കാളികളെ കുറിച്ച് ഉയരുന്നത്. അവർ നേതാക്കളുടെ പങ്കാളികൾ ആയതുകൊണ്ടല്ല സീറ്റ് നൽകിയത്. അവർ പലരും പാർട്ടിയിൽ പ്രവർത്തിച്ചവരും, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവരെ നേതാക്കളുടെ പങ്കാളി എന്ന് ചുരുക്കി കാണരുത്. അത് തീർത്തും മോശം രീതിയാണ്. കഴിവും പ്രവർത്തനവും നോക്കിയാണ് അവരെ മത്സരിപ്പിക്കുന്നത്. എകെ ബാലന്റെ ഭാര്യയുടെ കാര്യം മാത്രമല്ല, എല്ലാ സ്ഥാനാർത്ഥികളെയും തെരഞ്ഞെടുത്തത് മെരിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.
2018-ൽ ശബരിമലയിലെ പാർട്ടി നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞിരുന്നു. പാർട്ടി നിലപാട് തെറ്റായിരുന്നോ?
കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. പ്രാദേശികമായുള്ള ഒരു പ്രതികരണത്തെ കുറിച്ച് ദേശീയ ജനറൽ സെക്രട്ടറിയോട് ചോദിക്കുന്നതിൽ കാര്യമില്ല. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. സുപ്രിംകോടതിയുടെ ഒരു വിധി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിന് മറികടക്കാൻ സാധിക്കുമോ?, വിധി നടപ്പിലാക്കുകയെന്നത് നയപരമായ ഒരു കാര്യമല്ല. സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാറിന്റെ കടമ. ഭരണഘടന പറയുന്ന തുല്ല്യതയാണ് സിപിഎമ്മിന്റെ നിലപാട്.
പശ്ചിമ ബംഗാളിൽ കോൺഗ്രസിനൊപ്പമാണ് പ്രചാരണം, കേരളത്തിൽ കോൺഗ്രസിനെതിരെയും, ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കും?
ഇവിടെ എന്താണ് വൈരുദ്ധ്യമുള്ളത്. രാജ്യം മുഴുവൻ ഒരൊറ്റ നിലപാടാണ്, അത് ബിജെപി അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടയുകയെന്നതാണ്. ഭരണവിരുദ്ധവികാരം നിലനിൽക്കുന്നതിനാൽ അവിടെ മമതയ്ക്ക് സർക്കാരുണ്ടാക്കാൻ സാധിക്കില്ല. അത് നേട്ടമാകാൻ പോകുന്നത് ബിജെപിക്കാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ഈ നയം സ്വീകരിക്കുന്നത്. കേരളത്തിൽ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ പരമ്പരാഗതമായി എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേരളത്തിൽ കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബംഗാൾ കോൺഗ്രസും കേരളത്തിലെ കോൺഗ്രസും തമ്മിൽ വ്യത്യാസമുണ്ടോ എന്ന ചോദ്യം അവരോടുതന്നെയാണ് ചോദിക്കേണ്ടത്. ബിജെപിയുമായി കൂട്ടുകൂടുന്ന കേരളത്തിലെ കോൺഗ്രസ് നിലപാടിൽ അവരാണ് ഉത്തരം പറയേണ്ടത്.
തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം വന്നാൽ മമത ബിജെപി വിരുദ്ധ ചേരിയിൽ ചേരാൻ സാധ്യതയുണ്ടോ?
ഈ ചോദ്യം അവരോടാണ് ചോദിക്കേണ്ടത്. കഴിഞ്ഞ 20 വർഷമായി പലപ്പോഴും മമത ബിജെപിക്കൊപ്പമായിരുന്നു. അതാണ് അവരുടെ മുൻകാല ചരിത്രം. ഇനി തെരഞ്ഞെടുപ്പിന് ശേഷം ആർക്കൊപ്പം നിൽക്കണമെന്ന് അവർ തീരുമാനിക്കട്ടെ.
ഞങ്ങൾ നടത്തിയ ഒരു അഭിപ്രായ സർവേയിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടത് ശൈലജ ടീച്ചറാണ്, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമോ?
തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കാൻ ഞങ്ങളുടേത് പ്രസിഡൻഷ്യൽ രീതിയല്ല, പാർലമെന്ററി സിസ്റ്റമാണ്. ഇത് പറയുമ്പോഴും സർവേയിൽ സഖാവ് ശൈലജ രണ്ടാമതാണ്. നിങ്ങളുടെ തന്നെ സർവേയിൽ ജനങ്ങളുടെ അഭിപ്രായത്തിൽ സഖാവ് പിണറായി വിജയൻ തന്നെയാണ് ഒന്നാമതുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം തന്നെയാകും മുഖ്യമന്ത്രിയും.