'സർക്കാർ ക്ഷേമപദ്ധതികളുടെ ലക്ഷ്യം വോട്ട് മാത്രം, ഞങ്ങളുടെ ഉറപ്പ് വിശുദ്ധഭരണം'

By Web Team  |  First Published Mar 18, 2021, 10:42 PM IST

കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ ദേശീയശ്രദ്ധയിലേക്ക് ആദ്യം വരുന്നത് ഇ ശ്രീധരനെന്ന മെട്രോമാന്‍ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നു, ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നു, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതോടെയാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിക്കുന്നു...


എന്നെങ്കിലും താങ്കള്‍ വിചാരിച്ചതാണോ ഇങ്ങനെ രാഷ്ട്രീയത്തിലിറങ്ങുക, ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നതെല്ലാം ?

ഇല്ല. ഒരു മൂന്ന് മാസം മുമ്പ് വരെ ആലോചനയേ ഉണ്ടായിട്ടില്ല. ആ സമയത്തേക്ക് മിസ്റ്റര്‍ കെ സുരേന്ദ്രന്‍ എന്റെ വീട്ടില്‍ വന്നു. അന്ന് ഇതെപ്പറ്റി സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ തയ്യാറാണ്...

Latest Videos

വികസനകാര്യങ്ങളിലെല്ലാം താങ്കള്‍ ലീഡർഷിപ്പിലൂടെ സ്വയം പ്രൂവ് ചെയ്തൊരാളാണ്. കേരളത്തെ ഏറ്റവും നന്നായി അറിയുന്നൊരാളാണ്. എന്തുകൊണ്ടാണ് കേരളത്തിലൊരു രാഷ്ട്രീയമാറ്റം വേണമെന്ന് ഇ ശ്രീധരന് തോന്നുന്നത്?

വികസനം- വികസനം എന്നുപറഞ്ഞാല്‍ എന്താണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്ന പല വികസനങ്ങളില്‍ സുദൃഢമായ എന്ത് വികസനമാണ് അവര്‍ക്ക് കാണിച്ചുതരാനുള്ളത്? ആകെ കാണാനുള്ളത് എന്താണെന്നറിയാമോ, വൈറ്റില ഫ്ളൈഓവറും കുണ്ടന്നൂര്‍ ഫ്ളൈഓവറും. ഈ രണ്ട് ഫ്ളൈഓവറും ആ നഗരത്തിന് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഹൈവേക്കാര്‍ക്ക് സുഖം. നഗരത്തിനെന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കാന്‍ പോകുന്നത്! ഇതിനെയൊക്കെ ഒരു വികസനമായി കരുതാനാകുമോ?

കേരളത്തിന്റെ ഒരു പ്രധാന പ്രശ്നം, കേരളത്തിന്  സുസ്ഥിരമായ വികസനമാണ് വേണ്ടത്. രണ്ടാമത് ഉത്പാദനമേഖലയിലാണ് വരേണ്ടത്. പക്ഷേ കേരളത്തില്‍ അതൊന്നും സാധ്യമല്ല എന്ന് ചിന്തിക്കുന്നത് കൊണ്ടാണോ, അതോ ഈ ക്ഷേമപദ്ധതികള്‍, അതായത് ആള്‍ക്കാരുടെ വെല്‍ഫെയറാണ് കേരളത്തിലേറ്റവും പ്രധാനം. അതിനാണ് ഏറ്റവും വലിയ യുഎസ്പി, അല്ലെങ്കില്‍ അതാണ് ഏറ്റവും കൂടുതല്‍ റിട്ടേണ്‍. അങ്ങനെയൊരു ചിന്തയുണ്ടോ?

ഉണ്ട്. അത് വെറും രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയുള്ള ചിന്തയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടണം, ആ ഒരൊറ്റ ഉദ്ദേശം മാത്രം. സുസ്ഥിരമായ വികസനം കേരളത്തിന് വേണമെന്നുള്ള ആഗ്രഹം കാണുന്നില്ല. ഒന്നുകില്‍ അവര്‍ക്കതിനെ പറ്റി അറിയില്ല- ഒരുപാട് ഉപദേശകരും കണ്‍സള്‍ട്ടന്റ്സുമൊക്കെ ഉണ്ട് അവര്‍ക്ക്. എന്നിട്ടെന്താ അത് ചെയ്യാന്‍ സാധിക്കാത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതിന് വ്യവസായങ്ങള്‍ തന്നെ കൊണ്ടുവരണം. നമ്മുടെ രാജ്യം, പ്രത്യേകിച്ച് കേരളം അതിന്റെ ഫിനാന്‍ഷ്യല്‍ പൊസിഷന്‍ നോക്കുകയാണെങ്കില്‍ വളരെ ശോചനീയമാണ്. കടം വാങ്ങിയിട്ട്,ക്ഷേമപദ്ധതികള്‍ നടത്തിയിട്ട് ഒരു കാര്യവും ഇല്ല.

 

 

കേരളത്തില്‍ അഞ്ച് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ്, മുഖ്യമന്ത്രിയും എല്‍ഡിഎഫും വോട്ട് തേടുന്നത്. അഞ്ച് വര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാതിരുന്ന വികസനമുണ്ടായി എന്നാണ് പറയപ്പെടുന്നത്. താങ്കളെങ്ങനെയാണ് അതിനെ റേറ്റ് ചെയ്യുന്നത്?

അത് പേപ്പറില്‍ പറയുക എന്നല്ലാതെ എവിടുന്നെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എവിടെയാണ് വികസനം!

എല്‍ഡിഎഫ് ഭരണത്തില്‍ വരുമ്പോള്‍ അവരുടെ പോളിസികളെ ചൊല്ലി  ധാരാളം തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈവേയ്ക്ക് സ്ഥലമെടുക്കണോ? അല്ലെങ്കില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വേണോ വേണ്ടയോ... കഴിഞ്ഞ അഞ്ച് വര്‍ഷം അങ്ങനെ തര്‍ക്കത്തിനൊരു സ്പെയ്സില്ല. മുഖ്യമന്ത്രി ഒരു തീരുമാനമെടുക്കും അത് നടപ്പിലാക്കും. അതൊരു പോസിറ്റീവ് സൈഡാണോ? ഇടയ്ക്കൊരു അഭിമുഖത്തിലൊക്കെ താങ്കള്‍ പറയുന്നുണ്ട് അതൊരു ഓട്ടോക്രസിയാണെന്ന്. പക്ഷേ കേരളം പോലൊരു സംസ്ഥാനത്ത് അത്  പതിവില്ലാത്തൊരു നല്ല തീരുമാനമല്ലേ ?

അദ്ദേഹത്തിന്റെ പേഴ്സണല്‍ തീരുമാനം ശരി തന്നെ. പക്ഷേ അത് നടപ്പിലാക്കിയിട്ടില്ലല്ലോ. ഇപ്പോള്‍, നാഷണല്‍ ഹൈവേ... എവിടെയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ സ്ഥലമെടുത്ത് വീതി കൂട്ടിയിട്ടുള്ളത്?

അതെന്തുകൊണ്ടാണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?

എന്റെ പക്ഷത്തില്‍ ഈ ഏകാധിപത്യം ഒന്ന്. ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല. ഈ എഞ്ചിനീയേഴ്സിനെ എന്തുകൊണ്ട് അവര്‍ എംപവര്‍ ചെയ്യുന്നില്ല? അവര്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ നല്‍കി എന്തുകൊണ്ട് അവരെ പണിയെടുപ്പിക്കുന്നില്ല?

രണ്ട് മുഖ്യമന്ത്രിമാരുടെ കൂടെയും താങ്കള്‍ ഏറ്റവും അടുത്ത് കേരളത്തില്‍ അസോസിയേറ്റ് ചെയ്തിട്ടുണ്ട്. എന്താണിവർ തമ്മിലുള്ള വ്യത്യാസം? രണ്ട് പേരുടെയും ശൈലിയും ആ മുന്നണിയുടെ ശൈലിയും എങ്ങനെ വിലയിരുത്തുന്നു?

രണ്ട് പേരുമായും ഞാന്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പറ്റിയാണെങ്കില്‍ അദ്ദേഹത്തിന് നല്ല മനസാണ്. പക്ഷേ വല്ല തീരുമാനവും എടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുന്നുണ്ടോ അതിന്റെ ഗുണം നമുക്ക് കിട്ടുന്നുണ്ടോ എന്ന് മോണിട്ടര്‍ ചെയ്യാനുള്ള സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഫോളോ അപ്പില്ല. നല്ല സെക്രട്ടറിമാരെ വച്ച്, അവരെക്കൊണ്ട് മോണിട്ടര്‍ ചെയ്യാമായിരുന്നല്ലോ. അതുണ്ടായിരുന്നില്ല. അതൊരു വലിയ വിഷമമായിരുന്നു. പിന്നെ അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പര്യം മാത്രമല്ല, കുറച്ചൊക്കെ നാട് നന്നാക്കണെമന്ന ചിന്തയുണ്ടായിരുന്നു.

 

 

പിണറായി വിജയന്‍ നേരെ തിരിച്ചാണ്. എല്ലാം അദ്ദേഹത്തിന് തന്നെ ചെയ്യണം. എല്ലാം ഒരാള്‍ക്ക് തന്നെ ചെയ്യാന്‍ പറ്റുമോ? ഫോഴ്സില്ലാതെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കില്ല.

കേരളത്തില്‍ ഒട്ടും അഴിമതിയില്ലാത്ത സര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ഈ കഴിഞ്ഞ അഞ്ച് വര്‍ഷം കറപ്ഷന്‍ ഫ്രീ ആയിരുന്നോ കേരളം?

അതിന് ഞാന്‍ ഉത്തരം തരേണ്ട കാര്യമില്ല. നിങ്ങള്‍ ടിവിയിലും പേപ്പറിലും നോക്കിയാല്‍ അറിയാം. എന്തെല്ലാം കറപ്ഷന്‍സും എന്തെല്ലാം സ്‌കാന്‍ഡല്‍സുമാണ് നടക്കുന്നത്.

ഒരു സീറ്റ് മാത്രമുള്ളൊരു പാര്‍ട്ടിയാണ് നിലവില്‍ ബിജെപി. താങ്കള്‍ കേരളത്തില്‍ വന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍, കേരളത്തിലൊരു അധികാരമാറ്റമാണ് സ്വപ്നം കാണുന്നത്. വലിയൊരു ദൂരമുണ്ട്. അത് കടക്കാന്‍ പറ്റുന്ന ദൂരമാണോ?

അത് കടക്കാന്‍ ബുദ്ധിമുട്ടുള്ള ദൂരമല്ല. തീര്‍ച്ചയായും സാധിക്കും. ഇപ്പോള്‍ ഒന്നാമത് ജനങ്ങള്‍ക്ക് മാറ്റം വേണമെന്ന ആഗ്രഹമുണ്ട്. പ്രത്യേകിച്ച് ഇത്രയും അഴിമതിയും ആരോപണങ്ങളും ദുര്‍ഭരണവും കാണുമ്പോള്‍ വേറെയൊരു പാര്‍ട്ടി വന്നിരുന്നെങ്കില്‍ എന്നൊരു ആശയുണ്ട് എല്ലാവര്‍ക്കും. അത് ഒന്ന്.

പിന്നെ ബിജെപിയുടെ തന്നെ ഹോള്‍ഡ് കഴിഞ്ഞ അഞ്ച് വര്‍ഷമായി വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അവര്‍ക്ക് സൈസബിള്‍ നമ്പര്‍ ഓഫ് സീറ്റ് മേടിക്കാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ.

പക്ഷേ, എഴുപതാണ് നമ്മുടെ മാര്‍ജിന്‍...?

എഴുപത് വലിയ മാര്‍ജിനല്ല. നിങ്ങള്‍ ത്രിപുര നോക്കൂ. എങ്ങനെയാണവര്‍ പെട്ടെന്ന് ഒന്നുമില്ലാതെ ഭരണം പിടിച്ചെടുത്തത്? ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി. ഒരു ബാക്ക്ഗ്രൗണ്ടുമില്ലാതെ അവരെങ്ങനെയാണ് ഭരണം പിടിച്ചെടുത്തത്?

രാഷ്ട്രീയവും വിവാദവും മാറ്റി വികസനത്തിന്റെ കാര്യമാണ് സംസാരിക്കുന്നത്. പക്ഷേ, ഒരു പൊളിറ്റിക്കല്‍ കാന്‍ഡിഡേറ്റ് എന്ന നിലയ്ക്ക് രണ്ട് ചോദ്യം. ഒന്ന് ഇ ശ്രീധരനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരുമ്പോള്‍ ബിജെപിക്കും ബിജെപിയുടെ പ്രോസ്പെക്ടസിനും അത് വലിയ മാറ്റമുണ്ടാക്കും എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ പലരും വിശ്വസിക്കുന്നുണ്ട്. സത്യത്തില്‍ ഈ ശ്രീധരനെ കുറച്ച് കൂടി വിശാലമായ അര്‍ത്ഥത്തില്‍ ബിജെപി കേരളത്തില്‍ പ്ലേസ് ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യണോ?

അവര്‍ ചെയ്യും എന്നാണ് എന്റെ ബോധ്യം. ആ ഉദ്ദേശത്തിലാണ് തുടങ്ങിയത് ശരിക്കും. പിന്നെ, ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന് പറയുമ്പോള്‍, അവര്‍ക്ക് പെട്ടെന്ന് എവിടെയും വരാത്ത ഒരാളെ പിടിച്ച് ചീഫ് മിനിസ്റ്റര്‍ എന്ന് പറയാന്‍ വലിയ വിഷമം ഉണ്ടാകും. അതെനിക്ക് മനസിലാക്കാന്‍ സാധിക്കും. പക്ഷേ അവര്‍ക്കത് മനസിലായിത്തുടങ്ങി.

എല്‍ഡിഎഫിലും യുഡിഎഫിലും ഉള്ള പോലെയുള്ള അതൃപ്തികള്‍, പരാതികളൊക്കെ ബിജെപിയിലേക്കും വന്നുകഴിഞ്ഞാല്‍, പിന്നെ ഈ മൂന്ന് മുന്നണികളെയും ആളുകള്‍ എങ്ങനെയാണ് രാഷ്ട്രീയപരമായി വേര്‍തിരിക്കുക?

അത് വരാന്‍ സമ്മതിക്കരുത്. ബിജെപിയില്‍ എന്തുകൊണ്ട് അത് വരണം? ബിജെപിക്കെതിരെ അഴിമതിയാരോപണം വരേണ്ട ആവശ്യം ഇല്ലല്ലോ.  ഇപ്പോ മോദി സര്‍ക്കാര്‍ ഏഴ് കൊല്ലമായി കേന്ദ്രത്തില്‍ ഭരിക്കുന്നതല്ലേ, അഴിമതിയുമായി ബന്ധപ്പെട്ട ഒരൊറ്റ സംഭവം കേട്ടിട്ടില്ലല്ലോ.

 

 

കേരളത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണയ സമയത്തുണ്ടായ ഇപ്പോഴത്തെ അവസരങ്ങളാണ് പറയുന്നത്...

അതെ. ഈ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ കൂടിയും കറപ്ഷന്‍ തീരെ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പ് തരാം. സ്‌കാന്‍ഡല്‍സ് ഉണ്ടാകില്ല എന്ന് ഉറപ്പുതരാം. നല്ല വിശുദ്ധമായ ഭരണമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറപ്പ് തരാം.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കാണോ ഭരണമാറ്റത്തിനാണോ സാധ്യത?

ഭരണമാറ്റം.

പ്രതിസന്ധിയില്‍ ഇത്രയും ഉറച്ച ലീഡര്‍ഷിപ്പ്, നന്നായി കേരളത്തിലെ ജനങ്ങളെ കൊണ്ടുപോയി. അവരുടെ ക്ഷേമം നോക്കി എന്നുള്ള കാര്യങ്ങള്‍ ഏറെക്കുറെ ആള്‍ക്കാര്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്. കിറ്റ് കൊടുക്കുന്നു, പെന്‍ഷന്‍ കൊടുക്കുന്നു... അത് ശരിയല്ലേ? അങ്ങനെയൊരു കംഫര്‍ട്ടബിള്‍ പൊസിഷനില്‍ നില്‍ക്കുന്ന ജനങ്ങളോട് പൊളിറ്റിക്സ് പറഞ്ഞോ, മറ്റ് ലാര്‍ജ് സ്‌കെയിലിലുള്ള കാര്യങ്ങള്‍ പറഞ്ഞോ അവരുടെ മനസ് മാറ്റാന്‍ പറ്റുമോ?

എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നത് പോലെയല്ല എന്റെ അനുഭവം. പ്രത്യേകിച്ച് 2018,2019 കാലത്ത് വലിയ വെള്ളപ്പൊക്കമുണ്ടായി. എന്താണവര്‍ ചെയ്തിരിക്കുന്നത്. ആ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള കാരണം എന്താണ്? അതിനെന്താണ് പ്രതിവിധി? അത് വല്ലതും ആലോചിച്ചിട്ടുണ്ടോ അവര്‍? ഈ കൊവിഡ് കാര്യത്തില്‍ മാത്രം -യെസ്, ചെയ്ത കാര്യങ്ങളില്‍ എനിക്ക് ഒരുമാതിരി മതിപ്പ് വന്നിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാരിന്റെ മോണിട്ടറിംഗ് കാരണമാണ്. ഇവരുടെ സ്വന്തം കഴിവല്ല. മിക്ക കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ മോണിട്ടര്‍ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.

Also Read:- തോമസ്-ജോസഫ് ലയനം, കുറ്റ്യാടി, പെയ്‌മെന്‍റ് സീറ്റ്; മറുപടിയുമായി ജോസ് കെ മാണി...

click me!