പൂവന്‍കോഴിക്ക് ചുറ്റുമായി അവിവാഹിതരായ യുവതികള്‍ വട്ടത്തില്‍ ഇരിക്കുന്നു. എല്ലാവരുടെയും മുന്‍വശത്തായി ഓരോ ചോളവും വെച്ചിട്ടുണ്ടാവും.
പാട്ടും മേളവും പാര്‍ട്ടികളും പാപ്പാഞ്ഞിയെ കത്തിക്കലും ഒക്കെയായി ആവേശപൂര്‍വം 2023-നെ നമ്മള്‍ വരവേറ്റു കഴിഞ്ഞു. പുതുവര്‍ഷപ്പിറവി ലോകമെമ്പാടുമുള്ള ജനതയ്ക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ്. ഓരോ രാജ്യങ്ങളും വ്യത്യസ്തമായ രീതിയിലാണ് പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്യുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നതാണ് നമ്മുടെ നാട്ടില്‍ സാധാരണയായി പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യത്യസ്തമായ ചടങ്ങ്. സമാനമായ രീതിയില്‍ ഓരോ രാജ്യവും വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.
കടല്‍ തിരകള്‍ക്ക് മുകളിലൂടെ ചാടി ബ്രസീല്‍
undefined
പോയ വര്‍ഷത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്കെല്ലാം ക്ഷമാപണം നടത്തി തെറ്റുകള്‍ തിരുത്തിയുള്ള പുതിയൊരു തുടക്കമാണ് ബ്രസീലുകാര്‍ക്ക് ഓരോ പുതുവര്‍ഷവും. അതുകൊണ്ടുതന്നെ പുതുവര്‍ഷ ആഘോഷവേളയില്‍ ബ്രസീല്‍ ജനത പൊതുവില്‍ ധരിക്കുന്നത് വെള്ള നിറമുള്ള വസ്ത്രങ്ങള്‍ ആയിരിക്കും. സകല തിന്മയുടെ ശക്തികളെയും ഇതുവഴി അകറ്റാന്‍ സാധിക്കും എന്നാണ് ബ്രസീലുകാരുടെ വിശ്വാസം. ഇതു കൂടാതെ ന്യൂ ഇയര്‍ ആഘോഷവേളയില്‍ ബീച്ചുകളില്‍ എത്തി തിരമാലകള്‍ക്ക് മുകളിലൂടെ ഏഴു പ്രാവശ്യം ചാടി കടക്കുന്ന പതിവും ഇവിടെയുണ്ട്. ഈ സമയത്ത് മനസ്സില്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യങ്ങള്‍ സാധിച്ചു കിട്ടും എന്നാണ് ഇവരുടെ വിശ്വാസം. അതുപോലെ കടലിലേക്ക് പുഷ്പങ്ങള്‍ അറിയുന്ന ചടങ്ങും ഇവിടെ പ്രചാരത്തിലുണ്ട്.
സ്യൂട്ട് കേസുമായി പുതുവര്‍ഷം ആഘോഷിച്ച് കൊളംബിയ
ഓരോ പുതുവര്‍ഷവും കൊളംബിയക്കാരെ സംബന്ധിച്ചിടത്തോളം പുതിയ പ്രതീക്ഷകളുടെ വര്‍ഷം കൂടിയാണ്. വരാന്‍ പോകുന്നത് ഒരു വലിയ യാത്രയുടെ തുടക്കം ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട് പുതുവര്‍ഷം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കൈവശം ഒരു സ്യൂട്ട് കേസ് കൂടി കരുതുന്നു. വലിയൊരു യാത്രയുടെ തുടക്കത്തെ അനുസ്മരിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ അതില്‍ പണം കരുതുന്നതും ഇവരുടെ പതിവാണ്. അത് ഈ വര്‍ഷക്കാലം മുഴുവന്‍ കൂടുതല്‍ സമ്പാദ്യം ലഭിക്കുന്നതിന് കാരണമാകും എന്നാണ് ഇവര്‍ കരുതുന്നത്. അന്നേദിവസം പയര്‍ കൈവശം കരുതുന്നവരും കുറവല്ല.അത് സമ്പത്തും ഭാഗ്യവും കൊണ്ടുവന്ന് തരുമെന്നാണ് ഇവരുടെ വിശ്വാസം.
ബൊലാറസില്‍ താരം പൂവന്‍കോഴി
പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് ഏറെ വിചിത്രമായ മറ്റൊരു ആചാരം ബൊലാറസില്‍ ഉണ്ട് . പൂവന്‍കോഴിയാണ് അന്നേദിവസം ഇവിടുത്തെ പ്രധാന താരം. ഒരു പൂവന്‍കോഴിക്ക് ചുറ്റുമായി അവിവാഹിതരായ യുവതികള്‍ വട്ടത്തില്‍ ഇരിക്കുന്നു. എല്ലാവരുടെയും മുന്‍വശത്തായി ഓരോ ചോളവും വെച്ചിട്ടുണ്ടാവും. അതില്‍ ആരുടെ ചോളം ആണോ പൂവന്‍കോഴി ആദ്യം കൊത്തുന്നത് അവരുടെ വിവാഹം ആദ്യം നടക്കും എന്നാണ് ഇവരുടെ വിശ്വാസം.
സ്‌പെയിന്‍കാരും മുന്തിരിങ്ങയും
പുതുവര്‍ഷ പിറവിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള 12 മണികള്‍ ക്ലോക്കില്‍ അടിക്കുമ്പോള്‍ സ്‌പെയിനിലെ ജനത ഓരോ മണികള്‍ക്കും ഒപ്പം ഓരോ മുന്തിരിങ്ങ കൂടി കഴിക്കും. വരാനിരിക്കുന്ന 12 മാസവും സമ്പല്‍സമൃദ്ധം ആകാനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.
വീടും പരിസരവും വൃത്തിയാക്കി ചൈനക്കാര്‍
പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ചൈനയില്‍ നടക്കുന്ന ഒരു പ്രധാന ചടങ്ങ് വീടും പരിസരവും വൃത്തിയാക്കലാണ്. ഇങ്ങനെ വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന മാലിന്യം ഇവര്‍ പിന്‍ വാതിലിലൂടെ കളയും . പോയ വര്‍ഷത്തിന്റെ എല്ലാ കുറവുകളും പരിഹരിച്ച് പുതുവര്‍ഷം പിറക്കുമെന്നാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവര്‍ വിശ്വസിക്കുന്നത്.
മരിച്ചവര്‍ക്ക് ഭക്ഷണം വിളമ്പി ചിലി
പുതുവര്‍ഷത്തില്‍ മരിച്ചവരെ ഓര്‍മിക്കുന്നതാണ് ചിലിയുടെ പുതുവര്‍ഷാഘോഷത്തിലെ പ്രധാന ചടങ്ങ്. ഇതുമായി ബന്ധപ്പെട്ട് ഓരോ പുതുവര്‍ഷപ്പിറവിയിലും ഇവര്‍ മരിച്ചവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയും സെമിത്തേരികളില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു.
12 തവണ ഭക്ഷണം കഴിച്ച് എസ്റ്റോണിയക്കാര്‍
ഭക്ഷണം കഴിച്ചുകൊണ്ട് പുതുവര്‍ഷത്തെ സ്വീകരിക്കുന്ന രാജ്യമാണ് എസ്റ്റോണിയ. ഓരോ പുതുവര്‍ഷ പിറവിയിലും ഇവര്‍ 12 തവണ ഭക്ഷണം കഴിക്കും. 12 മാസങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. ഇതിലൂടെ വരാനിരിക്കുന്ന 12 മാസങ്ങള്‍ സമ്പല്‍സമൃദ്ധം ആകും എന്നാണ് ഇവരുടെ വിശ്വാസം.
അയല്‍ക്കാര്‍ക്ക് നേരെ പാത്രങ്ങളെറിഞ്ഞു ഡെന്മാര്‍ക്ക്
ഏറെ വിചിത്രമാണ് ഡെന്മാര്‍ക്കിലെ പുതുവര്‍ഷം ആഘോഷം. പുതുവര്‍ഷപ്പിറവിയില്‍ പാത്രങ്ങള്‍ പൊട്ടിക്കുന്നതും അത് അയല്‍ വീടുകള്‍ക്ക് നേരെ എറിയുന്നതുമാണ് ഇവരുടെ പ്രധാന ചടങ്ങ്. ഇത് കൂടാതെ പൊട്ടിയ പാത്രങ്ങള്‍ ഒരു വര്‍ഷക്കാലം മുഴുവന്‍ വീട്ടില്‍ സൂക്ഷിച്ചു വെച്ച് അത് പുതുവര്‍ഷ ദിനത്തില്‍ അയല്‍ വീടുകള്‍ക്ക് നേരെ എറിയുന്നതും ഇവരുടെ പതിവാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ദുരാത്മാക്കളെ ഓടിക്കാം എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.