നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇനി അനന്യ അലക്സിന്റെ പേരും ഇടം പിടിക്കും!

By Sumam Thomas  |  First Published Mar 27, 2021, 4:52 PM IST

കേരളത്തിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയാണ് അനന്യ കുമാരി അലക്സ്. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർത്ഥിയായി അനന്യ ജനവിധി തേടുന്നത്. 


 ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം നിയമസഭ ചരിത്രത്തിന്റെ ഭാ​ഗമായി മാറും. കാരണം, കേരളത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. റേഡിയോ ജോക്കിയും വാർത്ത അവതാരകയും സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സ്.  

''ഇന്നലെ വേങ്ങരയിലായിരുന്നു പ്രചാരണം. ഞാനും പ്രവർത്തകരും കൂടി ഒരു വീട്ടിൽ ചെന്നു. ഒരു ഉമ്മ മാത്രമാണ് അവിടെ താമസം. വിളിച്ചപ്പോൾ നിസ്കാരക്കുപ്പായമിട്ടാണ് അവർ ഇറങ്ങി വന്നത്. വോട്ട് ചോദിക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഒറ്റക്കരച്ചിൽ. എന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് അവർ പറയുകയാണ്, 'ഒറ്റയ്ക്കാണ് താമസം. വീട്ടിൽ വെള്ളമില്ല. പൈപ്പ് കണക്ഷന് വേണ്ടി ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സഹായിക്കണം.' എന്റെ ജീവിതത്തിൽ ഇത്രയും ഫീൽ ചെയ്ത ഒരനുഭവം വേറെ ഉണ്ടായിട്ടില്ല. ശരിയാക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് അവിടെ നിന്നിറങ്ങിയത്.'' ഇതുപോലെ മനസ്സു തൊടുന്ന നിരവധി അനുഭവങ്ങളിലൂടെയാണ് ഓരോ ദിവസം കടന്നു പോകുന്നതെന്ന് അനന്യ പറയുന്നു.

Latest Videos

undefined

കേരളത്തിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയാണ് അനന്യ കുമാരി അലക്സ്. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർത്ഥിയായി അനന്യ ജനവിധി തേടുന്നത്. തിരസ്കരിക്കപ്പെട്ട, അരികുവത്ക്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയായിട്ടാണ് അനന്യയുടെ ചരിത്രപോരാട്ടം. ​ട്രാൻസ്ജെൻഡർ എന്താണെന്ന് അറിയാത്തവരുണ്ടെന്ന് അനന്യ പറയുന്നു, ''അവരോട് ഞാനെന്താണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരുന്നുണ്ട്. എന്നാൽ വോട്ട് ചോദിക്കുമ്പോൾ എല്ലാവരും  നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ഒരിടത്ത് ചെന്നപ്പോൾ 'ഞാൻ ട്രാൻസ്ജെൻഡറാണ്' എന്ന് പരിചയപ്പെടുത്തി. 'അതിനെന്താ എല്ലാവരും മനുഷ്യരല്ലേ' എന്നായിരുന്നു അവരുടെ പ്രതികരണം.'' അനന്യ പറഞ്ഞു.  

''ഞാനുൾപ്പെടെയുള്ള  ‍‍ട്രാൻസ്ജെൻഡർ സമൂഹത്തിൽ മികച്ച നേതാക്കളും കഴിവുള്ളവരുമുണ്ട്. സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ജീവിക്കാനും മറ്റുള്ളവരെ നയിക്കാനും നേതാക്കൻമാരാകാനും  ഞങ്ങൾക്കും സാധിക്കും. കേരളത്തിലെ ട്രാൻസ്ജെന്‍ഡര്‍ വ്യക്തിത്വങ്ങൾ എത്രമാത്രം മികവുറ്റവരാണെന്ന് സമൂഹത്തിനെ, ഭരണാധികാരികളെ കാണിച്ചു കൊടുക്കണം. എന്റെ സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് ഞാൻ മത്സരിക്കുന്നത്.'' സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതിനെക്കുറിച്ച് അനന്യയുടെ വാക്കുകൾ. 

തന്റെ സ്ഥാനാർത്ഥിത്വമറിഞ്ഞപ്പോൾ സുഹൃത്തുക്കളുൾപ്പെടെയുള്ളവർ വളരെയധികം സന്തോഷത്തിലാണെന്ന് അനന്യ. ''ഓരോ ട്രാൻസ്ജെന്‍ഡര്‍ വ്യക്തിക്കും വ്യക്തമായ രാഷ്ട്രീയവും നിലപാടുകളുമുള്ളവരാണ്. ഓരോരുത്തർക്കും രാഷ്ട്രീയ ചായ്‍വുകളുമുണ്ട്. രാഷ്ട്രീയമില്ലാത്തവരുമുണ്ട്. എന്നാൽ ഞാൻ സ്ഥാനാർത്ഥിയാകുന്നു എന്നറിഞ്ഞപ്പോൾ രാഷ്ട്രീയത്തിനപ്പുറം എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്.'' അതിൽ വളരെ സന്തോഷമുണ്ടെന്നും അനന്യ പറഞ്ഞു. 

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടിയിൽ നിന്നാണ് അനന്യ മത്സരിക്കുന്നത്. ദാരിദ്ര്യത്തിന് ജാതിയില്ല എന്നാണ് പാർട്ടിയുടെ ആശയം. വേങ്ങര മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് താൻ ലക്ഷ്യമിടുന്നതെന്നും അനന്യ വിശദമാക്കുന്നു. ''പാർശ്വവത്കരിക്കപ്പെട്ട നിരവധി പേരുണ്ട് ഇവിടങ്ങളിൽ. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളും, അതുപോലെ ജോലി, വിദ്യാഭ്യാസം ഈ മേഖലകളിലെല്ലാം പരമാവധി പിന്തുണയും സഹായവും നൽകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ദൃശ്യത ഉറപ്പുവരുത്തുമെന്നതാണ്. അവർക്ക് പൊതുസമൂഹത്തിലേക്ക് എത്താനുളള എല്ലാ സഹായങ്ങളും നൽകും.'' എംഎൽഎ ആയാൽ മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ഏകദേശരൂപത്തെക്കുറിച്ച് അനന്യയുടെ വിശദീകരണമിങ്ങനെയാണ്.

ലിം​ഗസമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചോ അവരുടെ അവകാശങ്ങളെക്കുറിച്ചോ സമത്വത്തെക്കുറിച്ചോ ആരും സംസാരിക്കുന്നില്ല. സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമത്വമാണ് വേണ്ടത്. കേരളത്തിൽ എപ്പോഴാണ് ഇങ്ങനെയൊരു മാറ്റം വരുന്നതെന്ന് അറിയില്ല. കാലം മാറുകയാണ്. ഭാവിയിൽ മാറ്റങ്ങളുണ്ടാകുമെന്നും എല്ലാവരെയും പോലെ സമൂഹത്തിന്റെ ഉയർന്ന പദവികളിൽ ട്രാൻസ്ജെൻഡേഴ്സും ഇടം പിടിക്കുമെന്നും അനന്യ ശുഭ പ്രതീക്ഷ പങ്കുവെക്കുന്നു. മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി പി കെ കു‍ഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് സ്ഥാനാർത്ഥി പി ജിജി എന്നിവരാണ് വേങ്ങരയിൽ അനന്യയുടെ എതിർസ്ഥാനാർത്ഥികൾ. 

നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം കൊണ്ട് മാത്രമല്ല, അനന്യ ചരിത്രത്തിന്റെ ഭാ​ഗമാകുന്നത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി കൂടിയാണ് അനന്യ കുമാരി അലക്സ്. സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്, വാർത്താ അവതാരക, ആങ്കർ തുടങ്ങി തൊട്ടതെല്ലാം നേട്ടങ്ങളാക്കിയാണ് അനന്യ ഇവിടെയെത്തി നിൽക്കുന്നത്. ഇതൊന്നും പെട്ടെന്നൊരു ദിവസം ലഭിച്ച സൗഭാ​ഗ്യങ്ങളൊന്നുമല്ല. തിരസ്കാരത്തിന്റെയും അവ​ഗണനയുടെയും കാലങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്ന് അനന്യ ആത്മവിശ്വാസത്തോടെ പറയുന്നു.   
 

 

click me!