Travel : കണ്‍മുന്‍പില്‍ മഞ്ഞുപുതഞ്ഞ് നില്‍ക്കുന്ന പൈന്‍ മരങ്ങള്‍, മലകളെ പൊതിഞ്ഞ് മഞ്ഞിന്‍പുതപ്പ്...

By Theresa Joseph  |  First Published Jul 25, 2022, 4:04 PM IST

 ഇത്രയും ആഴമായൊരു നിശബ്ദത ഹൃദയത്തെതൊട്ടിട്ട് എത്ര കാലമായിട്ടുണ്ടാവും! ഒന്നും ചെയ്യാനില്ലാതെ ഇങ്ങനെ നിന്നിട്ട് എത്ര നാളുകള്‍ കഴിഞ്ഞിട്ടുണ്ടാവും! ആഴം ആഴത്തെ തൊടും പോലെ...ശാന്തത സൗമ്യതയെ പ്രണയിക്കും പോലെ അത്രയും ദീപ്തമായൊരു നിമിഷം.


ഏറ്റവും ശാന്തമായ മനസ്സോടെ ആ തടിബെഞ്ചിലിരിക്കുന്ന നേരം എന്റെയരികില്‍ ആരോ ഒരാള്‍ വന്നിരുന്നു. അയഞ്ഞ കാക്കിനിറമുള്ള പാന്റും മുട്ടൊപ്പം എത്തുന്ന ബൂട്ടും ധരിച്ചിട്ടുണ്ട്. തലയില്‍ പിന്നോട്ട് തിരിച്ചുവെച്ച തൊപ്പി. ഒന്നും മിണ്ടാതെ അയാള്‍ കയ്യിലിരുന്ന വയലിനിലില്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി. എക്കാലത്തെയും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഗാനങ്ങളിലൊന്നായ 'സൈലന്റ് നൈറ്റ്.' 

ഇതിന് മുന്‍പൊരിക്കലും അത്രയും മനോഹരമായി ഞാന്‍ ആ പാട്ട് ആസ്വദിച്ചിട്ടില്ല. ഇനിയൊരിക്കലും കണ്ണുനിറയാതെ ആ പാട്ട് കേള്‍ക്കാനും എനിക്ക് കഴിയില്ല.

Latest Videos

undefined

 

 

അധികം മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് കുട്ടികളുമൊന്നിച്ച് ഒരു ചെറിയ വെക്കേഷന്‍ തീരുമാനിച്ചത്. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഡിസംബറിലെ മഞ്ഞുപൊതിഞ്ഞ കൊളറാഡോ കാണണമെന്ന്. 

ആകെകിട്ടിയ ഇത്തിരി സമയം കൊണ്ട് കുറച്ചുപേരോടൊക്കെ ചോദിച്ച് അത്യാവശ്യം വിവരങ്ങള്‍ ശേഖരിച്ചു. തണുപ്പിനേ് വേണ്ട ഉടുപ്പുകളും തൊപ്പികളും മഞ്ഞില്‍ നടക്കാനുള്ള ഷൂവും ഒക്കെ വാങ്ങി. എല്ലാവരും ആവേശത്തിലായിരുന്നു, പ്രത്യേകിച്ച് ഇളയയാള്‍. പോകുന്നതിന്റെ തലേന്ന് ആവേശം മൂത്ത് ഉറക്കം വരെ വേണ്ടെന്ന് വെച്ചു അവള്‍. ഒടുവില്‍ രാത്രി ഏറെ വൈകി കണ്ണടക്കുമ്പോഴും രാവിലെ നേരത്തെ വിളിക്കണേ എന്ന് ഓര്‍മ്മിപ്പിച്ചു.

വെളുപ്പിന് മൂന്ന് മണിക്ക് തന്നെ ഉണര്‍ന്നു. ഉറക്കത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു യാത്ര പോകുന്നതിന്റെ ഉത്സാഹം എല്ലാവരിലും ഉണ്ടായിരുന്നു. 'ഞാന്‍ മമ്മയുടെ അടുത്താണ് ഇരിക്കുന്നത്' കുഞ്ഞി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. പ്രതീക്ഷിച്ചതിലും നീണ്ട ക്യു ആയിരുന്നു എയര്‍പോര്‍ട്ടില്‍. ഏറെപ്പേരും ഡെന്‍വറിലേയ്ക്ക്. ഡിസംബറില്‍ കൊളറാഡോയ്ക്ക് പോകുന്ന ആളുകള്‍ വളരെ അധികമാണ്. മഞ്ഞുപുതഞ്ഞ മലനിരകളുടെ ആകര്‍ഷണം!

ഹൂസ്റ്റണില്‍ നിന്ന് ലാസ്വേഗാസിലേക്കായിരുന്നു ആദ്യത്തെ ഫ്‌ലൈറ്റ്. ബ്രേക്ഫാസ്‌റ് വാങ്ങാന്‍ അല്‍പ്പംനിന്നതാണ്, ഒരിത്തിരി താമസിച്ചു. ഓടിച്ചെന്ന് കയറുകയും ഗേറ്റ് അടച്ചതും ഒരുമിച്ച്! എത്ര യാത്രകള്‍ചെയ്താലും ഓരോ തവണ ഫ്‌ലൈറ്റ് പറന്നു പൊങ്ങുമ്പോഴും ഒരേ തോന്നലാണ് മനസ്സില്‍. ആവേശം, പരിഭ്രമം, പേടി.. ഇതെല്ലാം ഒരുമിച്ചുള്ള ഒരു ഫീലിംഗ്. 

രണ്ടുമണിക്കൂര്‍ ഇരുപത്തിയെട്ട് മിനിട്ട്. ഒന്ന് ഉറങ്ങാന്‍ സമയമുണ്ട്. പക്ഷേ അധികം താമസിയാതെ രണ്ടുവശത്തുനിന്നും കുഞ്ഞിത്തലകള്‍ തോളിലേക്ക് ചാഞ്ഞു. അവരുടെ ഉറക്കത്തിന് തടസ്സം വരാതെ ഞാനും ഒരുറക്കത്തിലേക്ക് കണ്ണടച്ചു.  Also Read : കാറ്റ്, ജലം, ദ്വീപ്

ചൂതുകളിക്ക് പേരുകേട്ട സ്ഥലമാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം. അതിന്റെ ഒരു ഭാഗം എയര്‍പോര്‍ട്ടിലും കാണാനുണ്ടായിരുന്നു. നിറയെ മെഷീനുകളുണ്ട്. പണം വെച്ച് പണം വാരാന്‍ അതിന് മുന്‍പില്‍ കാത്തിരിക്കുന്ന ഏറെപ്പേരുണ്ടായിരുന്നു ചുറ്റും. ഡെന്‍വറിലേക്കുള്ള ഫ്‌ലൈറ്റ് പുറപ്പെടാന്‍ ഇനിയുമുണ്ട് രണ്ട് മണിക്കൂറോളം. കാത്തിരുന്ന് മടുപ്പായ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാകാന്‍ തുടങ്ങി. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ബോര്‍ഡിങ് തുടങ്ങി. 

ഫ്‌ലൈറ്റില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. അത് കൊണ്ട് സുഖകരമായ ഒരുറക്കം നടന്നു. ഇടയ്ക്ക് കണ്ണുതുറക്കുമ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ പറക്കുകയാണ്. ഇടയ്ക്ക് താഴെ തെളിയുന്ന മലനിരകള്‍, തടാകങ്ങള്‍. 'അടുത്ത ഇരുപത് മിനിറ്റുകള്‍ക്കുള്ളില്‍ ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ തുടങ്ങും. എല്ലാവരും ദയവുചെയ്ത് അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക' പൈലറ്റ് അനൗണ്‍സ് ചെയ്തു. താഴെ മനോഹരമായ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. ഓരോ വീക്ഷണകോണില്‍ നിന്നും പ്രകൃതിക്ക് ഓരോ സൗന്ദര്യം!

ഫ്‌ലൈറ്റ് ഇറങ്ങി അടുത്ത പടി ലഗേജ് എടുക്കുകയാണ്. അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും കൃത്യസമയത്ത് തന്നെ പുറത്തെ ഗേറ്റില്‍ എത്താന്‍ പറ്റി. നേരത്തെ ബുക്ക് ചെയ്തിരുന്ന ടാക്‌സി  ഡ്രൈവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

പറഞ്ഞു കേട്ട കൊളറാഡോ ആയിരുന്നില്ല ഫ്‌ലൈറ്റ് ഇറങ്ങിയപ്പോള്‍ കണ്ടത്. ഡിസംബറില്‍ തണുത്തുവിറക്കും എന്ന് പറഞ്ഞ് ഇട്ടിരുന്ന ചൂട് വസ്ത്രങ്ങള്‍ അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങി. അതറിഞ്ഞാവണം ഡ്രൈവര്‍ മൂസാസ് AC  കൂട്ടിയിട്ടു. 

 

സ്വപ്നം പോലൊരു യാത്രയായിരുന്നു അത്. ഒരു സ്വപ്നത്തിലേക്ക് നടക്കും പോലെ. മഞ്ഞിന്‍പുതപ്പണിഞ്ഞ മലകളിലേക്ക്. ചെരിഞ്ഞും വളഞ്ഞും, മലകളിറങ്ങിയും കുന്നുകള്‍ കയറിയും വണ്ടി നിശ്ചിത വേഗത്തില്‍ ഓടിക്കൊണ്ടേയിരുന്നു. പിന്‍സീറ്റില്‍ കുഞ്ഞുങ്ങള്‍ ഒരുറക്കത്തിലേക്ക് മെല്ലെ ചാഞ്ഞു. 

ഇതെന്താ മഞ്ഞൊന്നും കാണുന്നില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് 'ഈ വര്‍ഷം ഇതുവരെ മഞ്ഞു വീണില്ല' എന്നൊരു മറുപടിയാണ് കിട്ടിയത്. 

എന്റെ മങ്ങിയ മുഖം കണ്ടാവണം  അയാള്‍ കൂട്ടിച്ചേര്‍ത്തു. 'ഇത് സിറ്റിയല്ലേ, കുന്നിന് മുകളില്‍ മഞ്ഞു വീഴും' 

മഞ്ഞ് ഇല്ല എന്ന് കേട്ട് ഉണര്‍ന്നിരുന്ന കുഞ്ഞിയും സങ്കടത്തിലായി. 

വളവുകള്‍ തിരിഞ്ഞ് വണ്ടി ഓടിക്കൊണ്ടിരുന്നു. വെളുപ്പിനെ എഴുന്നേറ്റ ക്ഷീണം കാരണം ഞാനും സീറ്റിലേക്ക്ചാഞ്ഞ് മയക്കത്തിലായി. 

വണ്ടി ഉലഞ്ഞെന്നപോലെ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ഞെട്ടിയുണരുന്നത്. മരങ്ങള്‍ക്കിടയില്‍നിന്ന് റോഡിലേക്ക് ചാടിയ ഒരു മാന്‍ തലയുയര്‍ത്തി ചുറ്റുപാടും നോക്കിയശേഷം കാട്ടിലേക്ക് തന്നെ ഓടിമറഞ്ഞു. ചുറ്റും നോക്കിയ ഞാന്‍ കണ്ടത് മനോഹരമായ കാഴ്ചയായിരുന്നു. കണ്‍മുന്‍പില്‍ മഞ്ഞുപുതഞ്ഞ് നില്‍ക്കുന്ന പൈന്‍ മരങ്ങള്‍! മലകളെ പൊതിഞ്ഞ് മഞ്ഞിന്‍പുതപ്പ്. 

'നുണപറഞ്ഞല്ലേ മൂസാസ്' എന്നൊരു നോട്ടം കണ്ട് മൂസാസ് ചിരിച്ചു. 'നമ്മള്‍ മലയുടെ മുകളില്‍ എത്തിയിരിക്കുന്നു. ഇവിടെ മഞ്ഞുവീഴുന്നുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്.'

അതെ, സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു.

വണ്ടി വീണ്ടും ഓടിക്കൊണ്ടേയിരുന്നു. മലയുടെ ചെരിവുകളില്‍ അവിടവിടെയായി കാണുന്ന അവധിക്കാലവസതികള്‍, ഒന്നോ രണ്ടോ ചെറിയ കടകള്‍ ഇവയൊഴിച്ചാല്‍ മഞ്ഞും മരങ്ങളും മാത്രം. നാഗരികതയില്‍ നിന്നും ഞങ്ങള്‍ ഏറെ അകലത്തിലായിരിക്കുന്നു. ഒന്നരമണിക്കൂര്‍ എടുത്തു ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തെത്താന്‍. Also Read : ഋഷികേശ്: ഭക്തിയും യുക്തിയും ഒരു പോലെ വന്നുതൊടുന്ന ഒരിടം!

റിസപ്ഷനില്‍ ആരുമില്ല. ഡോര്‍ തുറക്കാനുള്ള നമ്പര്‍ നേരത്തെ ഇമെയില്‍ അയച്ചിട്ടുണ്ടായിരുന്നു. 'ഞാന്‍ തുറക്കാം.. അല്ല ഞാന്‍' എന്നുള്ള പിടിവലികള്‍ക്കിടയില്‍ ഡോര്‍ തുറന്ന് ഞങ്ങള്‍ അകത്ത് കയറി. മനോഹരമായി ഫര്‍ണിഷ് ചെയ്ത രണ്ടു ബെഡ്‌റൂമിന്റെ അപാര്‍ട്‌മെന്റ്. എല്ലാ സാധനങ്ങളും വൃത്തിയായും ഭംഗിയായും ഒരുക്കിയിരിക്കുന്നു. മൂന്ന് ദിവസം കഴിയുമ്പോള്‍ ഇതിന്റെ കോലം എന്തായിരിക്കുംഎന്ന് ഒരു നിമിഷം ഞാനോര്‍ത്തു. 

പെട്ടികള്‍ ഒക്കെ വെച്ചശേഷം പുറത്തിറങ്ങി. അഞ്ചു മണിയായതേയുള്ളു, പക്ഷേ നേരത്തെ തന്നെ രാത്രിയായിരിക്കുന്നു. മരങ്ങളില്‍ നിറയെ പ്രകാശിച്ചു നില്‍ക്കുന്ന വൈദ്യുത ദീപങ്ങള്‍. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങള്‍ എല്ലായിടവുമുണ്ട്. മഞ്ഞിന്റെ വെളുപ്പും വര്‍ണ്ണവിളക്കുകളുടെ തെളിച്ചവും ചേര്‍ന്നൊരു മായാജാലം. വഴിയില്‍ പലയിടത്തും തീ കൂട്ടിയിട്ടുണ്ട്. തിരികെ റൂമിലെത്തി 

യാത്രയുടെ ക്ഷീണത്തില്‍ ഒന്നുറങ്ങി. രാത്രിയില്‍ എപ്പോഴോ ഉറക്കമുണര്‍ന്നു. അപരിചിതമായ സ്ഥലമായത്‌കൊണ്ടാവും ഉറക്കം പിണങ്ങി അകന്നത് പോലെ. ശ്രദ്ധിച്ചാല്‍ തടികൊണ്ടുണ്ടാക്കിയ ബാല്‍ക്കണിയില്‍ മഞ്ഞുവീഴുന്ന ശബ്ദം കേള്‍ക്കാം. പതിയെ...നേര്‍ത്തൊരു താളത്തില്‍ തൂവല്‍ പൊഴിയുംപോലെ...

കുഞ്ഞുങ്ങള്‍ നല്ല ഉറക്കമാണ്. 

ഞാന്‍ പതിയെ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു. ഉടലാകെ പൊതിയുന്ന തണുപ്പിന്റെ ദീര്‍ഘചുംബനം. മുന്നില്‍ മഞ്ഞുപൊതിഞ്ഞ ഒരു മലയാണ്. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മരങ്ങളില്‍ നിറയെ ക്രിസ്തുമസ്സിന്റെ അലങ്കാരവിളക്കുകള്‍. ഇത്രയും ആഴമായൊരു നിശബ്ദത ഹൃദയത്തെതൊട്ടിട്ട് എത്ര കാലമായിട്ടുണ്ടാവും! ഒന്നും ചെയ്യാനില്ലാതെ ഇങ്ങനെ നിന്നിട്ട് എത്ര നാളുകള്‍ കഴിഞ്ഞിട്ടുണ്ടാവും! ആഴം ആഴത്തെ തൊടും പോലെ...ശാന്തത സൗമ്യതയെ പ്രണയിക്കും പോലെ അത്രയും ദീപ്തമായൊരു നിമിഷം.

മുറിയുടെ ഉള്ളിലെ സുഖകരമായ ചൂടിന്റെ പുതപ്പിലേക്ക് മടങ്ങാന്‍ ഒന്നാലോചിച്ചു. 

ഇല്ല, ഇനി ഇങ്ങനെയൊരു നിമിഷം ജീവിതത്തില്‍ ഇനിയുണ്ടാവുമോ? ഇത്രയും ശാന്തമായൊരു രാത്രി! ജാക്കറ്റിന്റെ ഹുഡ് തലയിലേക്ക്ഒന്നുകൂടി വലിച്ചിട്ട് അവിടെത്തന്നെ നിന്നു.  Also Read : 'മനോഹരമായ ഒരു വഴിത്താര നീളുന്നത്  എങ്ങോട്ടാണെന്ന് ചോദിക്കാതിരിക്കുക'

 

 

ഒരു സ്വപ്നത്തെ തൊടുകയാണ്. 

കടലോ, മലയോ, മഴയോ..അങ്ങനെ എന്തിനെയെങ്കിലും ഇതുപോലൊരു നിശബ്ദതയില്‍ തൊടാന്‍ ഉള്ളിലൊരു പക്ഷി എന്നോ കാത്തിരുന്നിട്ടുണ്ടാവണം. ഈ നിമിഷം, അതിനേക്കാള്‍ സാന്ദ്രമായി ചുറ്റും പൊഴിയുന്ന മഞ്ഞു മുത്തുകളെ ഞാന്‍ തൊടുകയാണ്. 

ആനന്ദം കൊണ്ട് അലിയുന്നൊരു നീര്‍ത്തുളളി പോലെ, അത്രയും ലാഘവമാര്‍ന്ന ശാന്തതയാണ് ചുറ്റും. ചുറ്റിലുമുള്ള മരങ്ങളില്‍ നിന്ന് ആരൊക്കെയോ എന്നെ നോക്കുംപോലെ തോന്നുന്നു. സൂക്ഷ്മരൂപികളായ മാലാഖമാര്‍ എനിക്ക് കാവല്‍ നില്‍ക്കുന്നുണ്ടാവണം. ചതുരപ്പെട്ടികള്‍ അടുക്കിവെച്ചതുപോലെ നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന ഹോട്ടല്‍ കെട്ടിടങ്ങള്‍. 

ചില ജനാലകളില്‍ മാത്രം വെളിച്ചമുണ്ട്. എന്നെപ്പോലെ ആത്മാവിനെത്തേടുന്ന ആരെങ്കിലും ഉണര്‍ന്നിരിക്കുന്നതാകാം. അല്ലെങ്കില്‍ രാത്രി ഏറെ വൈകി ഒരു വൈന്‍ ഗ്ലാസിന്റെ മുന്‍പില്‍ പ്രണയിനിയോട് സ്വകാര്യം പറയുന്നൊരാള്‍ ആവാം. ഞങ്ങള്‍ക്കിടയില്‍ പൊതുവായി ഒന്നു മാത്രമുണ്ട്, മഞ്ഞുപൊഴിയുന്ന ഈ രാത്രിയുടെ ശാന്തത.

അടുത്ത ദിവസം രാവിലെ തണുപ്പിലേക്കാണ് ഉണര്‍ന്നത്. റൂമില്‍ ഹീറ്റര്‍ ഉണ്ട്. പക്ഷേ ഒന്ന് വാതില്‍ തുറന്നതും തണുപ്പിന്റെ ആയിരം കൈകളുമായി കാറ്റ് അകത്തേക്ക് കടന്നു. 

കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി എല്ലാവരും തയ്യാറായി. ഇന്ന് മഞ്ഞില്‍ കളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ദിവസമാണ്. അതിന് മുന്‍പ് എന്തെങ്കിലും കഴിക്കാന്‍ വാങ്ങണം. ഫോണ്‍ ഇപ്പോഴും പിണക്കത്തിലാണ്. കുന്നിന്‍മുകളില്‍ എത്തിയതേ പരിധിക്ക് പുറത്തായി അത്! തൊട്ടുതാഴെ ബസ്സ്റ്റോപ്പുണ്ട്. ചുറ്റിലുമുള്ള സ്ഥലങ്ങളില്‍ എവിടെ വേണമെങ്കിലും പോകാം, ടിക്കറ്റില്ലാതെ. ഞങ്ങള്‍ ആദ്യം കണ്ട ബസില്‍ കയറി. കടയുടെ മുന്നില്‍ ഇറങ്ങുമ്പോള്‍ ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു 'അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തണം'  Also Read : ആരും റൊമാന്റിക്കാവും ഇവിടെ എത്തിയാല്‍!

പക്ഷേ എത്ര ശ്രമിച്ചിട്ടും സാധനങ്ങള്‍ വാങ്ങി എത്തിയപ്പോഴേയ്ക്കും ആ ബസ് കടന്നുപോയിരുന്നു. അടുത്ത ബസ് വരാന്‍ ഇനി അരമണിക്കൂര്‍ കാത്തിരിക്കണം. വെറുതെയാണ് ആ സമയത്ത് ഫോണിലേക്ക് നോക്കിയത്, സിഗ്‌നല്‍ കാണുന്നുണ്ട്! അത്യാവശ്യം ഫോണ്‍ വിളികളും മെസേജുകളുമായി ആ അരമണിക്കൂര്‍ കടന്നു പോയി. ഇന്നലെ അഞ്ചുമണിമുതല്‍ ഇന്ന് രാവിലെ ഒന്‍പത് മണി വരെ ഫോണില്ലാതെ ഞാന്‍ ജീവിച്ചു!

കുഞ്ഞുങ്ങള്‍ക്കായിരുന്നു ഏറെ മാറ്റം. സ്‌കൂള്‍ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ഒഴിവുകളും ലഭിക്കാത്ത അവര്‍ രണ്ടുദിവസം അവധിയെടുത്ത് വന്നിരിക്കുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സന്ദര്‍ഭം. ഒരു മലഞ്ചെരിവിലെ ബസ്റ്റോപ്പില്‍ ബസിനായുള്ള കാത്തിരിപ്പ്. മരങ്ങള്‍ക്കിടയില്‍നിന്ന് ഇടയ്ക്കിടെ റോഡിലേക്ക് വരുന്ന ഒരു മാന്‍. തലയുയര്‍ത്തി എല്ലാവരെയും ഒന്ന് നോക്കിയിട്ട് അത് ഓടിമറയുന്നു. പരിഭ്രമിച്ച് ഒളിക്കാനൊരിടം തേടിയെന്നപോലെ മരത്തിലേക്ക് പാഞ്ഞുകയറുന്ന അണ്ണാറക്കണ്ണന്‍. കുഞ്ഞുങ്ങള്‍ വിലക്കുകളില്ലാതെ ആര്‍ത്തുചിരിക്കുന്നു. 

കമ്പ്യൂട്ടര്‍ ഇല്ല, ഇഷ്ടമുള്ള ടി വി ഷോ കാണാന്‍ പറ്റുന്നില്ല എന്നൊക്കെയുള്ള പരാതികള്‍ ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും നിരസിക്കാന്‍ വയ്യാത്തൊരു ശാന്തത പതിയെ അവരെയും  പൊതിയാന്‍തുടങ്ങി. തമ്മില്‍ കണ്ടാല്‍ ഗുസ്തി പിടിക്കുന്ന കുഞ്ഞുങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചും മടിയില്‍ കിടന്നും കളികളിലേര്‍പ്പെട്ടു. മോളായിരുന്നു ഭക്ഷണത്തിന്റെ ഇന്‍ ചാര്‍ജ്. അവളും കുഞ്ഞിയും കൂടി പാചകപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. ഒന്‍പത് വയസ്സുകാരിയുടെ പാചകകലയില്‍ വിരിഞ്ഞ സ്‌നാക്‌സ് എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിച്ചപ്പോള്‍ അവളുടെ മുഖത്ത് ലോകം കീഴടക്കിയ സംതൃപ്തി. ആ ഒരൊറ്റ നിമിഷത്തിന്റെ സന്തോഷത്തില്‍ താനൊരു ഷെഫ് ആകുമെന്ന് അവള്‍ തീരുമാനിച്ചു.  Also Read : നാഗസാക്കിക്കു പകരം അണുബോംബിടാന്‍ തീരുമാനിക്കപ്പെട്ടത്  ഈ നഗരമായിരുന്നു, എന്നിട്ടുമത് രക്ഷപ്പെട്ടു!

അടുത്ത രണ്ടുദിവസങ്ങളില്‍ മഞ്ഞില്‍ നടത്തവും സ്‌നോ ട്യൂബിങ്ങും ഒക്കെയായി സമയം ചിലവഴിച്ചു. ഇത്രയും ഉയരം കൂടിയ സ്ഥലമായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്ക് ചെറുതായി ശ്വാസതടസ്സം വരുന്നുണ്ടായിരുന്നു. നടക്കുമ്പോള്‍ പെട്ടെന്ന് മടുത്തു പോയി എല്ലാവരും. അത്‌കൊണ്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സ്‌കീയിങ് പിന്നൊരിക്കലാകാം എന്ന് അവര്‍തന്നെ പറഞ്ഞു. എങ്കിലും ഓരോ നിമിഷവും മാക്‌സിമം സന്തോഷത്തിലായിരുന്നു എല്ലാവരും. തിരികെ സ്‌കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാരോട് പറയാനുള്ള വിശേഷങ്ങള്‍ ഒരു ബുക്കില്‍ കുറിക്കുന്നുണ്ടായിരുന്നു കുഞ്ഞി. 

അഞ്ചാം തീയതി രാവിലെ തിരികെ പോരുകയാണ്. അങ്ങോട്ട് പോയ ഉത്സാഹം ആര്‍ക്കുമില്ല. പാക്കിങ് ഒക്കെ അമ്മയ്ക്ക് വേണമെങ്കില്‍ ആയിക്കോ എന്ന മട്ട്. പാതിയുറങ്ങിയും ഇനിയും കണ്ടുതീരാത്ത സ്വപ്നങ്ങളെ കൂട്ടിന് വിളിച്ചും ഒരു രാത്രി കൂടി. രാത്രിയില്‍ പലതവണ ഉണര്‍ന്ന് പുറത്തെ കാഴ്ചകള്‍ കണ്ടു. നോക്കുംതോറും പ്രകൃതി മനോഹാരിയാകും പോലെ. 

അങ്ങനെ കിടക്കുമ്പോള്‍ തോന്നി, തനിയെ ഒന്ന് പുറത്ത് പോയാലോ! രാത്രി പതിനൊന്നു മണി. ഒന്നുകൂടി ചിന്തിക്കാന്‍ മനസ്സിന് സമയം കൊടുക്കാതെ ജാക്കറ്റും സ്‌നോ ഷൂസും ഇട്ട് ശബ്ദംകേള്‍പ്പിക്കാതെ വാതില്‍ തുറന്ന് വെളിയിലിറങ്ങി. തൊട്ടുമുന്നിലാണ് മാര്‍ക്കറ്റ്. 

രാത്രി വൈകിയും തുറന്നിരിക്കുന്ന സ്റ്റാര്‍ബക്‌സില്‍ നിന്ന് ഒരു കോഫി വാങ്ങി അവിടെയുള്ള ഫയര്‍ പ്ലേസിന്റെ മുന്നിലിരുന്നു. സ്‌കീയിങ് ഏരിയ നിരപ്പാക്കുന്ന ഗ്രൂമിങ് മെഷീന്‍ നേര്‍ത്ത മുരളലോടെ ചലിക്കുന്നുണ്ട്. തീയുടെ ചൂടുപറ്റി ഞാനിരുന്നു. അപ്പോഴും തുറന്നിരിക്കുന്ന കടകളില്‍ വിരളമായി കാണുന്ന ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ ചുറ്റിലും വിജനമാണ്. 

ഏറ്റവും ശാന്തമായ മനസ്സോടെ ആ തടിബെഞ്ചിലിരിക്കുന്ന നേരം എന്റെയരികില്‍ ആരോ ഒരാള്‍ വന്നിരുന്നു.

അയഞ്ഞ കാക്കിനിറമുള്ള പാന്റും മുട്ടൊപ്പം എത്തുന്ന ബൂട്ടും ധരിച്ചിട്ടുണ്ട്. തലയില്‍ പിന്നോട്ട് തിരിച്ചുവെച്ച തൊപ്പി. ഒന്നും മിണ്ടാതെ അയാള്‍ കയ്യിലിരുന്ന വയലിനിലില്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി. എക്കാലത്തെയും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഗാനങ്ങളിലൊന്നായ 'സൈലന്റ് നൈറ്റ്.' 

ഇതിന് മുന്‍പൊരിക്കലും അത്രയും മനോഹരമായി ഞാന്‍ ആ പാട്ട് ആസ്വദിച്ചിട്ടില്ല. ഇനിയൊരിക്കലും കണ്ണുനിറയാതെ ആ പാട്ട് കേള്‍ക്കാനും എനിക്ക് കഴിയില്ല.

 

 

 

 

തീനാളങ്ങള്‍ പകര്‍ന്ന വെളിച്ചത്തില്‍ എന്റെ കണ്ണുകള്‍ തിളങ്ങിയത് കണ്ടാവണം, പാട്ട്കഴിഞ്ഞതും തൊപ്പിയൂരി അയാള്‍ എന്നെ വണങ്ങി. പിന്നെ തോളില്‍ തട്ടി ശുഭരാത്രി ആശംസിച്ച് നടന്നുപോയി. ആരെന്നോ എന്തെന്നോ അറിയാത്ത ഒരപരിചിതന്‍ മനസ്സിലേക്ക് കുടഞ്ഞിട്ട ശാന്തരാത്രിയുടെ നേര്‍ത്ത അലകള്‍ ചുറ്റിലും തങ്ങിനില്‍ക്കുന്നു. 

തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ ആനന്ദത്താല്‍ നിറഞ്ഞൊരു അപ്പൂപ്പന്‍താടിയായിരുന്നു ഞാന്‍. 

ആരോടൊക്കെയോ സംസാരിക്കണമെന്ന് തോന്നി. പക്ഷേ മിണ്ടിയാല്‍ ഈ ആനന്ദം തീര്‍ന്നു പോകുമോ എന്നൊരു ബാലിശമായ ചിന്തയില്‍ ആ ആഗ്രഹത്തെ അടക്കി മഞ്ഞിലൂടെ ഞാന്‍ നടന്നു. 

പിറ്റേന്ന് വെളുപ്പിന് അഞ്ചുമണിയായപ്പോള്‍ തിരികെ പോകാനുള്ള വണ്ടിയെത്തി. എയര്‍പോര്‍ട്ടിലേക്ക് തിരികെയുള്ള യാത്രയില്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. സാവധാനം കുഞ്ഞുങ്ങള്‍ ഉറക്കത്തിലാണ്ടു. വണ്ടി കുന്നിറങ്ങുമ്പോള്‍ ഡ്രൈവര്‍ കൊളറാഡോയെക്കുറിച്ച് താഴ്ന്ന സ്വരത്തില്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. 

മലകളാല്‍ ചുറ്റപ്പെട്ട സംസ്ഥാനം. മഞ്ഞുമൂടിയ മലകളും, വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടുകളും, നദികളും, തടാകങ്ങളും, മരുഭൂമികളും ഒക്കെ നിറഞ്ഞ ഭൂപ്രകൃതി. മഞ്ഞു പുതഞ്ഞ റോഡുകള്‍, ഗതാഗത നിയമങ്ങള്‍ അനുസരിക്കാന്‍ മടിയുള്ള ഡ്രൈവര്‍മാര്‍ എന്നിവമൂലം യാത്ര ചിലപ്പോഴൊക്കെ അപകടകരമാവാറുണ്ട്. Also Read : രാജകുമാരന്മാരുടെ ദ്വീപില്‍

ജീവിതച്ചിലവ് താരതമ്യേന കൂടുതലാണ്. വര്‍ഷം മുഴുവന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കവിധം വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇവിടെ. സ്‌കീയിങ്, സ്‌നോ ട്യൂബിങ്, സ്‌നോ മൊബൈല്‍, ഡോഗ് സ്ലെഡ് എന്നിങ്ങനെ വിവിധങ്ങളായ വിനോദോപാധികള്‍. മഞ്ഞുറഞ്ഞ തടാകങ്ങളില്‍നടത്തുന്ന ഐസ് ഫിഷിങ് ഏറെപ്പേരെ ആകര്‍ഷിക്കുന്നു. വേനല്‍ ആയാല്‍ മലകളിലേക്ക് കാല്‍നടയായുള്ളസഞ്ചാരം, വേട്ടയാടല്‍ എന്നിവയാണ് പ്രധാനം.

ഡ്രൈവര്‍ കാര്‍ലോസ് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഉറക്കം എന്റെ കണ്‍പോളകളെ പതിയെ അടച്ചു തുടങ്ങി. കാര്‍ലോസ് സംസാരം നിര്‍ത്തി ഡ്രൈവിങ്ങില്‍ മുഴുവന്‍ ശ്രദ്ധയും കൊടുത്തു. അയാള്‍ പറഞ്ഞ കാര്യങ്ങളൊക്കെയും ഏതെങ്കിലും പുസ്തകത്തില്‍നിന്നോ ഇന്റര്‍നെറ്റില്‍നിന്നോ എനിക്ക് കണ്ടുപിടിക്കാവുന്നതേയുള്ളു. പക്ഷേ അയാള്‍ പറയാത്ത, അറിയാത്ത കൊളറാഡോയുടെ ഒരു നനുത്തതേന്‍കണം എന്റെ മനസ്സിലുണ്ട്. ഉള്ളിലെ പക്ഷി അത്രയും മനോഹരമായി ചിറകു കുടഞ്ഞ സുന്ദരനിമിഷം! പൊടിമഞ്ഞു കൈകളില്‍ വാരിയ നിമിഷം. മനസ്സിന്റെ ഭാരമില്ലായ്മ അറിഞ്ഞ നിമിഷം. തണുത്ത കാറ്റ് കവിളില്‍ ചുംബിച്ച നിമിഷം! 

ഈ മലകളിറങ്ങുമ്പോള്‍, അപരിചിതനായ ഒരാള്‍ എനിക്കായി മീട്ടിയ ഒരീണം നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ്. 'ശാന്തരാത്രി' കേട്ട ഏറ്റവും ശാന്തമായൊരു രാത്രി ഒരു തൂവല്‍ പോലെ എന്നെ തൊടുന്നു. 

ഇനി എന്നെങ്കിലും ഈ മഞ്ഞിന്‍തണുപ്പ് തേടി വരുമോയെന്നറിയില്ല. എങ്കിലും പിന്നില്‍ അവശേഷിപ്പിച്ചു പോന്ന കാല്‍പ്പാടുകള്‍ തിരിച്ചുവിളിച്ചുകൊണ്ടേയിരിക്കും. നാഗരികത എന്നെ മറ്റൊരാളാക്കി മാറ്റുമ്പോള്‍ ഉള്ളിലൊരു പക്ഷി ചിറകു കുടയും. 

ദൂരെ ദൂരെ...മലകള്‍ക്കപ്പുറത്ത്, സ്വപ്നം പോലൊരു കുന്നിന്‍ചെരിവും നരച്ചമേല്‍ക്കൂരയുള്ള അവധിക്കാല വസതിയും എന്നെ കാത്തിരിക്കും. അന്ന് ഒരുപക്ഷേ ഒരിക്കല്‍ക്കൂടി...ആര്‍ക്കറിയാം!


 

click me!