“ഫെബ്രുവരിയിൽ ഞാൻ പരിശീലനം ആരംഭിച്ചപ്പോൾ, ഒരു പത്രത്തിൽ പോലും എന്റെ മുഖം വരുമെന്ന് കരുതിയതല്ല. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല” വസുനിയ തന്റെ സന്തോഷം ഒരു മാധ്യമത്തിൽ പങ്കുവെച്ചു.
ഫാഷൻ ലോകത്തെ കുറിച്ച് ഒരുപാടൊന്നും അറിയാത്ത ആളുകൾ വരെ പക്ഷേ വോഗ് മാഗസിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ മാസികയിൽ ഒന്നാണ് വോഗ്. അതിൽ മോഡലാകുന്നത് തീർത്തും അഭിമാനകരമായ ഒരു സംഭവമാണ്. അതുകൊണ്ട് തന്നെയാണ് മധ്യപ്രദേശിലെ മണ്ടുവിൽ നിന്നുള്ള ഒരു ആദിവാസി യുവതി വോഗ് ഇറ്റാലിയയിൽ മോഡലായപ്പോൾ ലോകം അത്ഭുതം കൂറിയത്. മനോഹരമായി പകർത്തിയ ആ ചിത്രത്തിൽ, സ്വന്തം കൈകൊണ്ട് നെയ്ത കൈത്തറി സാരി ധരിച്ച് നിൽക്കുന്ന 25 -കാരിയായ സീത വസുനിയെ കാണാം. അതുവരെ ഒരു സാധാരണ ജീവിതം നയിച്ചിരുന്ന ആ ആദിവാസി സ്ത്രീ എങ്ങനെയാണ് ഒരു ദിവസം കൊണ്ട് പ്രശസ്തിയുടെ നെറുകയിൽ എത്തിയത്?
ഗോത്രവർഗക്കാരായ പത്ത് സ്ത്രീകൾ ഉൾപ്പെടുന്ന 'ധര' എന്ന സ്വയം സഹായ സംഘത്തിന്റെ ഭാഗമാണ് വസുനിയ. തുണിയിൽ പരമ്പരാഗത രീതിയിലുളള നൂൽ പണികൾ, ചിത്രവേലകൾ, ചായം മുക്കൽ എന്നിവ ചെയ്യുന്നതിന് പരിശീലനം നേടിയവരാണ് ഈ സ്ത്രീകൾ. ഇതിന് പുറമെ, കരകൗശല വിദഗ്ധനായ ഗുരുദത്ത് കഥ സീതയെയും സംഘത്തെയും ബാത്തിക്, ഡാബു തുടങ്ങിയ വ്യത്യസ്ത നെയ്ത്തു രീതികൾ പഠിപ്പിച്ചെടുക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഏക് ജില, ഏക് ഉത്തപാഡ് എന്ന പദ്ധതിയുടെ കീഴിൽ ആരംഭിച്ചതാണ് ഈ സംരഭം. പരിശീലനശേഷം കോട്ടൺ വസ്ത്രങ്ങൾ വാങ്ങി അതിൽ അവർ നെയ്ത്തുപണികൾ ചെയ്യാൻ തുടങ്ങി. കൂടാതെ അതിന്റെ വില്പനയും അവർ സ്വയം ഏറ്റെടുത്തു.
undefined
ഒരിക്കൽ അവരുടെ തുണിത്തരങ്ങൾ പരസ്യപ്പെടുത്താൻ മോഡലുകളെ ആവശ്യമായി വന്നു. എന്നാൽ അധികമാരും അറിയാത്ത ഒരു സംരംഭത്തിന് വേണ്ടി മോഡലാകാൻ പലരും താല്പര്യപ്പെട്ടില്ല. ഇനി ആരെങ്കിലും തയ്യാറായാൽ തന്നെ വലിയ തുകയാണ് പ്രതിഫലമായി ചോദിച്ചത്. അത്രയൊന്നും പണം കൈയിലുണ്ടാകാത്തിരുന്ന അവർ ഒടുവിൽ സ്വയം മോഡലുകളായി. അങ്ങനെ നിർമ്മാണം, രൂപകൽപ്പന, ചായം പൂശൽ മുതൽ മാർക്കറ്റിംഗ് വരെ സകലകാര്യങ്ങളും അവർ തന്നെ ചെയ്തു.
കാര്യങ്ങൾ അങ്ങനെ തട്ടിയും മുട്ടിയും പോകുന്നതിനിടയിലാണ് ലോക്ക്ഡൗൺ വരുന്നത്. അതോടെ അവരുടെ വില്പന ഇടിഞ്ഞു. എന്നാൽ, ആ സമയം അദിതി ഗുപ്ത എന്ന ഫോട്ടോഗ്രാഫർ അവരുടെ രക്ഷക്കെത്തി. അദ്ദേഹം അവരുടെ സാരിയുടുത്ത ചിത്രങ്ങൾ ഒന്നിച്ച് ചേർത്ത് ഒരു കാറ്റലോഗ് തയ്യാറാക്കാമെന്ന് പറഞ്ഞു. അതിൻപ്രകാരം മേക്കപ്പ് ഇല്ലാതെ, പതിവുപോലെ വസ്ത്രം ധരിച്ച് തികഞ്ഞ ലാളിത്യത്തോടെ അവർ ഫോട്ടോയ്ക്കായി പോസ് ചെയ്തു. അതിൽ വസുനിയയുടെ ചിത്രം നന്നായി തോന്നിയ അദ്ദേഹം അത് വോഗുമായി പങ്കിട്ടു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അവളുടെ ഫോട്ടോ വോഗിൽ ഫീച്ചർ ചെയ്തു. വോഗിന്റെ ഇറ്റാലിയൻ പതിപ്പായ വോഗ് ഇറ്റാലിയയുടെ ഡിജിറ്റൽ പതിപ്പിന്റെ മുഖചിത്രമായി വസുനിയ മാറി.
“ഫെബ്രുവരിയിൽ ഞാൻ പരിശീലനം ആരംഭിച്ചപ്പോൾ, ഒരു പത്രത്തിൽ പോലും എന്റെ മുഖം വരുമെന്ന് കരുതിയതല്ല. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല” വസുനിയ തന്റെ സന്തോഷം ഒരു മാധ്യമത്തിൽ പങ്കുവെച്ചു. വസുനിയ്ക്ക് ഇപ്പോൾ ധാരാളം മോഡലിംഗ് ഓഫറുകൾ ലഭിക്കുന്നു. മാർച്ച് 29 -നാണ് വസുനിയയുടെ ചിത്രം മാസികയിൽ വന്നത്. അതിനെത്തുടർന്ന് ഇപ്പോൾ വീട്ടുകാരും നാട്ടുകാരും അവളെ കുറിച്ച് ഓർത്ത് ഏറെ അഭിമാനമാണെന്ന് അവൾ പറഞ്ഞു. രണ്ടുവയസ്സുള്ള ഒരു മകളുടെ അമ്മ കൂടിയാണ് വസുനിയ. ഈ പേരും പ്രശസ്തിയും ആ സ്ത്രീകളുടെ ജീവിതത്തെ മാറ്റി മറിച്ചു. ദില്ലിയിലും മുംബൈയിലും ഇന്ന് ഇവരുടെ സാരികൾക്ക് വലിയ ഡിമാൻഡാണ്. നിലവിൽ, 30 സ്ത്രീകൾ ഈ സ്വാശ്രയ ഗ്രൂപ്പിന്റെ ഭാഗമാണ്.