Travelogue : ഋഷികേശ്: ഭക്തിയും യുക്തിയും ഒരു പോലെ വന്നുതൊടുന്ന ഒരിടം!

By Web Team  |  First Published Jul 21, 2022, 6:29 PM IST

ത്രിവേണി ഘാട്ടിലേക്ക് അടുക്കുംതോറും ഗംഗയുടെ വന്യമായ സൗന്ദര്യം കൂടിക്കൂടി വന്നു. ഭക്തിയും ആത്മീയതയും ചുറ്റുമുള്ള അന്തരീക്ഷത്തിലും എന്തിനധികം വായുവില്‍ പോലും നിറഞ്ഞുനില്‍ക്കുന്നതായി തോന്നിപ്പിച്ചു. 


ഋഷികേശിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ വല്ലാത്ത നഷ്ടബോധം നിറഞ്ഞു നിന്നിരുന്നു. രണ്ട് ആഴ്ച്ചക്കാലമെങ്കിലും അനുഭവിച്ചു തീര്‍ക്കേണ്ട വിസ്മയത്തെ രണ്ടു ദിവസത്തില്‍ ഒതുക്കേണ്ടി വന്നതില്‍ മനസ്സ് അസ്വസ്ഥമായിരുന്നു. എങ്കിലും വീണ്ടുമൊരു വരവുണ്ട് എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു,

 

Latest Videos

undefined

 

ആഗ്ര-ഡല്‍ഹി-മസൂറി യാത്രയ്ക്കിടയിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഋഷികേശ് കടന്നുവരുന്നത്. ഒരു തീര്‍ത്ഥാടനമല്ല യാത്രയുടെ ലക്ഷ്യമെന്ന് പലകുറി മനസ്സില്‍ പറഞ്ഞുവച്ചെങ്കിലും യാത്ര കഴിഞ്ഞപ്പോള്‍ മനസ്സിനെ ഏറ്റവുമധികം കീഴ്‌പ്പെടുത്തിയത് ഋഷികേശിന്റെ മാസ്മരികത തന്നെയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തെ പറ്റി വലിയ അറിവുകളൊന്നും ഉണ്ടായിരുന്നില്ല.  ചെറിയ ഒരു എയര്‍പോര്‍ട്ടെങ്കിലും വൃത്തിയുള്ള പരിസരവും ആതിഥ്യമര്യാദയുള്ള സ്റ്റാഫും. വിദേശീയരും തദ്ദേശീയരുമായ ധാരാളം ടൂറിസ്റ്റുകളെയും സോളോ വുമണ്‍ ട്രാവലേഴ്സിനേയും എയര്‍പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞു. ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററോളം ദൂരെയാണ് ഋഷികേശ്. പ്രീ പെയ്ഡ് ടാക്‌സിയില്‍ കയറുമ്പോള്‍ ഇതുവരെ കാണാത്ത, അറിയാത്ത 'ഉത്തരാഖണ്ഡ്' എന്ന ആവേശം മനസ്സില്‍ നിറഞ്ഞിരുന്നു. ഒപ്പം ലോകത്തിന്റെ യോഗ തലസ്ഥാനം എന്ന് കേള്‍വികേട്ട ഋഷികേശും.

ഋഷികേശില്‍ ഗംഗനദിയ്ക്ക് തൊട്ടരികിലെ ഹോട്ടലില്‍ എത്തിയപ്പോള്‍ വേറൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. മാര്‍ച്ച് മാസത്തിന്റെ ചൂടിലും ഋഷികേശിലെ കാലാവസ്ഥ പ്രസന്നമായിരുന്നു. വേനല്‍ അല്‍പം തളര്‍ച്ച ഏല്‍പ്പിച്ചിരുന്നെങ്കിലും ഗംഗാ നദിയ്ക്ക് അപ്പോഴും നല്ല ഒഴുക്കുണ്ടായിരുന്നു. വായിച്ചും കേട്ടുമുള്ള ഗംഗയുടെ രൂപഭാവങ്ങള്‍ ഒന്നുമല്ല ഋഷികേശിലെ ഗംഗയ്ക്കുണ്ടായിരുന്നത്. ദൂരെയുള്ള പര്‍വ്വതനിരകള്‍ക്കിടയിലൂടെ നല്ല തെളിമയോടെ ഒഴുകിയിറങ്ങുന്ന 'ഗംഗ മാ' ശരിക്കും ദേവലോകത്തു നിന്നെത്തിയ പുണ്യവാഹിനിയായി അനുഭവപ്പെട്ടു.

ഋഷികേശിലെ ഗംഗ ആരതിയ്ക്ക് പേരുകേട്ട ത്രിവേണി ഘാട്ടിനടുത്തായിരുന്നു ഞങ്ങള്‍ താമസിച്ച ഹോട്ടല്‍. വൈകുന്നേരം ഹോട്ടലില്‍ നിന്ന് ത്രിവേണി ഘാട്ടിലേക്കും തിരിച്ചുമുള്ള നടത്തം മനസ്സ് കുളിര്‍പ്പിച്ചു. അസ്തമയസൂര്യന്റെ ചുവപ്പ് പകര്‍ന്നെടുത്ത ഗംഗ മായെ കണ്ടുകൊണ്ട്, മറുകരയിലെ രാജാജി നാഷണല്‍ പാര്‍ക്കിന്റെ പച്ചപ്പും ആസ്വദിച്ച് കൊണ്ട് നദിക്കരയിലെ നടപ്പാതയിലൂടെയുള്ള യാത്ര മനോഹരമായ ഒരനുഭവം തന്നെയായിരുന്നു. ത്രിവേണി ഘാട്ടിലേക്ക് അടുക്കുംതോറും ഗംഗയുടെ വന്യമായ സൗന്ദര്യം കൂടിക്കൂടി വന്നു. ഭക്തിയും ആത്മീയതയും ചുറ്റുമുള്ള അന്തരീക്ഷത്തിലും എന്തിനധികം വായുവില്‍ പോലും നിറഞ്ഞുനില്‍ക്കുന്നതായി തോന്നിപ്പിച്ചു. നദിക്കരയിലെ നടപ്പാതയുടെ വൃത്തിയും സുരക്ഷിതത്വവും അതിശയിപ്പിക്കുന്നത് തന്നെയായിരുന്നു. യാത്രക്കാരുടെയും തീര്‍ത്ഥാടകരുടേയും ആധിക്യമുള്ള ഒരിടത്തെ ഇത്രയും ഭംഗിയായി സംരക്ഷിക്കുന്നതില്‍ അവിടുത്തെ അഡ്മിനിസ്‌ട്രേഷനെ പ്രശംസിച്ചേ മതിയാവൂ.

ത്രിവേണി ഘാട്ടില്‍ ശരിക്കും ഞാനറിഞ്ഞത് മറ്റൊരു ലോകത്തെയായിരുന്നു. സന്ധ്യയ്ക്കുള്ള ഗംഗ ആരതിക്കായി വലിയൊരു ആള്‍ക്കൂട്ടം തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഒപ്പം മറ്റു യാത്രികരും സ്വാമിമാരും പൂക്കളും ചെറിയ ദീപങ്ങളും വില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമെല്ലാം ചേര്‍ന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ഗംഗ ആരതി കാണേണ്ട കാഴ്ചയും അനുഭവിച്ചറിയേണ്ട ഒരനുഭവവും തന്നെയാണ്. കൈകളിലെ വിളക്കുകള്‍ 'ജയ് ഗംഗേ മാതേ' എന്ന പാട്ടിന്റെ താളത്തിനൊപ്പം ചലിപ്പിച്ചുകൊണ്ട് ഗംഗയെ പൂജ ചെയ്യുന്ന പുരോഹിതരും ഒപ്പം ചെറിയ പാള കൊണ്ടുള്ള പാത്രങ്ങളില്‍ പൂക്കളും കത്തിച്ചു വച്ച ദീപങ്ങളും  ഗംഗയിലേക്ക് ഒഴുക്കി ഭക്തിനിര്‍ഭരം ഗംഗയെ ധ്യാനിക്കുന്ന ഭക്തരും ഒരു സംസ്‌കാരത്തിന്റെ പ്രതിനിധാനമായി മനസ്സില്‍ ആഴ്ന്നുപോകുന്നു. പൈതൃകവും സംസ്‌കാരവും മനസ്സ് നിറയ്ക്കുമ്പോഴും ചുറ്റും കണ്ട ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങള്‍ ഒരു നോവായി ഉള്ളില്‍ ചേക്കേറിയെന്നും പറയാതെ വയ്യ. ഭാരതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മുഖങ്ങള്‍ ഇതൊക്കെത്തന്നെയല്ലേ.

ഗംഗയിലൂടെ ഒഴുകുന്ന ചെറു ദീപങ്ങള്‍ കണ്ടുകൊണ്ടുള്ള മടക്കയാത്ര മറക്കാനാവില്ല. ഒഴുകുന്ന നദിയുടെ കളകളാരവവും അകലെയുള്ള മലകള്‍ക്കും കാടുകള്‍ക്കും ഇരുട്ടില്‍ കൈവരുന്ന ഗൂഡമായ സൗന്ദര്യവും ആത്മീയതയും ഭക്തിയും നിറഞ്ഞ അന്തരീക്ഷവും സമ്മിശ്രവികാരങ്ങളും പറഞ്ഞറയിക്കാന്‍ കഴിയാത്തൊരു അനുഭൂതിയും പകര്‍ന്നുനല്‍കി.

ഋഷികേശിലെ പ്രഭാതത്തിന് ഒരു പ്രത്യേക ചാരുതയായിരുന്നു. ഉദയസൂര്യന്റെ പൊന്‍ കിരണങ്ങള്‍ ഗംഗയെ അതീവ സുന്ദരിയാക്കുന്നു. ഗംഗാ നദിക്കരയിലൂടെയുള്ള പ്രഭാതസവാരിയും മനസ്സ് കുളിര്‍പ്പിക്കുന്നതായിരുന്നു. നദിയ്ക്ക് അക്കരെയുള്ള രാജാജി നാഷണല്‍ പാര്‍ക്കില്‍ നിന്ന് നദിക്കരയിലേക്ക് പറന്നെത്തുന്ന പലതരം പക്ഷികളും യാത്രികര്‍ക്ക് വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്നു. ഒഴുകുന്ന നദിയുടെ ഒഴുക്കിനു ഈണവും താളവുമുണ്ടെന്നു തോന്നിപ്പിക്കും വിധം മാന്ത്രികതയുള്ളതായിരുന്നു അവിടുത്തെ അന്തരീക്ഷം.

ഋഷികേശ് യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഞങ്ങള്‍ അവിടുത്തെ പല പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചത്. റാം ഝൂല, ലക്ഷ്മണ്‍ ഝൂല, ജാനകി സേതു എന്നിങ്ങനെ ഗംഗ നദിയ്ക്ക് കുറുകെയുള്ള മൂന്ന് തൂക്കുപാലങ്ങള്‍ ഋഷികേശിലെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രഭാത സവാരിയ്ക്കും ഭക്ഷണത്തിനും ശേഷം ഞങ്ങള്‍ ആദ്യം പോയത് ജാനകി സേതു സന്ദര്‍ശിക്കാനായിരുന്നു. ഋഷികേശിലെ വിനോദ സഞ്ചാരികളുടെ പ്രധാന യാത്രാമാര്‍ഗ്ഗം ഓട്ടോറിക്ഷകളാണ്. ഇന്ത്യയുടെ സ്വന്തം വാഹനമായ, വിദേശസഞ്ചാരികളുടെ പോലും ഇഷ്ട സഞ്ചാര മാര്‍ഗ്ഗമായ ടുക് ടുക് ല്‍ തന്നെ ഞങ്ങളും യാത്ര ആരംഭിച്ചു.

മറ്റേതൊരു ഉത്തരേന്ത്യന്‍ ചെറുപട്ടണത്തിലൂടെയുമുള്ള യാത്ര പോലെത്തന്നെയായിരുന്നു ഋഷികേശിലെ യാത്രയും. യോഗ തലസ്ഥാനം എന്ന പേര് അന്വര്‍ത്ഥമാക്കും വിധം വഴിയിലുടനീളം ധാരാളം യോഗ കേന്ദ്രങ്ങള്‍ കാണുവാന്‍ കഴിഞ്ഞു. ഋഷികേശിന്റെ മറ്റൊരു പ്രത്യേകത അവിടെ മാംസഭക്ഷണവും മദ്യവും നിരോധിച്ചിട്ടുണ്ടെന്നുള്ളതാണ്. ഋഷികേശിലേക്ക് വെറുമൊരു യാത്ര പോകും മുന്‍പ് മനസ്സില്‍ കുറിച്ചിടേണ്ട കാര്യമാണ് ഇത്. വിനോദത്തിലുപരി മനസ്സിലെ ആത്മീയത തേച്ചുമിനുക്കിക്കൊണ്ടാകണം ഋഷികേശിലേക്ക് കാലുകുത്തേണ്ടത്. അല്ലെങ്കില്‍ നിരാശയാവും ഫലം.

 

 

ഏകദേശം 350 മീറ്റര്‍ നീളമുള്ള ജാനകിസേതു എന്ന തൂക്കുപാലത്തിന് ഉത്തരാഖണ്ഡിന്റെ വിനോദഭൂപടത്തിലും ആഭ്യന്തര ഭൂപടത്തിലും ഒരുപോലെ പ്രധാന്യമുണ്ട്. ഉത്തരാഖണ്ഡിലെ ടെഹ്‌റി, പൗറി എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം 2020 -ലാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാത്രം അനുവാദമുള്ള ഈ പാലത്തില്‍ നിന്നുള്ള കാഴ്ചകള്‍ നയനാനന്ദകരമാണ്. ഇരുവശങ്ങളിലും ഗംഗയുടെ വന്യതയും വശ്യതയും ആസ്വദിച്ചുകൊണ്ടൊരു യാത്ര. 

പാലം കടന്ന് അക്കരെയെത്തുമ്പോള്‍ ഒരു ക്ഷേത്രനഗരിയിലെ ഇടുങ്ങിയ വീഥികളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ്. അക്കരെ നദിക്കരയിലൂടെയുള്ള ചെറുവഴിയിലൂടെ ഞങ്ങള്‍ ഋഷികേശിലെ മറ്റൊരു ആകര്‍ഷണമായ റാം ഝൂല ലക്ഷ്യമിട്ട് നടന്നു. ചെറുവഴിയിലുടനീളം ചെറുതും വലുതുമായ ആശ്രമങ്ങള്‍ കാണാമായിരുന്നു. കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ധാരാളമുണ്ട് അവിടെ. ഇടുങ്ങിയ വഴിയില്‍ യാത്രികരും തീര്‍ത്ഥാടകരും സ്വാമിമാരും മാത്രമല്ല കാളക്കൂറ്റന്‍മാരും വിഹാരം നടത്തുന്നു. മറ്റേതോ ഒരു ലോകത്തില്‍ എത്തിയ പ്രതീതിയോടെ, അത്ഭുതത്തോടെ, ആകാംക്ഷയോടെ ഞങ്ങളും അവരിലൊരാളായി മാറി.

ഋഷികേശിന്റെ പ്രധാന ആകര്‍ഷണങ്ങളാണ് റാം ഝൂലയും ലക്ഷ്മണ്‍ ഝൂലയും. ഗംഗ നദിയ്ക്ക് കുറുകെയുള്ള ഈ രണ്ടു തൂക്കു പാലങ്ങളും ചരിത്രപ്രാധാന്യമുള്ളവയാണ്. അതുപോലെ തന്നെ  ഋഷികേശിന്റെ പ്രകൃതിസൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തു യാത്രികര്‍ക്കായി കാഴ്ചവയ്ക്കുന്നവയാണ് ഈ രണ്ടു തൂക്കുപാലങ്ങളും.

 

 

ജാനകിസേതുവില്‍ നിന്ന് റാം ഝൂല വരെയുള്ള യാത്ര ശരിക്കും ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെയുള്ള യാത്ര തന്നെയായി അനുഭവപ്പെട്ടു. ജനത്തിരക്കുള്ള ചെറിയ വീഥികളില്‍ ഭക്തിയും യുക്തിയും ഒരുപോലെ നിറഞ്ഞുനില്‍പ്പുണ്ടെന്ന് തോന്നിപ്പിച്ചു. ഒരുവശത്തു ഭക്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഭക്തരും മറുവശത്തു ജീവിക്കാനുള്ള തത്രപ്പാടിലോടുന്ന മനുഷ്യരും ഒരുപോലെ അലിഞ്ഞുചേര്‍ന്ന വഴികള്‍.

റാം ഝൂലയില്‍ നിന്നുള്ള ഗംഗാനദിയുടെ കാഴ്ചകള്‍ മനസ്സിനും ചിന്തകള്‍ക്കും കുളിര്‍മ്മയേകുന്നതായിരുന്നു. വേനലില്‍ മെലിഞ്ഞുപോയിരുന്നെങ്കിലും ഗംഗയുടെ വശ്യസൗന്ദര്യത്തിന് മാറ്റ് കുറഞ്ഞിരുന്നില്ല. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രം പ്രവേശനമുള്ള വീതി കുറഞ്ഞ ചെറിയ പാലമാണ് റാം ഝൂല. 1986 ലാണ് ഈ പാലം നിര്‍മ്മിക്കപ്പെടുന്നത്. ടെഹ്‌റി ജില്ലയിലെ ശിവാനന്ദനഗറിനെയും  പൗറി  ജില്ലയിലെ സ്വര്‍ഗ്ഗാശ്രമം ഭാഗത്തെയും ബന്ധിപ്പിക്കുന്ന  ഈ പാലം തദ്ദേശവാസികള്‍ക്കും കച്ചവടക്കാര്‍ക്കും യാത്രികര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗപ്രദമാണ്. രാത്രിയില്‍ ദീപാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്ന റാം ഝൂല അതിമനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ്.

റാം ഝൂലയിലെ കാഴ്ചകള്‍ക്കും അല്പം പടമെടുമെടുപ്പിനും ശേഷം ഞങ്ങള്‍ ലക്ഷ്മണ്‍ ഝൂലയിലേക്ക് പുറപ്പെട്ടു. ലക്ഷ്മണ്‍ ഝൂല അഞ്ചാറ് കിലോമീറ്റര്‍ അകലെയായതിനാല്‍ വീണ്ടും ഓട്ടോറിക്ഷയിലായി യാത്ര. ലക്ഷ്മണ്‍ ഝൂല റാം ഝൂലയെക്കാള്‍ പുരാതനവും മനോഹരവുമാണ്. രാമ- രാവണ യുദ്ധത്തിന് ശേഷം രാമന്‍ ഗംഗാനദിയില്‍ കുളിക്കുകയും ലക്ഷ്മണന്‍ രണ്ടു കയറുകളുടെ മാത്രം സഹായത്തോടെ ഗംഗാനദിയ്ക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കുകയും ചെയ്തത്രേ. ലക്ഷ്മണ്‍ ഝൂല എന്നറിയപ്പെട്ട ഈ പാലം കാലങ്ങളോളം ഗംഗ നദി മുറിച്ചുകടക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നുവത്രെ. 1924 ലെ വെള്ളപ്പൊക്കത്തില്‍ ഈ പാലം ഒലിച്ചുപോവുകയും പിന്നീട് 1939 -ല്‍ ഇതേ സ്ഥാനത്തു ഇരുമ്പ് കൊണ്ടൊരു തൂക്കു പാലം നിര്‍മ്മിക്കപ്പെടുകയുമുണ്ടായി. ഈ പാലവും ലക്ഷ്മണ്‍ ഝൂല എന്ന പേരില്‍ തന്നെ ഇപ്പോഴും അറിയപ്പെടുന്നു.

ലക്ഷ്മണ്‍ ഝൂലയില്‍ നിന്നുള്ള കാഴ്ചകളും അതീവഹൃദ്യമാണ്. ശരിക്കും പ്രകൃതിയുടെ മടിത്തട്ട്. മലനിരകള്‍ക്ക് ഇടയിലൂടെ ഒഴുകിയിറങ്ങി എത്തുന്ന ഗംഗയുടെ തെളിനീര്‍ ഏറ്റവും ഭംഗിയായി കാണാന്‍ കഴിയുന്ന ഒരിടം ഒരുപക്ഷെ ഇതാവാം. ഒപ്പം അല്പം രൗദ്രഭാവത്തില്‍ തന്നെ ഒഴുകുന്ന ഗംഗയിലൂടെ സാഹസികയാത്രികര്‍ നടത്തുന്ന റിവര്‍ റാഫ്റ്റിംഗും ഇവിടെ നിന്ന് കാണാന്‍ കഴിയും.

ലക്ഷ്മണ്‍ ഝൂലയിലെ അവിസ്മരണീയമായ കാഴ്ചവിരുന്നിന് ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ബീറ്റില്‍സ് ആശ്രം കാണാനായി പുറപ്പെട്ടു. 1968 -ല്‍ ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ബീറ്റില്‍സ് യോഗ അഭ്യസിക്കാനായി ഋഷികേശിലെത്തി. മഹര്‍ഷി മഹേഷ് യോഗി ആശ്രമത്തില്‍ താമസിച്ചു യോഗയും ധ്യാനവും അഭ്യസിച്ചിരുന്ന ആ കാലഘട്ടത്തിലാണ് അവര്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ പല പാട്ടുകളും ചെയ്തത്. അങ്ങനെ ബീറ്റില്‍സിലൂടെ പാശ്ചാത്യലോകത്തിനും യോഗയും ഒപ്പം ഋഷികേശും ഏറെ പ്രിയപ്പെട്ടതായി മാറി. കാലക്രമേണ വനാതിര്‍ത്തിയിലുള്ള ഈ ആശ്രമം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇന്നും ഋഷികേശിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ആകര്‍ഷണമാണ് 'ബീറ്റില്‍സ് ആശ്രം'. കാടിന്റെ ശബ്ദവും മണവും നിറവുമുള്ള ഈ ആശ്രമം വേറിട്ടൊരു അനുഭവവും അനുഭൂതിയും തന്നെയായിരുന്നു. ആശ്രമത്തിന്റെ ചുവരുകളിലെ വാള്‍ ആര്‍ട്ടും ധ്യാനത്തിനായുള്ള ചെറിയ കുടിലുകളും ഏറെ വിസ്മയിപ്പിച്ചു. നട്ടുച്ചക്ക് കൂടി കുളിര്‍കാറ്റ് വീശുന്ന ശാന്തമായ അന്തരീക്ഷം ആരുടെ മനസ്സിലും ഉറങ്ങിക്കിടക്കുന്ന ആത്മീയ ചിന്തകളെ തൊട്ടുണര്‍ത്തും. ആശ്രമത്തില്‍ അല്‍പ്പ സമയം ചിലവിട്ട് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.ഋഷികേശിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ വല്ലാത്ത നഷ്ടബോധം നിറഞ്ഞു നിന്നിരുന്നു. രണ്ട് ആഴ്ച്ചക്കാലമെങ്കിലും അനുഭവിച്ചു തീര്‍ക്കേണ്ട വിസ്മയത്തെ രണ്ടു ദിവസത്തില്‍ ഒതുക്കേണ്ടി വന്നതില്‍ മനസ്സ് അസ്വസ്ഥമായിരുന്നു. എങ്കിലും വീണ്ടുമൊരു വരവുണ്ട് എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ അവിടെ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു, ഒരു ആയുഷ്‌കാലം മറക്കാന്‍ കഴിയാത്ത മനോഹരമായ ഓര്‍മ്മകളുമായി.

click me!