ബാലിയിലെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പാണ്ഡവ ബീച്ച് റോഡ്. 2011 -ലാണ് ഈ റോഡിൻറെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.
നമ്മുടെ ഭൂമിയിൽ മനുഷ്യനെ വിസ്മയിപ്പിക്കുന്ന നിരവധി അത്ഭുതങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. ബാലിയിലെ സൗത്ത് കുട്ടയിലെ ബഡൂങ്ങിൽ പാണ്ഡവ ബീച്ചിലേക്ക് നയിക്കുന്ന റോഡാണ് അത്തരത്തിലുള്ള ഒരു അത്ഭുതം.
ഈ റോഡിൻറെ ചിത്രങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ഒരു പാറക്കെട്ടിനിടയിലൂടെ കൊത്തിയെടുത്തതാണ് ഈ റോഡ് എന്നതാണ് ഇതിന്റെ കൗതുകകരമായ ഒരു സവിശേഷത. റോഡിൽ ഇരുവശവും 40 മീറ്റർ ഉയരത്തിൽ ചുണ്ണാമ്പു കല്ല് മതിലുകളാണ്. 300 മീറ്റർ നീളമുള്ള ഈ റോഡിൻറെ നിർമ്മാണം രണ്ടുവർഷമെടുത്താണ് പൂർത്തിയാക്കിയത്.
somethingincredibletookplace എന്ന പേരിലുള്ള വീഡിയോ ക്രിയേറ്റർ ഈ റോഡിൻറെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇൻറർനെറ്റിൽ ട്രെൻഡിങ്ങായി ഇതു മാറിയത്. ഡ്രോൺ ഷോട്ടിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ബാലിയുടെ ശാന്തമായ പശ്ചാത്തലത്തിൽ റോഡിൽ വിനോദസഞ്ചാരികൾ അവരുടെ ചിത്രങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം 10 ദശലക്ഷത്തിലധികമാളുകൾ കണ്ടു കഴിഞ്ഞു.
ബാലിയിലെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പാണ്ഡവ ബീച്ച് റോഡ്. 2011 -ലാണ് ഈ റോഡിൻറെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. ഇന്തോനേഷ്യൻ ഗവൺമെന്റും സ്വകാര്യ നിക്ഷേപകരും സംയുക്തമായാണ് ഈ റോഡിൻറെ നിർമ്മാണത്തിന് ആവശ്യമായ പണം നിക്ഷേപിച്ചത്. എന്നാൽ, അക്കാലത്ത് പാണ്ഡവ ബീച്ച് റോഡ് നിർമ്മാണത്തിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.
ഇത്തരത്തിൽ ഒരു റോഡ് നിർമ്മിക്കുന്നത് പാറക്കെട്ടിനു മുകളിലൂടെയുള്ള മൃഗങ്ങളുടെ സഞ്ചാരപാതയെ തടയും എന്നായിരുന്നു ബീച്ച് റോഡിനെ എതിർത്തവരുടെ പ്രധാന ആരോപണം. എന്നാൽ, ഈ മേഖലയിൽ അത്രയേറെ മൃഗങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ റോഡ് ആർക്കും പ്രശ്നമുണ്ടാക്കില്ലെന്നുമായിരുന്നു അന്ന് പദ്ധതിയെ പിന്തുണച്ചവരുടെ അഭിപ്രായം. ഏതായാലും ഇന്ന് ബാലിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് പാണ്ഡവ ബീച്ചും പാണ്ഡവ ബീച്ച് റോഡും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: