ഏഴ് ഐഐടികളുടെ ഡയറക്ടർമാരും നാല് കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാരും അടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്.
ദില്ലി : വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനൊരുങ്ങി രാജ്യം. ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശത്ത് കാമ്പസുകൾ തുറക്കുന്നതിനെ കുറിച്ച് പഠിക്കാൻ രൂപരേഖ തയ്യാറാക്കാർ ഉന്നതതല സമിതിക്ക് കേന്ദ്രം രൂപം നൽകി. ഏഴ് ഐഐടികളുടെ ഡയറക്ടർമാരും നാല് കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാരും അടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ കെ രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷൻ.
വിദേശത്ത് കാമ്പത് തുടങ്ങാൻ ഐഐടി ദില്ലി നൽകിയ അപേക്ഷയിലാണ് കേന്ദ്രത്തിന്റെ നീക്കം. ഈജിപ്ത്തിലും സൌദിയിലും ക്യാമ്പസുകൾ തുടങ്ങാൻ ഐഐടി ദില്ലി നേരത്തെ ആലോചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകിയത്. നേരത്തെ എംജി, കേരളാ യൂണിവേഴ്സിറ്റികൾക്ക് അടക്കം ദുബായിൽ ഡിസ്റ്റൻഡ് ക്യാമ്പസുകളുണ്ടായിരുന്നു. ഇത് പിന്നീട് യുജിസിയുടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഇല്ലാതാകുകയായിരുന്നു.