'ഉപരാഷ്ട്രപതിയാക്കാമെന്ന് ബിജെപി വാഗ്ദാനം നൽകി, ഞാൻ പോയില്ല, പോകില്ല'; നിലപാട് പറഞ്ഞ് പിജെ കുര്യൻ

By Web Team  |  First Published Mar 21, 2021, 11:22 PM IST

കോൺഗ്രസ് നേതാവ് പി ജെ കുര്യനുമായി  ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി. ജോൺ നടത്തിയ അഭിമുഖം...


കേരള കോൺഗ്രസ്, യുഡിഎഫിൽ നിന്ന് ഇടതുമുന്നണിയിലെത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന്റെ രാഷ്ട്രീയ ചിത്രം മാറി മറിഞ്ഞിരിക്കുകയാണ്. മധ്യ കേരളം കോൺഗ്രസിന് അനുകൂലമോ പ്രതികൂലമോ, യഥാർത്ഥത്തിൽ ഇടത് തരംഗം നിലനിൽക്കുന്നുണ്ടോ തുടങ്ങി ശബരിമല മുതൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കളം മാറ്റങ്ങൾ വരെയുള്ള വിഷയങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി. ജോൺ നടത്തിയ അഭിമുഖത്തിലേക്ക്...

പൊതുവെ മധ്യ തിരുവിതാകൂറിൽ കേരളാ ​കോൺ​ഗ്രസ് മാണി ​ഗ്രൂപ്പ് ഇടതുപക്ഷത്തോടൊപ്പം പോയ ശേഷം ഇടത് അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് പറയുന്നത് ?

Latest Videos

undefined

യഥാ‍ത്ഥത്തിൽ മാണി ​ഗ്രൂപ്പ് ഇടതിലോട്ട് പോയപ്പോ ആശങ്ക പലർക്കും ഉണ്ടായിരുന്നു. എന്നാൽ ​ഗ്രൗണ്ട് റിയാലിറ്റി അതല്ല. മധ്യ തിരുവിതാംകൂ‍ർ പൊതുവെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ആളുകളാ. പിന്നെ എങ്ങനെ ഇടതുപക്ഷത്തിൽ കുറേ സീറ്റുകൾ ജയിച്ചുവെന്ന് ചോദിച്ചാൽ അത് പല സാഹചര്യത്തിലും അഡ്ജസ്റ്റ്മെന്റിലും പറ്റിയിട്ടുള്ളതാ. 

കോട്ടയത്ത് അടക്കം കേരള കോൺ​ഗ്രസിന്റെ മുന്നണി മാറ്റം ഇംപാക്ട് ഉണ്ടാക്കിയോ ?

കോട്ടയത്ത് കുറച്ച് ഇംപാക്ട് ഉണ്ടാക്കി. പക്ഷേ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുന്ന തരത്തിലേക്ക് ഒരിക്കലും മാറുന്നില്ല. ഉ​ദാഹരണം പാലാ സീറ്റ് തന്നെ, പാലാ സീറ്റിൽ ജോസ് കെ മാണിക്ക് ബുദ്ധിമുട്ടാണെന്നാണ്. 

എൻഎസ്എസ് വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്നാണോ പ്രതീക്ഷ ?

അതിലെന്താ സംശയം, സമദൂരം എന്നത് സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തിനകത്ത് നായർ സമൂഹം മുമ്പ് മുതലേ യുഡിഎഫിന് അനുകൂലമാണ്. ഇപ്പോൾ വിശ്വാസികൾക്കൊപ്പം നിൽക്കുന്നത് യുഡിഎഫ്. വിശ്വാസികൾക്കൊപ്പം നിൽക്കുകയും ശബരിമലയിലെ സമാധാനത്തിന് ഒരു ഭങ്കം വരുത്താതിരിക്കുകയും ചെയ്യുന്നത് യുഡിഎഫാണ്. ഇപ്പോൾ ബിജെപി വിശ്വാസികളോടൊപ്പം നിൽക്കുമെന്ന് പറയുന്നത് ശരിയാണ്, പക്ഷേ അവിടെ കുഴപ്പമുണ്ടാക്കിയത് ആരാണ്? 

ശബരിമല ഈ തെരഞ്ഞെടുപ്പിൽ വിഷയമായിരിക്കുമെന്നാണോ കരുതുന്നത് ?

ശബരിമല ഒരു വിഷയം ആയി. ശബരിമല ഒരു വിഷയം ആയെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യോകിച്ച് ശബരിമല വിഷയത്തിന്റെ ഇന്റൻസിറ്റി കുട്ടിയത് ആരാണെന്ന് അറിയാമോ, ശ്രീ യെച്ചൂരി. യെച്ചൂരിഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ മാ‍ക്സിസ്റ്റ് പാർട്ടിയുടെ  നയമെന്താണ് ആ കാര്യത്തിലെന്ന് വ്യക്തമായി പറഞ്ഞു. കടകംപള്ളി മാപ്പ് പറഞ്ഞത് അനാവശ്യമാണെന്നും എന്തിനാണെനന് പോലും അറിയില്ലെന്നും വരെ പറഞ്ഞു. 

മുഖ്യമന്ത്രിയോട് ഇതേ ചോദ്യം ചോദിച്ചിരുന്നു, അദ്ദേഹം കടകംപള്ളി ഇത് പറ‍ഞ്ഞതിന് ശേഷം കടകംപള്ളിയോട് സംസാരിച്ചിട്ടില്ല, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ?

ഒഴിഞ്ഞുമാറലും ഡിപ്ലോമസിയും ഒക്കെ ആവശ്യമാണ് അതുകൊണ്ട് അദ്ദേഹം ചെയ്തതാകും. പക്ഷേ ഒരു മാ‍ർക്സിസ്റ്റ് കാരനെന്ന നിലയിൽ അദ്ദേഹം മറുപടി പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അ​​ദ്ദേഹത്തിനറിയാം പറഞ്ഞാൽ  അത് തെരഞ്ഞെടുപ്പിൽ അപകടമാണെന്ന്. അതാണ് ഇവിടുത്തെ പ്രശ്നം. 

തുടർഭരണ സാധ്യത പലവിധത്തിലും രാഷ്ട്രീയ നിരീക്ഷകരും സർവ്വെകളുമൊക്കെ പ്രവചിക്കുന്ന കാലത്ത് കൂടി ഭരണം കിട്ടാൻ വേണ്ട നടപടി ക്രമങ്ങൾ പാ‍ർട്ടിയിൽ നിന്ന് ഉണ്ടായില്ലെന്ന് തോന്നുന്നുണ്ടോ, രണ്ട് നേതാക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കുന്ന സ്ഥിതിയുണ്ടോ ?

അങ്ങനെ അല്ല, സ്ഥാനാർത്ഥികളെല്ലാം വന്ന സ്ഥിതിക്ക് ഇനി അതിനെക്കുറിച്ചൊരു പോസ്റ്റ് മോർട്ടം ശരിയല്ല. 

പണ്ട് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയപ്പോൾ പി ജെ കുര്യന് കിട്ടേണ്ട സീറ്റാണ് ഘടകകക്ഷിക്ക് കൊടുത്തത്..? 

ജോസ് കെ മാണിക്ക് കൊടുത്തപ്പോൾ ഞാനതിനെ വിമ‍ർശിച്ച ആളാണ്. എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല. എനിക്ക് വേണമെന്നില്ല, മറ്റാ‍ർക്കെങ്കിലും കൊടുക്കണം, കേരളാ കോൺ​ഗ്രസിന് കൊടുക്കരുതെന്ന് ഞാൻ രാഹുൽ ​ഗാന്ധിക്ക് എഴുതി കൊടുത്തതാണ്. അങ്ങനെ സീറ്റ് വാങ്ങിച്ച് കൂടെ നിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് കോൺ​ഗ്രസിനെ ഉപേക്ഷിച്ചിട്ട്, ചതിച്ചെന്ന വാക്ക് ഞാൻ പറയുന്നില്ല, പോകാൻ പാടില്ലായിരുന്നു. 

ഏറ്റവും വാല്യുവബിൾ ആയ സീറ്റാണ്, ഞാൻ തിരിച്ച് പോയാൽ ഡെപ്യൂട്ടി ചെയർമാൻ ആണ്, അത്ര വാല്യുബിൾ ആയ സീറ്റാണ് ജോസ് കെ മാണിക്ക് കൊടുത്തത്. അത് വാങ്ങിച്ച് പോക്കറ്റിൽ വച്ചിട്ടാണ്, ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാനുള്ള തർക്കത്തിൽ പോയീന്ന് പറയുന്നത് രാഷ്ട്രീയ അധാ‍ർമ്മികത ആണ്. 

കോൺ​ഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിക്കാൻ ബിജെപി നടക്കുകയാണെന്ന് പറയുന്നുണ്ട്. പല ആളുകളും തുറന്ന് പറയുന്നുണ്ട്. വേണമെങ്കിൽ കേരളത്തിൽ നിന്ന് എടുക്കാൻ കഴിയുന്ന പൊട്ടൻഷ്യൽ ഉള്ള, നരേന്ദ്രമോദിയോട് പോലും അടുപ്പമുള്ള രാജ്യത്ത് അറിയപ്പെടുന്ന ആളാണ് പി ജെ കുര്യൻ, അങ്ങനെ വല്ല ചാക്കിട്ടുപിടുത്തവും ഉണ്ടോ ?

ശ്രീ നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രി, എനിക്ക് വളരെ അടുപ്പം ഉള്ള ആളാണ്. പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്നു, അദ്ദേഹം പ്രധാനമന്ത്രി അല്ലേ... ഇന്ന് പാർലമെന്ററി കാര്യമന്ത്രിയായ ശ്രീ നഖ്വി, അന്നും പാ‍ർലമെന്ററി കാര്യമന്ത്രിയാണ്. അദ്ദേഹം എനിക്ക് വച്ച ഓഫ‍ർ എന്താണെന്ന് അറിയാമോ, ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം. ആ ഓഫ‍ർ ഉണ്ടായിട്ട് പോകാത്ത ഞാൻ ഒരു സീറ്റ് താരാമെന്ന് പറഞ്ഞാൽ പോകുമോ

നിയമസഭാ സീറ്റ് തരുമെന്നല്ല ഞാൻ പറഞ്ഞത്. ഓഫർ ചെയ്യാൻ എന്തൊക്കെ ഉണ്ടാകും രാജ്യം ഭരിക്കുന്ന പാ‍ർട്ടിക്ക്  ?

അത് കഴിഞ്ഞ് ശ്രീ മോദിയെ ഞാൻ കണ്ടു. ഞാൻ എന്നെ ക്ഷണിച്ചതിന് നന്ദി പറഞ്ഞു. പക്ഷേ എനിക്ക് ഇന്ന കാരണത്താൽ അത് പറ്റില്ലെന്ന് പറഞ്ഞു. അപ്പൊ എന്റെ നിലപാട്, അങ്ങനെ ചെറിയൊരു സാധനം പറഞ്ഞാ ഉടനെ ഞാൻ പോകില്ല. 


 

click me!