ലാവോസിലേക്കും കംബോഡിയയിലേക്കും പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

By Web TeamFirst Published May 17, 2024, 6:08 PM IST
Highlights

കംബോഡിയയിൽ ജോലി ഏറ്റെടുക്കുന്ന ഏതൊരാളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജൻ്റുമാർ വഴി മാത്രമേ പോകാവൂ.

ദില്ലി: തൊഴിൽ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും പോകുന്ന ഇന്ത്യൻ പൗരന്മാർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) നിർദേശം നൽകി. വ്യാജ ഏജൻ്റുമാർ ആളുകളെ തൊഴിലിനായി സമീപിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സൂക്ഷിക്കണമെന്നും അം​ഗീകൃത ഏജൻസികളെ മാത്രമേ വിശ്വസിക്കാവൂവെന്നും മുന്നറിയിപ്പിൽ പറയുന്നു. 

കംബോഡിയയിൽ ജോലി ഏറ്റെടുക്കുന്ന ഏതൊരാളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജൻ്റുമാർ വഴി മാത്രമേ പോകാവൂ. വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെ ആളുകളെ ആകർഷിക്കുന്ന സംഭവങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, കസ്റ്റമർ സപ്പോർട്ട് സർവീസ് പോലെയുള്ള തസ്തികകൾക്കായി വ്യാജ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

Latest Videos

 ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്‌പെഷ്യൽ എക്കണോമിക് സോണിൽ കോൾ സെൻ്റർ അഴിമതികളും ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളും നടത്തുന്ന സംശയാസ്പദമായ സ്ഥാപനങ്ങളുടെ ഏജൻ്റുമാരായി ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ പൗരന്മാരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ വാ​ഗ്ദാനങ്ങൾ നൽകിയാണ് വ്യാജ റിക്രൂട്ട്മെന്റ്. മികച്ച ശമ്പളം, താമസം, വിമാന ടിക്കറ്റ് എന്നിവയാണ് പ്രധാന വാ​ഗ്ദാനം. എന്നാൽ, ജോലി കിട്ടിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.  

തായ്‌ലൻഡിലോ ലാവോസിലോ വിസ ഓൺ അറൈവലിൽ തൊഴിൽ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അത്തരം വിസകളിൽ ലാവോസിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർക്ക് അധികൃതർ തൊഴിൽ പെർമിറ്റ് നൽകുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് എന്തെങ്കിലും സഹായത്തിനോ വ്യക്തതയ്‌ക്കോ വേണ്ടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

tags
click me!