വിവാഹ ക്ഷണിക്കത്തുകള്‍ ഇനി സ്വര്‍ണ്ണത്തിലും വെള്ളിയിലും തിളങ്ങും. പക്ഷേ, ഡിമാന്‍റിന് ഒട്ടും കുറവില്ലെങ്കിലും വില അല്പം കൂടുതലാണ്.
അടുത്ത കാലത്തായി ഇന്ത്യയില്‍ വിവാഹ ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങളും കോടികളുമാണ് ആളുകള്‍ മുടക്കുന്നത്. ഒരു വിവാഹത്തിനായി ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമായിരിക്കും നടക്കുക. വിവാഹ നിശ്ചയം മുതല്‍ ആഘോഷത്തിനായുള്ള ഒരുക്കള്‍ തുടങ്ങുകയായി. ആഘോഷങ്ങളുടെ തുടക്കമായി അതിഥികളെ ക്ഷണിക്കലാണ്. സാധാരണയായി ക്ഷണക്കത്തുകള്‍ കട്ടികൂടിയ പേപ്പറിലാകും അച്ചടിക്കുക. അതില്‍ അലങ്കാരത്തിനായി തൊങ്ങലുകള്‍ വയ്ക്കുന്ന പതിവും ഉണ്ട്. എന്നാല്‍ ഒരു കല്യാണക്കത്തിന് മാത്രം ലക്ഷങ്ങള്‍ മുടക്കുന്നതായി കേട്ടിട്ടുണ്ടോ? അതെ, ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഒരു സ്വർണ്ണ വ്യാപാരി, വിവാഹ ക്ഷണക്കത്തിനായി ഉപയോഗിച്ചത് സ്വർണ്ണ, വെള്ളിയും.
ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണ് ഈ അസാധാരണമായ വിവാഹക്ഷണക്കത്ത് അടിച്ചത്. സാധാരണയായി ആളുകള്‍ വിവാഹ ക്ഷണക്കത്തുകള്‍ കളയുകയാണ് പതിവ്. എന്നാല്‍ താന്‍ പുറത്തിറക്കിയ കാർഡ് ആളുകള്‍ കളയില്ലെന്നും അവ വിലമതിക്കപ്പെടുമെന്നും ലക്കി ജിന്‍ഡാല്‍ ലോക്കല്‍ 18 നോട് പറഞ്ഞു. സ്വർണ്ണവും വെള്ളിയും അടങ്ങുന്ന സൗന്ദര്യവും ആഡംബരവും ഒത്തൊരുമിക്കുന്ന വിവാഹ ക്ഷണക്കത്തുകള്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫയുടെ ശ്രദ്ധ. ഇത്തരം ആഡംബര കാര്‍ഡുകള്‍ നവദമ്പതികള്‍ക്ക് പ്രിയപ്പെട്ടവയായി മാറുകയാണെന്ന്.
ആവശ്യക്കാരന്‍റെ ഇഷ്ടപ്രകാരം വിവാഹ ക്ഷണക്കത്തിലെ അക്ഷരങ്ങള്‍ക്കായി സ്വർണ്ണമോ വെള്ളിയോയാണ് ഉപയോഗിക്കുന്നത്. 10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിലയേറിയ വിവാഹ ക്ഷണക്കത്തുകള്‍ ഇന്ന് ഫിറോസാബാദിലെ ലക്കി ജിൻഡാലിന്‍റെ കടയില്‍ ലഭ്യമാണ്. ഗുണനിലവാരം പ്രത്യേകം ഉറപ്പാക്കിക്കൊണ്ട് ശുദ്ധമായ സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ഓരോ കാര്‍ഡും നിർമ്മിക്കുന്നതെന്ന് ലക്കി അവകാശപ്പെട്ടു. വിവാഹ സീസൺ അടുക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ഓർഡറുകൾ ലഭ്യമായി തുടങ്ങിയെന്നും ഇത്തരം ആഡംബര കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കൂടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.